Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാർഷികം എല്ലാ ജില്ലകളിലും ആഘോഷിക്കുന്നു

government of kerala

തിരുവനന്തപുരം∙ ശബരിമലയിലെ യുവതീപ്രവേശ വിവാദത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തൊട്ടാകെ മൂന്നു ദിവസം നീളുന്ന പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാർഷികം വിവിധ പരിപാടികളോടെ നവംബർ 10 മുതൽ 12 വരെ എല്ലാ ജില്ലകളിലും ആഘോഷിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

നവോത്ഥാന നായകരുടെ ശ്രമഫലമായി ഇന്നത്തെ കേരളം രൂപപ്പെട്ടതെങ്ങനെയെന്നതായിരിക്കും ഈ പരിപാടിയിലെ മുഖ്യപ്രചാരണ വിഷയം. ഓരോ കാലഘട്ടത്തിലെയും അനാചാരങ്ങൾ എങ്ങനെ ആധുനിക കാലത്തിനു വഴിമാറിയെന്നതും പ്രചാരണ വിഷയമാക്കും. ഓരോ ജില്ലയിലും പരിപാടി സംഘടിപ്പിക്കുന്നതിന്റെ ചുമതല മന്ത്രിമാർക്കു വിഭജിച്ചു നൽകി. സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. നവോത്ഥാന മൂല്യങ്ങളെ സംഘപരിവാർ വെല്ലു വിളിക്കുന്ന സാഹചര്യത്തിൽ ക്ഷേത്ര പ്രവേശന വിളംബരത്തിനു വഴിയൊരുക്കിയ സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നു മന്ത്രിസഭാ യോഗത്തിൽ അഭിപ്രായം ഉയർന്നു. ഇതിനായി കേരളത്തിന്റെ ചരിത്രവും പഴയ രേഖകളും പുറത്തു കൊണ്ടു വരും.

ചരിത്ര പ്രദർശനം, പ്രഭാഷണങ്ങൾ, ഡോക്കുമെന്ററി പ്രദർശനം സെമിനാർ, ചർച്ചകൾ, സമ്മേളനങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും സാംസ്കാരിക വകുപ്പും പുരാവസ്തു, പുരാരേഖാ വകുപ്പുകളും ചേർന്നാണു പരിപാടികൾ സംഘടിപ്പിക്കുക. പുരാവസ്തു, പുരാരേഖാ വകുപ്പുകളുടെ കൈവശമുള്ള ചരിത്ര രേഖകൾ ദൃശ്യ ശ്രാവ്യ സംവിധാനങ്ങൾ ഉപയോഗിച്ചു ജനഹൃദയങ്ങളിലെത്തിക്കാനാണു മന്ത്രിസഭാ തീരുമാനം. സമ്മേളനങ്ങളിൽ സാഹിത്യ സാംസ്ക്കാരിക നായകന്മാരെ പങ്കെടുപ്പിക്കും. സംസ്ഥാന ലൈബ്രറി കൗൺസിലും പുരോഗമന കലാ സാഹിത്യ സംഘവും അവരുടേതായ രീതിയിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

ജില്ലാ തലത്തിൽ ആഘോഷ പരിപാടികൾക്കു നേതൃത്വം നൽകാൻ മന്ത്രിമാരെ ചുമതലപ്പെടുത്തി. തിരുവനന്തപുരം - കടകംപള്ളി സുരേന്ദ്രൻ,കൊല്ലം - ജെ. മേഴ്സിക്കുട്ടിയമ്മ,പത്തനംതിട്ട -മാത്യു ടി. തോമസ്,ആലപ്പുഴ - ജി. സുധാകരൻ, പി. തിലോത്തമൻ, തോമസ് ഐസക്,കോട്ടയം -കെ. രാജു,ഇടുക്കി - എം.എം. മണി,എറണാകുളം - സി. രവീന്ദ്രനാഥ്,തൃശ്ശൂർ - എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ,പാലക്കാട് - എ.കെ. ബാലൻ,മലപ്പുറം - കെ.ടി. ജലീൽ,കോഴിക്കോട് - ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ,വയനാട് - രാമചന്ദ്രൻ കടന്നപ്പള്ളി,കണ്ണൂർ - ഇ.പി. ജയരാജൻ, കെ.കെ. ശൈലജ,കാസർകോട് - ഇ. ചന്ദ്രശേഖരൻ.