Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലക്ഷ്യം ഇന്ത്യ; പാക് അധീന കശ്മീരിൽ ഭീകരരുടെ വൻസംഘം തമ്പടിക്കുന്നതായി സൈന്യം

indian-army

ന്യൂഡൽഹി∙ മഞ്ഞുവീഴ്ച ആരംഭിക്കുന്നതിനു മുൻപ് ഇന്ത്യയിലേക്കു നുഴഞ്ഞു കയറാനായി പാക് അധീന കശ്മീരിൽ ഭീകരരുടെ വൻ സംഘം തമ്പടിച്ചിരിക്കുന്നതായി ഇന്ത്യൻ സൈന്യം. മഞ്ഞുവീഴ്ച ശക്തമാകുന്നതോടെ പര്‍വത പ്രദേശങ്ങളിലൂടെയുള്ള സഞ്ചാരം ദുഷ്കരമാകുമെന്നതിനാൽ അതിനു മുന്നോടിയായി ഇന്ത്യയിലേക്കു നുഴഞ്ഞുകയറാനാണ് ഇവരുടെ നീക്കം. ഇതോടെ, ജമ്മു കശ്മീരിലെ അതിർത്തി മേഖലകളിൽ സുരക്ഷ ശക്തമാക്കി.

2003ലെ വെടിനിർത്തൽ കരാർ പൂർണമായും നടപ്പാക്കാൻ‌ ഇരു രാജ്യങ്ങളും ഇക്കഴിഞ്ഞ മേയിൽ തീരുമാനിച്ചിരുന്നു. ഈ തീരുമാനം പ്രസ്താവനയിൽ മാത്രം ഒതുങ്ങിയെന്നാണ് തുടർന്നുള്ള സംഭവവികാസങ്ങൾ തെളിയിക്കുന്നത്. ഈ വർഷം മേയ് 30നു ശേഷം ഏഴു നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഇന്ത്യ പരാജയപ്പെടുത്തിയതായി സൈന്യം പ്രസ്താവനയിൽ അറിയിച്ചു.

അതിർത്തിക്കപ്പുറത്തുനിന്നും പലതവണ പ്രകോപനമുണ്ടായെങ്കിലും വെടിനിർത്തൽ പാലിക്കാനായിരുന്നു ഇന്ത്യയുടെ ശ്രമം. എന്നാൽ, നിയന്ത്രണ രേഖയ്ക്കിപ്പുറത്തേക്കു ഭീകരരെ എത്തിക്കുന്നതിന് പാക് സൈന്യം നേരിട്ടു പിന്തുണ നൽകുകയാണെന്നാണ് ഇന്ത്യയുടെ ആരോപണം. വെടിനിർത്തൽ‌ കരാറിനു ശേഷം ഇന്ത്യൻ സൈന്യം ആദ്യമായാണ് പാക്ക് സൈന്യത്തിനെതിരെ നേരിട്ട് ആരോപണവുമായി രംഗത്തെത്തുന്നത്.

പാക്കിസ്ഥാൻ മണ്ണിൽ ഭീകരരുടെ പ്രവര്‍ത്തനം കർശനമായും തടയണമെന്ന് ഇന്ത്യൻ സൈന്യം ആവശ്യപ്പെട്ടു. ഞായറാഴ്ച ജമ്മു കശ്മീരിലെ സുന്ദർബനി മേഖലയിൽ നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെ മൂന്ന് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഒരു സൈനികന് പരുക്കേൽക്കുകയും ചെയ്തു. നീക്കത്തിൽ രണ്ടു പേരെ സൈന്യം വധിച്ചു. അതേസമയം, പാക്കിസ്ഥാനിൽനിന്ന് അഞ്ചോ ആറോ ഭീകരർ ഇന്ത്യയിലേക്കു കടന്നിട്ടുള്ളതായി സൈന്യത്തിന് സംശയമുണ്ട്.

30 താവളം, 300 ഭീകരർ

അതിർത്തി കടക്കുന്നതിനു മുന്നോടിയായി ഭീകരർ നിലയുറപ്പിക്കുന്ന താവളങ്ങളാണു ‘ടെറർ ലോഞ്ച് പാഡ്’. നിയന്ത്രണ രേഖയുടെ 3 കിലോമീറ്റർ പരിധിയിലാണ് ഇവയിൽ ഭൂരിഭാഗവും. 30 താവളങ്ങളിലായി 300 ഭീകരർ തമ്പടിച്ചിട്ടുണ്ടെന്നാണ് സൈന്യത്തിനു ലഭിച്ച വിവരം. ഇത്തരത്തിലുള്ള 7 താവളങ്ങൾക്കെതിരെയാണു 2016 സെപ്റ്റംബറിൽ സേന മിന്നലാക്രമണം നടത്തിയത്. രണ്ടാഴ്ചയോളം നിരീക്ഷണം നടത്തിയ ശേഷമാണു സേനയുടെ കമാൻഡോ വിഭാഗം (പാരാ സ്പെഷൽ ഫോഴ്സ്) അന്ന് ആക്രമണം നടത്തിയത്