Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഭാഷണങ്ങൾ ചൈനയും റഷ്യയും കേൾക്കുന്നു: ബോറൻ വാർത്തയെന്ന് ട്രംപ്

trump ഡോണൾഡ് ട്രംപ്.

വാഷിങ്ടൻ ∙ തന്റെ ഫോൺ സംഭാഷണങ്ങൾ ചൈനയും റഷ്യയും ചോർത്തുന്നുവെന്ന വാർത്തയ്ക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബോറൻ വാർത്തയാണത് എന്നായിരുന്നു ന്യൂയോർക്ക് ടൈംസിന്റെ വാർത്തയെക്കുറിച്ച് ട്രംപ് ട്വിറ്ററിൽ കുറിച്ചത്.

‘എന്റെ സെൽഫോൺ ഉപയോഗത്തെക്കുറിച്ചു ന്യൂയോർക്ക് ടൈംസിലെ വിദഗ്ധരെന്നു നടിക്കുന്നവർ നീണ്ട, ബോറൻ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തീർത്തും തെറ്റാണത്. പക്ഷേ തിരുത്താൻ എനിക്കു സമയമില്ല. സർക്കാർ ഫോണാണ് ഉപയോഗിക്കുന്നത്’– ട്രംപ് പറഞ്ഞു. ട്രംപിന്റെ സെല്‍ഫോണ്‍ വർത്തമാനങ്ങൾ ചൈനയിലെയും റഷ്യയിലെയും ചാരന്മാർ കേൾക്കുന്നുണ്ടെന്നും പ്രസിഡന്റിനും രാജ്യത്തിനും അതു ഭീഷണിയാണെന്നുമായിരുന്നു വാർത്തയുടെ ഉള്ളടക്കം.

വാർത്തയ്ക്കു പിന്നാലെ, ട്രംപിന്റെ ഫോൺ സംഭാഷണങ്ങളെപ്പറ്റി അന്വേഷണം വേണമെന്നു ഡെമോക്രാറ്റ് പാർട്ടിക്കാർ ആവശ്യപ്പെട്ടു. സുരക്ഷിതമല്ലെന്ന് പല തവണ മുന്നറിയിപ്പു നൽകിയിട്ടും ട്രംപ് മൊബൈൽ ഫോൺ ഉപയോഗം തുടരുകയാണെന്ന് ഇവർ ചൂണ്ടിക്കാട്ടി. ട്രംപിന്റെ സ്വകാര്യഫോണായ ഐഫോണി‍ന്റെ ഉപയോഗമാണു യുഎസിനു തലവേദനയാകുന്നത്. ഐഫോണിലൂടെ ട്രംപ് ആരോടെല്ലാം സംസാരിക്കുന്നു, ആരെല്ലാമാണ് നയതീരുമാനങ്ങളിൽ സ്വാധീനിക്കുന്നത് തുടങ്ങിയ സുപ്രധാന വിവരങ്ങൾ ചാരസംഘങ്ങൾക്കു ചോർത്താനാകുമെന്നു ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിലെ മുൻ ഉദ്യോഗസ്ഥ മേരി മക്‌കോഡ് ചൂണ്ടിക്കാട്ടി.

മൊബൈല്‍ ഫോണിനു പകരം വൈറ്റ് ഹൗസിലെ ലാന്‍ഡ്‌ഫോൺ ഉപയോഗിക്കാന്‍ മുൻപു രഹസ്യാന്വേഷണ, സുരക്ഷാ ഏജന്‍സികള്‍ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. ഇതത്ര രഹസ്യമല്ലെന്നും പലതവണ മുന്നറിയിപ്പു നല്‍കിയിട്ടും ട്രംപ് മൊബൈല്‍ ഉപേക്ഷിച്ചിട്ടില്ലെന്നും പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ട്രംപിന് ഔദ്യോഗികമായി ഒരു സർക്കാർ ഐഫോൺ മാത്രമേയുള്ളൂവെന്നു വൈറ്റ് ഹൗസ് വക്താവ് ഹോഗൻ ഗിഡ്‌ലി കഴിഞ്ഞദിവസം വിശദീകരിച്ചു.