Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

4 വർഷം, 2063 കോടി രൂപ; പട്ടേൽ പ്രതിമ രാജ്യത്തിനു സമർപ്പിക്കാൻ മോദി

statue-of-unity-gujarat

കൊച്ചി ∙ ഗുജറാത്തിലെ നർമദ നദിയിൽ സർദാർ സരോവർ അണക്കെട്ടിനു സമീപത്തെ സാധുബേട് ദ്വീപിൽ പണിത സർദാർ വല്ലഭ്ഭായ് പട്ടേൽ പ്രതിമ 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കുമെന്ന് ഗുജറാത്ത് സാമൂഹ്യക്ഷേമ മന്ത്രി വസൻഭായി ആഹിർ. ലോകത്തെ ഏറ്റവും വലിപ്പമേറിയതും നീളമേറിയതുമായ 'സ്റ്റാച്യു ഓഫ് യൂണിറ്റി' പ്രതിമ സ്വാതന്ത്ര്യ സമരഭടന്മാർക്കുള്ള ആദരവാണ്. ഇന്ത്യയുടെ വലിയ ആകർഷണ കേന്ദ്രമായി ഭാവിയിൽ ഇതു മാറുമെന്നും അദ്ദേഹം പറഞ്ഞു.

നവംബർ 1 മുതൽ 30 വരെ ലോകോത്തര നിലവാരമുള്ള സർദാർ പട്ടേൽ മ്യൂസിയവും സന്ദർശകർക്കായി തുറന്നു കൊടുക്കും. കേരളത്തിലെ എല്ലാ ജനങ്ങളെയും മ്യൂസിയത്തിലേക്കു ക്ഷണിക്കുന്നതായി മന്ത്രി പറഞ്ഞു. ഗുജറാത്ത് സർക്കാരിന്റെ പ്രതിനിധിയായി കേരളത്തിൽ എത്തിയതായിരുന്നു വസൻഭായി. കേരളത്തിന് മികച്ച വിപണന സാധ്യത ഉള്ള സ്ഥലം കൂടിയാണിത്. കേരളത്തിന്റെ കരകൗശല വസ്തുക്കൾ വിറ്റഴിക്കാനും തനതായ ഉത്പന്നങ്ങൾക്കു മികച്ച വിപണനസാധ്യത കണ്ടെത്താനും ആവശ്യമായ സഹായം നൽകും.

ഇക്കാര്യം ചൂണ്ടിക്കാട്ടി കേരള മുഖ്യമന്ത്രിക്ക് ഗുജറാത്ത് മുഖ്യമന്ത്രി കത്തെഴുതിയിട്ടുണ്ട്. കേരള ഹൗസ് സ്ഥാപിക്കാനും കേരളത്തിനു സാംസ്‌കാരിക, കലാ കേന്ദ്രം സ്ഥാപിക്കാനും ആവശ്യമെങ്കിൽ സ്ഥലം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് എംപിമാരായ ദീപ്‌സിങ് റാത്തോഡ്, പ്രഭാത് സിങ് ചൗഹാൻ, എംഎൽഎമാരായ ശശികാന്ത് പന്ത്യ, അരവിന്ദഭായി പട്ടേൽ, രത്തൻസിങ് റാത്തോഡ്, നരേഷ്ഭായി പട്ടേൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.

സ്റ്റാച്യൂ ഓഫ് യൂണിറ്റി

∙ ഉയരം 182 മീറ്റർ
∙ ചെലവ് 2063 കോടി
∙ നിർമാണം പൂർത്തിയാകാൻ 4 വർഷം
∙ മേൽനോട്ടച്ചുമതല: സർദാർ വല്ലഭ്ഭായി പട്ടേൽ രാഷ്ട്രീയ ഏക്താ ട്രസ്റ്റ് സൊസൈറ്റി
∙ ആകർഷണങ്ങൾ: പട്ടേൽ സ്മാരക പൂന്തോട്ടം, സാധു ദ്വീപും നർമദാ നദിക്കരയുമായി ബന്ധപ്പെടുത്തുന്ന പാലം, മ്യൂസിയം, 5 കിലോമീറ്റർ റോഡ്, ഭരണ നിർവഹണ കേന്ദ്രം
∙ പ്രതിമയ്ക്കുള്ളിൽ നിരവധി ഓഫീസുകൾ
∙ പ്രതിമയ്ക്കുള്ളിലൂടെയുള്ള ലിഫ്റ്റിൽ ഹൃദയഭാഗത്ത് എത്തിയാൽ കാഴ്ചകൾ കാണാൻ വിശാലമായ ഗ്യാലറി
∙ 200 പേർക്ക് ഒരേ സമയം ഗ്യാലറിയിൽ നിൽക്കാം
∙ ഏറ്റവും മികച്ച അണ്ടർ വാട്ടർ അക്വേറിയം
∙ ന്യൂയോർക്കിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ രണ്ടിരട്ടി വലിപ്പം
∙ ഉപയോഗിച്ചത് 70,000 ടൺ സിമന്റ്, 6000 ടൺ സ്റ്റീൽ.