Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഛത്തിസ്ഗഢ് മുഖ്യമന്ത്രിക്കെതിരെ വാജ്പേയിയുടെ അനന്തിരവളെ സ്ഥാനാർഥിയാക്കി കോൺഗ്രസ്

karuna-shukla കരുണ ശുക്ല. ചിത്രം: ട്വിറ്റർ

ന്യൂഡൽഹി∙ ഛത്തിസ്ഗഢിൽ മുഖ്യമന്ത്രി രമൺ സിങ്ങിനെ നേരിടാൻ കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത് അന്തരിച്ച മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ അനന്തിരവളെ. വാജ്പേയിയുടെ സഹോദരൻ അവധ് ബിഹാരി വാജ്പേയിയുടെ മകളായ കരുണ ശുക്ലയാണു രമൺ സിങ്ങിനെതിരെ രാജ്നന്ദഗാവിൽ കോൺഗ്രസ് സ്ഥാനാർഥി. മുൻപ് ബിജെപിയിൽ ആയിരിക്കെ, 2003 ൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുവരെ പരിഗണിക്കപ്പെട്ടിരുന്ന നേതാവാണ് ഇവർ. ബിജെപി ദേശീയ വൈസ് പ്രസിഡന്റുമായിരുന്നു. 2013 ൽ ഒരു സീറ്റു പോലും കിട്ടാതിരുന്നതോടെ ഇവർ പാർട്ടിയുമായി അകന്നു. 2014 ൽ കോൺഗ്രസിൽ ചേരുകയായിരുന്നു.

തിങ്കളാഴ്ച പുറത്തിറക്കിയ രണ്ടാം സ്ഥാനാർഥി പട്ടികയിലാണ് കരുണയുടെ പേരുള്ളത്. നേരത്തെ 12 സീറ്റിലെ സ്ഥാനാർഥികളെയാണു പ്രഖ്യാപിച്ചിരുന്നത്. ഇപ്പോൾ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ബാക്കി ആറു സീറ്റിലേക്കുള്ള സ്ഥാനാർഥികളെയും പ്രഖ്യാപിച്ചിരിക്കുകയാണ്. നവംബർ 12 നാണ് ആദ്യഘട്ട പോളിങ്. നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതിയാണ് ഇന്ന്. നവംബർ 20 നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. ഡിസംബർ 11 നാണ് വോട്ടെണ്ണൽ.

14ാം ലോക്സഭയിൽ ജാൻജിർ മണ്ഡലത്തെ പ്രതിനിധീകരിച്ചയാളാണ് ശുക്ല. 2009ൽ കോർബ മണ്ഡലത്തിൽനിന്ന് കോൺഗ്രസ് നേതാവ് ചരൻദാസ് മഹന്തിനെതിരെ മത്സരിച്ചു ശുക്ല പരാജയപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ബിജെപിയിൽ ഒതുക്കപ്പെട്ടുപോയതും പിന്നീടു കോൺഗ്രസിൽ ചേർന്നതും. 2014ൽ ബിലാസ്പുർ മണ്ഡലത്തിൽനിന്ന് ലോക്സഭയിലേക്കു മൽസരിച്ചെങ്കിലും ബിജെപിയുടെ ലഖൻ ലാൽ സഹുവിനോടു പരാജയപ്പെട്ടിരുന്നു.

related stories