Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിസോറമിൽ തുടർഭരണം തേടി കോൺഗ്രസ്; ഒറ്റയ്ക്ക് പോരാടാൻ ബിജെപി

Lal-Thanhawla ലാൽ തൻഹവ്‍ല

കോൺഗ്രസും പ്രാദേശിക ശക്തികളും തമ്മിലുള്ള പോരാട്ടം പതിവുള്ള മണ്ണാണ് മിസോറം. മോദി സർക്കാരിനെ പുറത്താക്കി അധികാരത്തിലെത്തുക എന്ന സ്വപ്നത്തിലേക്ക് കേവലം ഒരു ലോക്സഭാ സീറ്റ് മാത്രമുള്ള മിസോറമിന് കാര്യമായ സംഭാവന ചെയ്യാനില്ലെങ്കിലും കോൺഗ്രസ് അധികാരം നിലനിർത്തുന്ന ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണ് മിസോറം. 87 ശതമാനം ക്രിസ്ത്യാനികളുള്ള മിസോറമിലെ ജനസംഖ്യയുടെ 85 ശതമാനം പേരും പട്ടികവർഗക്കാരാണ്. മൂന്നാം തവണയും കോൺഗ്രസ് തുടർഭരണം തേടുന്ന സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷം മിസോ നാഷനൽ ഫ്രണ്ടാണ്.

തൻഹവ്‌ല എന്നാൽ കോൺഗ്രസ്

ആകെയുള്ള 40 സീറ്റുകളിൽ 34 എണ്ണത്തിലും വിജയിച്ചാണ് കോൺഗ്രസ് കഴിഞ്ഞ തവണ അധികാരത്തിലെത്തിയത്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കൂടിയായ മുഖ്യമന്ത്രി ലാൽ തൻഹവ്‍ലയാണ് സംസ്ഥാനത്തെ പാർട്ടിയുടെ മുഖം. ഒരർഥത്തിൽ പറഞ്ഞാൽ കോൺഗ്രസെന്നാൽ തൻഹവ്‍ലയെന്ന വിശേഷണം അതിശയോക്തിയാകില്ല. ഭരണത്തെക്കുറിച്ച് കാര്യമായ പരാതികൾ ഉയരാത്തത് കോൺഗ്രസിനും തൻഹവ്‍ലക്കും ആശ്വാസമാണ്.

ഒറ്റയ്ക്ക് മത്സരിക്കാൻ ബിജെപി

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പിടിമുറുക്കാൻ ബിജെപി രൂപം നൽകിയ നോർത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയൻസിന്‍റെ ഭാഗമായ മിസോ നാഷനൽ ഫ്രണ്ടിന് സംസ്ഥാനത്ത് നല്ല വേരുകളുണ്ടെങ്കിലും ഒരു സഖ്യം വേണ്ടെന്ന നിലപാടാണ് ബിജെപി നേതൃത്വത്തിനുള്ളത്. മിസോ നാഷനൽ ഫ്രണ്ടിനും സമാന കാഴ്ചപ്പാടു തന്നെയാണുള്ളത്. ഒരു സീറ്റെങ്കിലും ബിജെപി നേടിയാൽ അത് അത്ഭുതമായിരിക്കുമെന്നാണ് എംഎന്‍എഫിന്‍റെ വിലയിരുത്തൽ. എന്നാൽ തിരഞ്ഞെടുപ്പിനു ശേഷം മേഘാലയ മോഡൽ പരീക്ഷണത്തിന് ബിജെപി മുതിർന്നേക്കുമെന്നാണ് സൂചന. വികസന കാർഡുമായിട്ടാകും ബിജെപി കളത്തിലിറങ്ങുക. മറ്റു പല സംസ്ഥാനങ്ങളിലും പയറ്റി വി‍‍ജയിച്ച, മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ പ്രധാനമന്ത്രി മോദിയിൽ ഊന്നയിലുള്ള പ്രചാരണമാകും ഇവിടെയും ബിജെപി പുറത്തെടുക്കുക.

