Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിബിഐയിലെ നടപടിയും റഫാലും തമ്മില്‍ ബന്ധമില്ല: കേന്ദ്രസർക്കാർ

Modi-Rahul പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ സിബിഐ തലപ്പത്തെ അഴിച്ചുപണിക്കു റഫാല്‍ ഇടപാടിലെ അന്വേഷണങ്ങളുമായി ബന്ധമില്ലെന്ന നിലപാടിൽ കേന്ദ്രസർക്കാർ. സിബിഐയിൽ ഉണ്ടായ വിവാദങ്ങളിൽ സുതാര്യമായ അന്വേഷണത്തിനായാണ് അലോക് വർമയെ മാറ്റിയത്. റഫാൽ ആരോപണങ്ങളിലുള്ള അന്വേഷണം സിബിഐയുടെ പരിഗണനയിലില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

അതേസമയം റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ എല്ലാ ദിവസവും കള്ളത്തരങ്ങൾ പടച്ചുവിടുകയാണെന്നു ബിജെപിയും പ്രതികരിച്ചു. കോൺഗ്രസിന് പ്രാധാന്യം നഷ്ടമായതിനാൽ രാഹുലിന് മതിഭ്രമം ബാധിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ജനങ്ങൾ അദ്ദേഹത്തെക്കാളും പക്വതയുള്ളവരാണെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേകർ വ്യക്തമാക്കി.

റഫാൽ ഇടപാടിനെക്കുറിച്ച് അന്വേഷണം നടത്തുന്നതിനാണു കേന്ദ്രം സിബിഐ മേധാവിയെ മാറ്റിയതെന്ന് രാഹുൽ വ്യാഴാഴ്ച നിലപാടെടുത്തിരുന്നു. സിബിഐ ഡയറക്ടറെ നിയമിച്ച പാനലിനു മാത്രമെ മാറ്റാനും അധികാരമുള്ളുവെന്നായിരുന്നു രാഹുലിന്റെ വാദം. റഫാൽ ഇടപാടിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ, അരുൺ ഷൂറി, അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ എന്നിവർ അലോക് വർമയ്ക്ക് അപേക്ഷ നൽകിയിരുന്നു.

അതേസമയം അലോക് വർമയും രാകേഷ് അസ്താനയും ഇപ്പോഴും സ്ഥാനങ്ങളിലുണ്ടെന്ന് സിബിഐ അറിയിച്ചു. സിബിഐ മേധാവി സ്ഥാനത്തുനിന്നും നീക്കിയതിനെതിരെ അലോക് വർമ സുപ്രീംകോടതിയിൽ നൽകിയ പരാതി പരിഗണിക്കുന്നത് നാളെയാണ്. അലോക് വർ‌മയ്ക്കു പകരക്കാരനായി നിയമിതനായ എം. നാഗേശ്വര റാവു ഇടക്കാലത്തേക്കു മാത്രമാണു ചുമതലകൾ വഹിക്കുന്നതെന്ന് സിബിഐ വക്താവ് പ്രതികരിച്ചു. 

related stories