Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി ലക്ഷ്യം സർക്കാരിനെ അസ്ഥിരമാക്കൽ: കാനം രാജേന്ദ്രൻ

kanam-rajendran കാനം രാജേന്ദ്രൻ (ഫയൽ ചിത്രം)

തൃശൂർ ∙ ഇതിനെക്കാൾ തീക്ഷ്ണമായ സമരങ്ങളിലൂടെ കടന്നുവന്ന സർക്കാരുകളാണ് കേരളത്തിലേതെന്നും അമിത് ഷാ കേരളത്തിന്റെ ചരിത്രം പഠിക്കുന്നതു നന്നായിരിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എഐടിയുസി ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോൾ നടക്കുന്ന സമരങ്ങളുടെ പിന്നിൽ രാഷ്ട്രീയലക്ഷ്യമുണ്ടെന്ന് ജനങ്ങൾക്കു ബോധ്യപ്പെടാൻ  അമിത് ഷാ യുടെ പ്രസ്താവന ഗുണം ചെയ്തുവെന്നും കാനം പറഞ്ഞു.

സർക്കാരിനെ അസ്ഥിരപ്പെടുത്തുകയാണ് ബിജെപി സമരങ്ങളിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇതു ഫാസിസത്തിലേക്കുള്ള പ്രയാണമാണെന്നു പറയാൻ മടിക്കേണ്ട. വീട്ടിലിരുന്നു നാമം ജപിച്ചാൽ കേസ് എടുക്കില്ല. റോഡിലിറങ്ങി ജപിക്കുമ്പോൾ കേസ് എടുത്തെന്നു വരും. തൊഴിലാളികൾക്കു വേണ്ടിയുള്ള സമരങ്ങളുടെ പേരിൽ താനടക്കമുള്ള എത്രയോ പൊതുപ്രവർത്തകർക്കെതിരെ കേസ് ഉണ്ട്. നിയമം ലംഘിച്ച് സമരം നടത്തുമ്പോൾ കേസ് എടുക്കുക എന്നത് നാമജപക്കാർക്കു വേണ്ടി പിണറായി സർക്കാർ ഉണ്ടാക്കിയ നിയമമല്ല. നിയമം പരിചയമില്ലാത്തവർക്കാണ് ഇതു വലിയ സംഭവമായി തോന്നുന്നത്.

സന്ദീപാനന്ദഗിരിക്കു നേരെയുള്ള ആക്രമണം നിലപാടുകൾക്കെതിരെ നിൽക്കുന്നവരെ നിശബ്ദരാക്കുക എന്ന ഫാസിസ്റ്റ് നയമാണ്. അത് ജനാധിപത്യത്തിൽ അംഗീകരിക്കാവുന്നതല്ല. ഫാസിസത്തിനെതിരാണ് എന്നു പറയുന്ന മുല്ലപ്പള്ളി ഫാസിസ്റ്റുകളുടെ കൂടെയാണ് നാമം ജപിക്കുന്നതെന്നും കാനം പറഞ്ഞു.എഐടിയുസി ജില്ലാ പ്രസിഡന്റ് എ.എൻ. രാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ, സി.എൻ.ജയദേവൻ എംപി എന്നിവർ പ്രസംഗിച്ചു.