പിടിച്ചെടുക്കാൻ മിസോ നാഷനൽ ഫ്രണ്ട്

1998 ഡിസംബർ മുതൽ 2008 ഡിസംബർ വരെ മിസോറം ഭരിച്ച മിസോ നാഷനൽ ഫ്രണ്ടാണ് സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷവും പ്രബലമായ പ്രാദേശിക കക്ഷിയും. വികസനമില്ലായ്മ മുതലുള്ള പ്രാദേശിക വിഷയങ്ങൾ ഉന്നയിച്ച് ഭരണത്തിൽ തിരികെയെത്താമെന്നാണ് പാർട്ടിയുടെ ചിന്ത.

ഉറക്കം കെടുത്തുന്ന ചെറുമീനുകൾ

തിരഞ്ഞെടുപ്പിനൊരുങ്ങി രാജസ്ഥാൻ, വി‍ഡിയോ സ്റ്റോറി കാണാം

പ്രാദേശിക കക്ഷികളുടെ ചാകരയാണ് മിസോറം രാഷ്ട്രീയത്തിന്‍റെ സവിശേഷത. കോൺഗ്രസിനും മിസോ നാഷനൽ ഫ്രണ്ടിനും ബദലായി പ്രാദേശിക കക്ഷികളുടെ രണ്ടു സഖ്യങ്ങളാണ് ഇത്തവണ അടർക്കളത്തിലുള്ളത്. ഭരണത്തിലേറാനുള്ള ത്രാണി കുറഞ്ഞവയാണ് രണ്ടു സഖ്യങ്ങളെങ്കിലും ഇവരും സ്വതന്ത്രരും നേടുന്ന സീറ്റുകൾ സർക്കാർ രൂപീകരണത്തിൽ നിർണായകമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല, സ്വന്തം നിലയിൽ മത്സരിക്കുമെന്ന് വ്യക്തമാക്കിയ ഇരു സഖ്യങ്ങളും ബിജെപിയുമായുള്ള സഖ്യ സാധ്യത എഴുതിത്തള്ളിയിട്ടുണ്ട്.

അനധികൃത കുടിയേറ്റവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും

മ്യാൻമാർ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ അയൽരാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റം തിരഞ്ഞെടുപ്പ് രംഗത്ത് ചൂടേറിയ ചർച്ചയ്ക്ക് വഴിതെളിയിക്കാൻ സാധ്യതയുണ്ട്. ബ്രു അഭയാർഥികളുടെ പ്രശ്നം കാലങ്ങളായി സർക്കാരിന്‍റെ ഉറക്കം കെടുത്തുന്ന ഒന്നാണ്. വടക്കൻ ത്രിപുരയിലെ ആറോളം അഭയാർഥി ക്യാംപുകളിലുള്ള ബ്രുകളെ പുനരധിവസിപ്പിക്കാനുള്ള തീരുമാനം നടപ്പിലാക്കാൻ നിയമപ്രശ്നങ്ങൾ മൂലം സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ് ഉയർന്നുവരാൻ സാധ്യതയുള്ള മറ്റൊരു വിഷയം. ബിജെപി ശ്രദ്ധ ഊന്നുന്ന ഒരു മേഖല കൂടിയാണിത്. സമീപകാലത്ത് പല പ്രഖ്യാപനങ്ങളും പ്രധാനമന്ത്രി തന്നെ നടത്തിയത് ബിജെപിക്ക് ഇക്കാര്യത്തിലുള്ള താത്പര്യം പ്രകടമാക്കുന്നു. തൊഴിലില്ലായ്മയും പട്ടിണിയുമാണ് സംസ്ഥാനത്തെ വലയ്ക്കുന്ന മറ്റു രണ്ടു പ്രധാന വിഷയങ്ങൾ