Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രസീലും വലത്തേക്ക്; പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയ്ര്‍ ബോല്‍സോനാറോയ്ക്കു ജയം

jair-bolsonaro ജൈർ ബോൽസൊനാരോ പ്രചാരണ പരിപാടിക്കിടെ.

ബ്രസീലിയ∙ ബ്രസീല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തീവ്രവലതുപക്ഷ നേതാവും മുന്‍ പട്ടാള ക്യാപ്റ്റനുമായ ജയ്ര്‍ ബോല്‍സോനാറോയ്ക്കു ജയം. ബോല്‍സോനാറോയ്ക്ക് 55.2% വോട്ടും എതിരാളിയായ മുന്‍ സാവോപോളോ മേയറും ഇടതുപക്ഷ വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവുമായ ഫെര്‍നാണ്ടോ ഹദ്ദാദിനു 44.8% വോട്ടും ലഭിച്ചു.

ഈ മാസം ആദ്യം നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ ജയിക്കാനാവശ്യമായ 50% വോട്ട് നേടാന്‍ ബോല്‍സോനാറോയ്ക്ക് കഴിഞ്ഞിരുന്നില്ല. രാജ്യത്തു വ്യാപകമായ അഴിമതിയും നിയന്ത്രണാതീതമായ കുറ്റകൃത്യങ്ങളും തുടച്ചുനീക്കുമെന്ന വാഗ്ദാനവുമായാണ് ബോല്‍സോനാറോ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുമെന്ന് ബോല്‍സോനാറോ പറഞ്ഞു. ഒറ്റക്കെട്ടായി നിന്ന് ബ്രസീലിന്റെ ഭാവി ഭാഗഥേയും തിരുത്തുമെന്നും ജനങ്ങളെ അഭിസംബോധന ചെയ്ത് അദ്ദേഹം വ്യക്തമാക്കി. 

2003 മുതല്‍ 2016 വരെ ഇടത് ആഭിമുഖ്യമുള്ള വര്‍ക്കേഴ്‌സ് പാര്‍ട്ടി ഭരിച്ച ബ്രസീല്‍, ബോല്‍സോനാറോയുടെ ജയത്തോടെ വലതുപക്ഷത്തേക്കു തിരിയുന്നതിന്റെ സൂചനകളാണു നല്‍കുന്നത്. ദില്‍മ റൂസഫിനെ ഇംപീച്ച് ചെയ്തതിനെ തുടര്‍ന്നു കഴിഞ്ഞ രണ്ടു വര്‍ഷമായി കണ്‍സര്‍വേറ്റീവ് നേതാവായ മൈക്കല്‍ ടെമറാണ് ബ്രസീലിനെ നയിച്ചിരുന്നത്. 

ബ്രസീലില്‍ സകല മേഖലകളും വ്യാപിച്ചിരിക്കുന്ന അഴിമതിക്കെതിരെയുള്ള ജനരോഷമാണു ബോല്‍സോനാറോയ്ക്കു മുന്നേറ്റമുണ്ടാക്കിയത്. തീവ്രദേശീയതാവാദമുള്‍പ്പെടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ്  ട്രംപിന്റേതിനു സമാനമായ നിലപാടുകളുള്ള ബോല്‍സോനാറോയ്ക്കു 'ട്രോപ്പിക്കല്‍ ട്രംപ്' എന്നു വിളിപ്പേരുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പം, ബ്രസീല്‍ പാര്‍ലമെന്റായ കോണ്‍ഗ്രസിലേക്കു നടന്ന വോട്ടെടുപ്പിലും ബോല്‍സോനാറോയുടെ ചെറുപാര്‍ട്ടിയായ സോഷ്യല്‍ ലിബറല്‍ പാര്‍ട്ടി (എസ്എല്‍പി) നേട്ടമുണ്ടാക്കിയിരുന്നു. അഴിമതിയാരോപണങ്ങളില്‍ കുളിച്ചുനില്‍ക്കുന്ന ബ്രസീലിലെ പ്രധാനപാര്‍ട്ടികള്‍ക്കെതിരായ ജനവികാരമാണ് എസ്എല്‍പിയുടെ നേട്ടത്തിനു പിന്നില്‍. ചെറുപാര്‍ട്ടിയായ എസ്എല്‍പിയും ബോല്‍സോനാറോയും സമൂഹമാധ്യമങ്ങള്‍ പ്രയോജനപ്പെടുത്തിയാണു പ്രചാരണം നടത്തിയത്. പ്രചാരണത്തിനിടെ ബോല്‍സോനാറോയ്ക്ക് കുത്തേറ്റിരുന്നു. മന്ത്രിസഭയുടെ വലിപ്പം 15 ആയി കുറയ്ക്കും, നികുതി കുറയ്ക്കും, നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടുകയോ സ്വകാര്യമേഖലയ്ക്കു കൈമാറുകയോ ചെയ്യും തുടങ്ങിയ ഒട്ടേറെ വാഗ്ദാനങ്ങളാണ് ബോല്‍സോനാറോ നല്‍കിയിട്ടുള്ളത്.