Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനവകുപ്പിലെ തമ്മിലടി: അന്വേഷണത്തിൽ കുറ്റം തെളിഞ്ഞയാൾക്ക് രക്ഷ; പരാതിക്കാരനു മാറ്റം

Forest-Order-1 കോട്ടയം ഫീൽഡ് ഡയറക്ടർ ഓഫിസിലെ തമ്മിലടിയുമായി ബന്ധപ്പെട്ട് കൺസർവേറ്റർ നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ്

കൊച്ചി∙ വനം വകുപ്പിന് നാണക്കേടുണ്ടാക്കിയ ഉദ്യോഗസ്ഥരുടെ തമ്മിൽത്തല്ലിനെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടും നടപടിയും രണ്ടു വഴിക്ക്. കുറ്റക്കാരെന്ന് റിപ്പോർട്ടിൽ കണ്ടെത്തിയ ഉദ്യോഗസ്ഥയ്ക്ക് മന്ത്രിയുടെ ഓഫിസ് നേരിട്ട് ഇടപെട്ട് സംരക്ഷണം ഉറപ്പാക്കുകയും പരാതിക്കാരനെയും അന്വേഷണ ഉദ്യോഗസ്ഥനെയും സ്ഥലംമാറ്റുകയും ചെയ്തതിനെ തുടർന്ന് വനം ഉന്നതർക്കിടയിൽ കടുത്ത അതൃപ്തി. വകുപ്പിന് എഴുപതു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാക്കിയതുൾപ്പെടെ ഒട്ടേറെ ആരോപണങ്ങൾ ഉയർന്നിട്ടും ഇഷ്ടക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മന്ത്രിയുടെ ഓഫിസ് സ്വീകരിക്കുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

കോട്ടയം ഫീൽഡ് ഡയറക്ടർ ഓഫിസിൽ ഫോറസ്റ്റ് കൺസർവേറ്റർമാർ തമ്മിൽ നടന്ന തമ്മിലടിയും അന്വേഷണ റിപ്പോർട്ടിലുള്ള നടപടിയുമാണ് വിവാദമാവുന്നത്. സംഭവത്തിന് കാരണക്കാരി മൂന്നാർ വൈൽഡ് ലൈഫ് വാർനാണെന്നാണ് മൂന്ന് ഉദ്യോഗസ്ഥർ അന്വേഷിച്ച് റിപ്പോർട്ട് നൽകിയത്. പക്ഷെ, ഇവർക്കെതിരെ നടപടി നിർദേശം വനം മന്ത്രിയുടെ ഓഫിസ് ഇടപെട്ട് റദ്ദാക്കി. പകരം സംഭവത്തിൽ പരാതിക്കാരനായ ഉദ്യോഗസ്ഥനെ മലപ്പുറത്തേക്കും അന്വേഷണം നടത്തിയ ഫ്ളയിങ് സ്ക്വാഡ് ഡിഎഫ്ഒയെ ഇടുക്കി സാമുഹിക വന വൽക്കര വിഭാഗത്തിലേക്കും മാറ്റി.

റിപ്പോര്‍ട്ട് വായിക്കാം

കോട്ടയം സർക്കിൾ, ഇൻസ്പെക്ഷൻ ആൻഡ് ഇവാലുവേഷൻ വിങ് ഫോറസ്റ്റ് കൺസർവേറ്റർ ബി.എൻ.അഞ്ജൻ കുമാർ, ഗുരുതരമായ റിപ്പോർട്ടാണ് സമർപ്പിച്ചത്. കോട്ടയം ഓഫിസിലെ ടെക്നിക്കൽ അസിസ്റ്റന്റും മൂന്നാർ വൈൽഡ് ലൈഫ് വാർഡനും തമ്മിലായിരുന്നു തർക്കം. ടെൻഡർ നടപടികൾ സംബന്ധിച്ച് ആരംഭിച്ച തർക്കം പരസ്യമായ അധിക്ഷേപങ്ങളിലേക്കു നീങ്ങി. ‘നിന്നെ കാണിച്ചു തരാമെടാ’ എന്ന് ടെക്നിക്കൽ അസിസ്റ്റന്റിനെ ഭീഷണിപ്പെടുത്തിയാണ് വൈൽഡ് ലൈഫ് വാർഡൻ ഓഫിസിൽ നിന്ന് ഇറങ്ങിയതെന്ന് മറ്റു ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. ഓഫിസിൽ നിന്നു പോകാൻ നേരം, വാർഡന്റെ ദിവസക്കൂലിക്കാരനായ ഡ്രൈവർ ഓഫിസ് വളപ്പു വിടുന്നതു വരെ ടെക്നിക്കല്‍ അസിസ്റ്റന്റിനെ അസഭ്യം പറഞ്ഞെന്നും ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു.

ശെന്തുരുണി വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് രണ്ടു ബോട്ടുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട് 70 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് ആരോപണം നേരിടുന്ന വ്യക്തി കൂടിയാണ് ഉദ്യോഗസ്ഥ. നിർമിക്കുക പോലും ചെയ്യാത്ത ബോട്ട് വന്യജീവി സങ്കേതത്തിൽ എത്തിച്ചതായി സർട്ടിഫിക്കറ്റ് നൽകിയ ഈ പരാതി ഇപ്പോൾ പൊലീസ് വിജിലൻസിന്റെ അന്വേഷണത്തിലാണ്.
നീലക്കുറ‍ിഞ്ഞി പൂക്കുന്നതുൾപ്പെടെയുള്ള നിർണായക ടൂറിസം സീസണിന് മേൽനോട്ടം വഹിക്കാനുള്ള ചുമതലയും ആരോപണങ്ങൾ നേരിടുന്ന ഈ ഉദ്യോഗസഥയെ തന്നെ ഏൽപിച്ചതിൽ വനം വകുപ്പിൽ അതൃപ്തി പുകയുന്നുണ്ട്.