Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ തിരുത്തട്ടെ; കോടിയേരിയുടെ ഉപദേശം അപ്രസക്തം: എൻഎസ്എസ്

kodiyeri-sukumaran-nair കോടിയേരി ബാലകൃഷ്ണൻ, ജി.സുകുമാരൻ നായർ.

ചങ്ങനാശേരി ∙ ശബരിമല വിഷയത്തിൽ എൻഎസ്എസിനോടുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഉപദേശങ്ങൾ തികച്ചും അപ്രസക്തമെന്നു ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ശബരിമല വിഷയം സംബന്ധിച്ചു വിശ്വാസികൾക്കെതിരെ സർക്കാർ നീക്കം ഉണ്ടാകുന്നു എന്നറിഞ്ഞപ്പോൾത്തന്നെ, അങ്ങനെയൊരു നിലപാട് ബഹുഭൂരിപക്ഷം വിശ്വാസികളും അംഗീകരിക്കില്ലെന്നും നീക്കത്തിൽനിന്നു പിൻമാറുകയാണു നല്ലതെന്നും കോടിയേരി ബാലകൃഷ്ണനെ ഫോണിൽ അറിയിച്ചിരുന്നതാണ്. അല്ലാത്ത പക്ഷം വിശ്വാസ സംരക്ഷണത്തിനായി എൻഎസ്എസിനു നിലപാടു സ്വീകരിക്കേണ്ടിവരുമെന്നും അറിയിച്ചിരുന്നു. അതിനാലാണ് ഇപ്പോഴത്തെ ഉപദേശം അപ്രസക്തമാണെന്നു പറയേണ്ടി വരുന്നതെന്നു സുകുമാരൻ നായർ പറഞ്ഞു.

മന്നത്തു പത്മനാഭന്റെ ആദർശങ്ങളിൽ അടിയുറച്ചു നിന്നു നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ചരിത്രമാണ് എൻഎസ്എസിനുള്ളത്. വിശ്വാസ സംരക്ഷണവുമായി ഇതിനെ കൂട്ടിക്കുഴയ്ക്കേണ്ട കാര്യമില്ല. വിശ്വാസികൾക്ക് അനുകൂലമായി എൻഎസ്എസ് എടുത്തിട്ടുള്ള നിലപാട് വ്യക്തമാണ്. അതിന്റെ പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നും ഇക്കാര്യത്തിലുള്ള സർക്കാർ നയമാണു തിരുത്തേണ്ടതെന്നും ജി.സുകുമാരൻ നായർ പറഞ്ഞു.