Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹനാൻ ഭാഗ്യമുള്ള, മനക്കരുത്തുള്ള അപൂർവ പെൺകുട്ടി: പ്രശംസിച്ച് ഡോക്ടർ

hanan-in-hospital ഹനാൻ

കൊച്ചി∙ കാറപടത്തിൽ പരുക്കേറ്റു ചികിൽസയിലായിരുന്ന ഹനാന് എഴുന്നേറ്റു നടക്കാമെന്നു ഡോക്ടർ. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഡോ. ഹാരൂൺ പിള്ളയുടെ ചികിൽസയിലായിരുന്നു ഹനാൻ.

ഒന്നര മാസമെങ്കിലും ബെൽറ്റ് ഉപയോഗിക്കണമെന്നു ഡോക്ടർ കർശനമായി നിർദേശിച്ചിട്ടുണ്ട്. ഈ കാലയളവിൽ നന്നായി ശ്രദ്ധിക്കണം. നട്ടെല്ലിനു പരുക്കേറ്റ ഹനാൻ ഭാഗ്യമുള്ള കുട്ടിയാണ്. ഇത്രവേഗം രോഗം ഭേദമാകുന്നത് അപൂർവമാണ്. ഒരുപക്ഷേ തളർന്നു പോകാമായിരുന്നു. അതാണ് അടിയന്തിര ശസ്ത്രക്രിയ നിർദേശിച്ചത്. നിലവിൽ കാലുകൾ നന്നായി സെൻസ് ചെയ്യുന്നുണ്ട്. നല്ല മനക്കരുത്തുള്ള അപൂർവ പെൺകുട്ടിയാണു ഹനാനെന്നും ഡോ. ഹാരൂൺ പറഞ്ഞു. 

തനിക്കു ചികിൽസയും ഫിസിയോതെറപ്പിയും മറ്റു സൗകര്യങ്ങളും ഒരുക്കിത്തന്ന ഡോക്ടറോടും ആശുപത്രിയോടും സഹായം ചെയ്ത സർക്കാരിനോടും നന്ദിയുണ്ടെന്നു ഹനാൻ പറഞ്ഞു. വീൽചെയറിലായിരുന്നെങ്കിലും ഓൺലൈൻ മീൻ കച്ചവടത്തിനുള്ള തത്രപ്പാടിലായിരുന്നു ഹനാൻ. മാധ്യമങ്ങളിലൂടെ തന്റെ സാഹചര്യവും ആവശ്യവും മനസ്സിലാക്കി ബാങ്കുകാർ വിളിച്ചു വായ്പ നൽകുകയായിരുന്നു.

വണ്ടി തയാറായിട്ടുണ്ട്. സഹായിക്കാൻ ഡ്രൈവറുമുണ്ട്. ഫ്ലാറ്റുകളും മറ്റു റസിഡൻഷ്യൽ ഏരിയയും ലക്ഷ്യമിട്ട് ഓൺലൈനിൽ ഓർഡർ പിടിച്ച് മീൻ എത്തിച്ചു നൽകുന്നതിനാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം  കൊച്ചി തമ്മനത്തും കച്ചവടം ചെയ്യണമെന്നാണ് ആഗ്രഹം. ഇവിടെ രണ്ടിടങ്ങളിൽ രാവിലെയും വൈകിട്ടും മീൻ വിൽക്കും – ഹനാൻ പറഞ്ഞു.