Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണ്ഡല, മകരവിളക്കു സീസണിൽ ശബരിമലയിൽ പ്രശ്നസാധ്യത: കമ്മിഷണർ

devotees-in-sabarimala-temple

കൊച്ചി∙ നവംബർ 16നു തുടങ്ങുന്ന മണ്ഡല, മകരവിളക്കു സീസണിലും ശബരിമല, പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ പ്രശ്നസാധ്യതയുണ്ടെന്ന് ശബരിമല സ്പെഷൽ കമ്മിഷണർ എം. മനോജ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. പ്രതിഷേധക്കാരും വിശ്വാസസംരക്ഷകരായ ഭക്തരും 10– 50 പ്രായക്കാരായ സ്ത്രീകളെ തടയാൻ സാധ്യതയുണ്ട്.

ഉത്സവക്കാലത്തു ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെല്ലാം ആൾക്കൂട്ടമെത്തുമെന്നതിനാൽ പ്രക്ഷോഭത്തിനിടെ ജനം പരക്കംപായുന്നതു തീർഥാടകരുടെയും പൊലീസിന്റെയും മറ്റും ജീവാപായത്തിനുവരെ കാരണമായേക്കാമെന്നു റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മാസപൂജയ്ക്കു നട തുറന്നപ്പോൾ പ്രതിഷേധക്കാരും വിശ്വാസസംരക്ഷകരായ ഭക്തരും സ്ത്രീകളുടെ പ്രായത്തിൽ സംശയം തോന്നിയാൽ പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധക്കാർക്കെതിരെ പൊലീസ് 16 കേസുകളെടുത്തു. സ്ത്രീകളെ തടയാൻ രാഷ്ട്രീയ സംഘടനകളിലെ പ്രതിഷേധക്കാർ സന്നിധാനത്തും പരിസരങ്ങളിലും തങ്ങുന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ടായിരുന്നു.

നിലയ്ക്കലിൽ പ്രതിഷേധക്കാർ വാഹനങ്ങൾ പരിശോധിക്കാൻ മുതിർന്നതു സംഘർഷത്തിനു വഴിവച്ചു. ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രമസമാധാനപാലനത്തിനു ദക്ഷിണമേഖലാ എഡിജിപിയും തിരുവനന്തപുരം റേ‍ഞ്ച് ഐജിയും നിലയ്ക്കലിൽ തമ്പടിച്ചു. വനിതാ മാധ്യമപ്രവർത്തകർ, ആന്ധ്ര സ്വദേശി മാധവി, ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ സുഹാസിനി രാജ്, ആന്ധ്രയിൽ നിന്നുള്ള റിപ്പോർട്ടർ കവിത, രഹ്ന ഫാത്തിമ തുടങ്ങിയ സ്ത്രീകൾക്കു പ്രതിഷേധത്തെത്തുടർന്നു മടങ്ങേണ്ടിവന്നു.

കവിതയും രഹ്നയും സംരക്ഷണം ആവശ്യപ്പെട്ടതിനെത്തുടർന്ന് ഐജി പൊലീസ് സംരക്ഷണം ഒരുക്കിയെങ്കിലും പ്രതിഷേധക്കാർ വഴി തടഞ്ഞതിനാൽ മടങ്ങേണ്ടിവന്നു. പരികർമികൾ പതിനെട്ടാം പടിക്കു താഴെ തിരുമുറ്റത്തു വന്നു ശരണംവിളി തുടങ്ങുകയും ആചാരാനുഷ്ഠാനങ്ങൾ ലംഘിച്ചാൽ നട അടച്ചിടേണ്ടിവരുമെന്നു തന്ത്രി അറിയിക്കുകയും ചെയ്തു. തുടർന്നു യുവതികൾ മടങ്ങി. 20നു മലകയറാനെത്തിയ സ്ത്രീയുടെ പ്രായം സംശയിച്ചു പ്രതിഷേധക്കാർ തടഞ്ഞപ്പോൾ പൊലീസ് ഇടപെടുകയുടെ അവർക്കു പ്രായം 50 കഴിഞ്ഞെന്നു ബോധ്യപ്പെട്ടതോടെ കയറ്റിവിടുകയുമായിരുന്നു. 21ന് എത്തിയ 4 സ്ത്രീകളെ നടപ്പന്തലിൽ പ്രതിഷേധക്കാർ തടഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു.