Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: കോടതിക്കുള്ള റിപ്പോർട്ടിൽ തീരുമാനം നാളെയെന്ന് എ.പത്മകുമാർ

a-padmakumar-sabarimala എ.പത്മകുമാർ

തിരുവനന്തപുരം ∙ ശബരിമല യുവതീപ്രവേശ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച തുടരുകയാണെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ. കോടതിയിൽ ഏതുരീതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന കാര്യത്തിൽ ചൊവ്വാഴ്ച തീരുമാനമെടുക്കും. വിഷയത്തെ വളരെ ഗൗരവത്തോടെയാണു ദേവസ്വം ബോർഡ് കാണുന്നത്. ദോഷകരമാവാത്ത വിധത്തിൽ സുപ്രീംകോടതിയിൽ എന്താണു ചെയ്യാനാവുകയെന്നാണു പരിശോധിക്കുന്നതെന്നും പത്മകുമാർ പറഞ്ഞു.

നിയമവിദഗ്ധരുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നു. വിഷയത്തിൽ ബോർഡ് കൃത്യമായി ഇടപെടും. വിശ്വാസം സംരക്ഷിക്കുന്നതിനായിരിക്കും മുൻതൂക്കം. നിലവിലെ സ്ഥിതിയെക്കുറിച്ചു സുപ്രീംകോടതിയിലും ഹൈക്കോടതിയിലും റിപ്പോർട്ട് നൽകും. തന്ത്രികുടുംബത്തിന്റെയും പന്തളം കൊട്ടാരത്തിന്റെയും അഭിപ്രായങ്ങൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കണമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ടെന്നും പത്മകുമാർ വ്യക്തമാക്കി.

നിലവിലെ സാഹചര്യം വിശദീകരിക്കുന്ന റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കുന്നതു നിയമപരമായി തിരിച്ചടിയാകുമെന്ന സംശയം കഴിഞ്ഞ ബോർഡ് യോഗത്തിൽ ഉന്നയിക്കപ്പെട്ടിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചർച്ച ചെയ്ത് ബോർഡ് ഒരു റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്. ഇതു മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തേക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും ചർച്ച നടത്തിയിരുന്നു. സ്ഥിതി റിപ്പോർട്ട് നൽകിയില്ലെങ്കിലും കോടതി വിധിക്കെതിരെ വിവിധ സംഘടനകൾ നൽകിയ 25 പുനഃപരിശോധനാ ഹർജികളിൽ ദേവസ്വം ബോർഡിനു നിലപാടു വിശദീകരിക്കാൻ അവസരമുണ്ടാകും.