Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കള്ളക്കടത്ത്: രാജ്യത്ത് 48 മണിക്കൂറിനിടെ പിടിച്ചത് 100 കിലോ സ്വർണം

gold-bar പ്രതീകാത്മക ചിത്രം

ന്യൂഡൽഹി ∙ 48 മണിക്കൂറിനിടെ രാജ്യത്തു പിടിയിലായത് 100 കിലോ കള്ളക്കടത്തു സ്വർണം. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്സാണ് (ഡിആർഐ) വിവിധ നഗരങ്ങളിൽ നടത്തിയ പരിശോധനയിൽ 32 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടിച്ചത്. ഒരു ഭൂട്ടാൻ സ്വദേശി ഉൾപ്പെടെ ഏഴുപേർ അറസ്റ്റിലായിട്ടുണ്ട്. 

വാഹനത്തിൽ കടത്താൻ ശ്രമിച്ച 55 കിലോ സ്വർണം പിടിച്ചെടുത്തത് വെള്ളിയാഴ്ച ബംഗാളിലെ സിലിഗുരിക്കടുത്തുനിന്നാണ്. ഒരു കിലോ വീതമുള്ള 55 സ്വർണബാറുകൾ ഡ്രൈവറുടെ സീറ്റിനടിയിലെ പ്രത്യേക അറയിൽ‍  ഒളിപ്പിച്ചിരിക്കുകയായിരുന്നു. 99.99. ശതമാനം ശുദ്ധമായ സ്വർണബാറുകൾ ചൈനീസ്, ഓസ്ട്രേലിയൻ മുദ്രകളുള്ളതാണ്. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരും പിടിയിലായി. അയൽരാജ്യങ്ങളിൽനിന്ന് കരമാർഗം ഇന്ത്യയിലേക്കു കടത്താൻ ശ്രമിച്ചതാണ് ഈ സ്വ‍ർണം.

ശനിയാഴ്ച ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് 34 കിലോ സ്വർണം പിടിച്ചെടുത്തത്. കടത്താൻ ശ്രമിച്ച മൂന്നുപേരും പിടിയിലായി. ഇതും കരമാർഗം ഇന്ത്യയിലേക്കു കടത്താൻ ശ്രമിച്ചതാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു വിദേശിയും പിടിയിലായിട്ടുണ്ട്. സ്വർണബാറുകളിൽ ചൈനീസ്, സ്വിസ് മുദ്രകളുണ്ട്.

ചെന്നൈ, ബെംഗളൂരു, മധുരൈ, ഇൻഡോർ വിമാനത്താവളങ്ങളിൽ 13 കിലോ സ്വർണം പിടിച്ചെടുത്തു. കൊളംബോ, സിംഗപ്പൂർ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലേക്കു കടത്താൻ ശ്രമിച്ചതാണിത്. ഇതിൽ മൂന്നിടത്തും ലൈഫ് ജാക്കറ്റ് പൗച്ചിനടിയിലും വിമാനസീറ്റിനു താഴെയുള്ള പൈപ്പിലും ഒളിപ്പിച്ചായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്. 

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഡിആർഐ തുടർച്ചയായി വൻതോതിലുള്ള സ്വർണക്കള്ളക്കടത്തു പിടികൂടുന്നുണ്ട്. ചൈന, മ്യാൻമർ, ഭൂട്ടാൻ എന്നിവിടങ്ങളിൽനിന്ന് കരമാർഗം അതിർത്തി കടത്തിയും ദുബായ്, ബാങ്കോക്ക് എന്നിവിടങ്ങളിൽനിന്ന് വിമാനമാർഗവുമാണ് ഇതിലേറെയും എത്തുന്നത്. സ്വർണത്തോടൊപ്പം വിദേശ കറൻസി കള്ളക്കടത്തും വർധിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ഉൽസവസീസൺ പ്രമാണിച്ച് ഇന്ത‌്യയിലേക്കുള്ള സ്വർണ, വിദേശ കറൻസി കള്ളക്കടത്ത് വർധിക്കാനിടയുണ്ടെന്ന് ഡിആർഐ വൃത്തങ്ങൾ അറിയിച്ചു

related stories