Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിബിഐ തലപ്പത്തെ സ്ഥാനമാറ്റം; നടപടിക്കു പിന്നിൽ റഫാൽ അന്വേഷണം: രാഹുൽ

Rahul Gandhi കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് അന്വേഷിക്കുന്നതു തടയാനാണു സിബിഐ മേധാവി അലോക് വർമയെ നിർബന്ധിത അവധി നൽകി അയച്ചതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ചൊവ്വാഴ്ച ഏറെ വൈകിയുണ്ടായ നടപടി സർക്കാരിന്റെ പരിഭ്രാന്തമായ പ്രതികരണമായിരുന്നു. പ്രധാനമന്ത്രിയുടെ മാനസികനില മനസ്സിലാകുന്നുണ്ട്. റഫാലിൽ സിബിഐ അന്വേഷണം തുടങ്ങുമ്പോൾ തന്നെ പ്രധാനമന്ത്രി സ്ഥാനം നഷ്ടമാകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നെന്നും രാഹുൽ പറഞ്ഞു.

അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കിയത് നിയമവിരുദ്ധമാണ്. സിബിഐ ഡയറക്ടറെ നിയമിച്ച പാനലിനു മാത്രമേ അതിന് അധികാരമുള്ളു. പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ് എന്നിവർ ഉൾപ്പെട്ടതാണ് പാനൽ. അലോക് വർമ റഫാൽ ഇടപാടിൽ അന്വേഷണം തുടങ്ങിയതു തന്നെയാണ് നടപടിക്കു പിന്നിലെന്നും രാഹുൽ പ്രതികരിച്ചു. 

റഫാൽ ഇടപാടിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ, അരുൺ ഷൂറി, അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ എന്നിവർ അലോക് വർമയ്ക്ക് അപേക്ഷ നൽകിയിരുന്നു.  അരുൺ ഷൂറി, പ്രശാന്ത് ഭൂഷൺ എന്നിവരുമായി സിബിഐ മേധാവി കൂടിക്കാഴ്ച നടത്തിയത് കേന്ദ്രസർക്കാരിന് നീരസം ഉണ്ടാക്കിയെന്നാണു വിവരം. ചൊവ്വാഴ്ച രാത്രിയാണ് അലോക് വർമയെയും സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയെയും ചുമതലകളിൽനിന്നു കേന്ദ്രസർക്കാർ നീക്കിയത്.