Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയെ കളങ്കപ്പെടുത്താനുള്ള ഗൂഢാലോചന രാഹുലിലൂടെ പുറത്തുവന്നു: കടകംപള്ളി

kadakampally-rahul-easwar കടകംപള്ളി സുരേന്ദ്രൻ, രാഹുൽ ഈശ്വർ

കൊച്ചി∙ ശബരിമലയിൽ അക്രമികൾ നടപ്പാക്കിയ പദ്ധതികളുടെ ചെറിയൊരംശം മാത്രമാണ് രാഹുൽ ഈശ്വറിലൂടെ പുറത്തു വന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. യുദ്ധം നടത്തുന്നതു പോലെ പ്ലാൻ എ, പ്ലാൻ ബി, എന്നിങ്ങനെ പദ്ധതിയുണ്ടാക്കിയെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. പ്രായോഗികമായി കലാപമുണ്ടാക്കാൻ പ്ലാൻ ചെയ്തിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. നാമജപ യാത്ര നടത്തുന്ന ശുദ്ധമനസുള്ളവർ രാഹുലിനെപോലെയുള്ളവരുടെ ദുഷ്പ്രവർത്തിയെക്കുറിച്ചു ചിന്തിക്കണം. ഗൗരവമായ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ചോര വീഴ്ത്താൻ എന്തെല്ലാം പദ്ധതികളാണ് ഇവർ ആസൂത്രണം ചെയ്തതെന്നു കണ്ടെത്താൻ സർക്കാരിനു ബാധ്യത വന്നിരിക്കുകയാണ്.  

ശബരിമല വിഷയത്തിൽ പ്രതിഷേധങ്ങൾ വസ്തുതകൾ മനസിലാക്കാതെയാണ്. സുപ്രീം കോടതി വിധിക്കു കാരണമായ കേസ് നൽകിയത് ആരാണെന്നു പ്രതിഷേധക്കാർ പരിശോധിക്കണം. വിധി എങ്ങനെയായിരുന്നാലും നടപ്പാക്കേണ്ട ബാധ്യതയുണ്ട്. വിധി വന്നപ്പോൾ ബിജെപിയും കോൺഗ്രസും ഉൾപ്പടെ എല്ലാവരും അതിനെ സ്വാഗതം ചെയ്തു. വിശ്വാസികൾ എതിർത്തു രംഗത്തു വന്നപ്പോൾ ദേശീയ പാർട്ടികൾ നിലപാടു മാറ്റി. ഇത് ഉപയോഗപ്പെടുത്തേണ്ട അവസരമാണെന്നു തിരിച്ചറിഞ്ഞാണ് ഇവർ നിലപാടുമാറ്റിയത്.

സർക്കാർ എന്തു തെറ്റാണു ചെയ്തതെന്നു മുദ്രാവാക്യം വിളിക്കുന്നവർ പറയണം. സുപ്രീം കോടതി വിധി രാജ്യത്തെ സകലർക്കും ബാധകമാണ്. വിധി നടപ്പിലാക്കണോ വേണ്ടയോ എന്ന ചോദ്യത്തിന് ഇവർക്കൊന്നും മറുപടിയുണ്ടായില്ലായിരുന്നു. യഥാർഥ വിശ്വാസികളുടെ വിശ്വാസത്തെ ഞങ്ങൾ മാനിക്കുന്നുണ്ട്. നമ്മളുടെ നാട് എന്തെല്ലാം അനാചാരങ്ങളെ അതിജീവിച്ചു മുന്നോട്ടു വന്ന നാടാണ്? ഇന്നു കാണുന്ന കേരളം എങ്ങനെയാണുണ്ടായത് എന്ന് എല്ലാവർക്കും അറിയാം.

ഹിന്ദുക്കളിൽ മഹാ ഭൂരിപക്ഷത്തിനു ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ സ്വാതന്ത്ര്യമില്ലാതിരുന്ന നാടാണ് ഇത്. ക്ഷേത്ര പ്രവേശന വിളമ്പരം ഉണ്ടായിട്ടും ആർക്കും ക്ഷേത്രത്തിൽ പ്രവേശിക്കാനായില്ല. എട്ടിലധികം വർഷത്തിനു ശേഷമാണ് പലർക്കും അതിന് അവകാശമുണ്ടായത്. മാറു മറയ്ക്കാൻ പോലും അവകാശമില്ലാത്തൊരു കാലം നമുക്കുണ്ടായിരുന്നു. സതി നടന്ന നാടാണിത്. ഇതെല്ലാം ആചാരമെന്നാണു കരുതിയിരുന്നത്. ഇങ്ങനെ ഒരുപാടു വഴികൾ താണ്ടിയാണു നമ്മൾ ഇവിടെയെത്തിയത്. മാറ്റത്തിന്റെ പേരു പറഞ്ഞു കലാപമുണ്ടാക്കാൻ നടത്തുന്ന പരിശ്രമത്തെ എന്തു വിലകൊടുത്തും തോൽപ്പിക്കാൻ ബാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.