Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎഇ ഭരണാധികാരിയെ പറ്റി കള്ളം പറഞ്ഞ് യൂസഫലിക്ക് ജീവിക്കാനാവുമോ?: പിണറായി

pinarayi-vijayan-ma-yusuf-ali പിണറായി വിജയൻ, എം.എ.യൂസഫലി

കൊച്ചി∙ കേരളത്തിന്റെ പ്രളയദുരിതാശ്വാസത്തിന് 700 കോടി രൂപ യുഎഇ വാഗ്ദാനം ചെയ്തിട്ടില്ലെന്ന തരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ ഇപ്പോൾ സ്വകാര്യ സംഭാഷണങ്ങളിൽ പറയുന്നതു തെറ്റാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇ ഭരണാധികാരി, ഇന്ത്യൻ പ്രധാനമന്ത്രിയെയാണ് ഇക്കാര്യം ആദ്യം അറിയിച്ചത്. ഇതിനു നന്ദി പറഞ്ഞു കൊണ്ടു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുമുണ്ട്. അബുദാബി ശക്തി സാഹിത്യ പുരസ്കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

യുഎഇ ഭരണാധികാരിയിൽ നിന്ന് അനുമതി വാങ്ങിയാണ് എം.എ.യൂസഫലി ഇക്കാര്യം തന്നോടു പറഞ്ഞതും താനതു പുറത്തു പറഞ്ഞതും. യുഎഇ ഭരണാധികാരിയെ പറ്റി കള്ളം പറഞ്ഞ്, യൂസഫലിക്ക് അവിടെ ജീവിക്കാൻ കഴിയുമോ? വിദേശത്തു പോകാൻ മന്ത്രിമാർക്ക് അനുമതി ലഭിക്കാത്തതു പുനർനിർമാണ ധനസമാഹരണത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. പുനർനിർമാണത്തിനു പ്രത്യേക പാക്കേജ് അനുവദിക്കാനും വായ്പാപരിധി വർധിപ്പിക്കാനും കേന്ദ്രസർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്. പക്ഷേ, എന്തെങ്കിലും കിട്ടുമെന്നു പ്രതീക്ഷിക്കാൻ പറ്റില്ലെന്നും പിണറായി പറഞ്ഞു.

പ്രബുദ്ധരായ മലയാളികളുള്ളിടത്തോളം കേരള സർക്കാരിനെ വലിച്ചു താഴെയിടാൻ ആർക്കും കഴിയില്ലെന്നു സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയ എഴുത്തുകാരൻ എം.മുകുന്ദൻ പറഞ്ഞു. കേരളത്തിന്റെ ഇടവഴികളിലെ വെളിച്ചം വൈദ്യുതി വിളക്കുകളുടേതല്ല, നവോത്ഥാന നായകരുടേതാണ്. ആ വെളിച്ചം കെടുത്തി, വീണ്ടും ഇരുട്ടാക്കാനാണു ചിലരുടെ ശ്രമം. ആപത്കരമായ സ്ഥിതിവിശേഷമാണിത്. അന്ധവിശ്വാസങ്ങളുടെ ലോകത്തേക്കു തിരിച്ചുപോകേണ്ടി വരുമോയെന്നു ഭയക്കുന്നു. പണ്ട്, സവർണരാണ് അവർണർക്കു വേണ്ടി സംസാരിച്ചതും സമരം ചെയ്തതും. ഇന്നതില്ല. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ സവർണരാണു മുന്നിൽ നിൽക്കേണ്ടിയിരുന്നത്– മുകുന്ദൻ പറഞ്ഞു. 

കവി പ്രഭാവർമ അധ്യക്ഷത വഹിച്ചു. ജി.ആര്‍.ഇന്ദുഗോപൻ, പി.കൃഷ്ണനുണ്ണി, ഡോ. കെ.എൻ.ഗണേഷ്, വിനോദ് വൈശാഖി, അഹമ്മദ് ഖാന്‍, സുഭാഷ് ചന്ദ്രന്‍, ഡോ. വി.പി.പി.മുസ്തഫ, ഡോ. പി.സോമന്‍, കെ.രാജേന്ദ്രന്‍ , ഡോ. ജോര്‍ജ് വര്‍ഗീസ് എന്നിവർ പുരസ്കാരം സ്വീകരിച്ചു. പ്രഫ. എം.കെ.സാനു, അബുദാബി ശക്തി തിയറ്റേഴ്‌സ് പ്രസിഡന്റ് വി.പി.കൃഷ്ണകുമാര്‍, കെ.രവിക്കുട്ടന്‍, അവാര്‍ഡ് കമ്മിറ്റി കണ്‍വീനർ എ.കെ.മൂസ എന്നിവർ പ്രസംഗിച്ചു.

വിനോദ് വൈശാഖി‍, പി.സോമന്‍, കെ.രാജേന്ദ്രന്‍ എന്നിവർ സമ്മാനത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി. ഡോ. പി.കെ.ശങ്കുണ്ണി മേനോന്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് 2 ലക്ഷം രൂപയുടെ ചെക്ക് ദുരിതാശ്വാസ നിധിയിലേക്കു നൽകി.

related stories