Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിപണിയിൽ നേരിയ വർധനയോടെ തുടക്കം; രൂപയ്ക്കും മൂല്യ വർധന

bse-bull-single

കൊച്ചി ∙ ഏഴു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കു കൂപ്പുകുത്തിയ ഓഹരി വിപണി ഇന്നു നേരിയ വർധനവോടെ വ്യാപാരം ആരംഭിച്ചു. കഴിഞ്ഞയാഴ്ച 10,030.00ൽ ക്ലോസ് ചെയ്ത നിഫ്റ്റി 10078.10 ലും 33349.31 ൽ ക്ലോസ് ചെയ്ത സെൻസെക്സ് 31549.88 ലും വ്യാപാരം ആരംഭിച്ചു. ‌നിഫ്റ്റി 10000 എന്ന സപ്പോർട്ടിങ് ലവൽ തുടർന്നാൽ വിപണിയിൽ ഒരു പുൾബാക്ക് റാലി പ്രതീക്ഷിക്കുന്നതായി സെലിബ്രസ് ക്യാപിറ്റൽ അനലിസ്റ്റ് ജോസ് മാത്യു വിലയിരുത്തുന്നു. 10,000 എന്ന സപ്പോർട്ടിങ് ലവലിന് ഇടിവുണ്ടായാൽ 9950 – 9900 എന്ന നിലയിലേക്ക് എത്തിയേക്കാം. ഇന്നത്തെ റെസിസ്റ്റൻസ് ലവൽ 10100 –10150 ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജോസ് മാത്യു പറയുന്നു. 

വിപണയിൽ എല്ലാ സെക്ടറും പോസിറ്റീവ് പ്രവണതയിലാണ്. പബ്ലിക് സെക്ടർ ബാങ്കുകൾ, ഫാർമ, റിയൽറ്റി, ഓട്ടോ സെക്ടറുകളാണ് ഏറ്റവും ഉയർന്ന നിലയിലുള്ളത്. 1170 സ്റ്റോക്കുകൾ പോസിറ്റീവായും 491 സ്റ്റോക്കുകൾ നെഗറ്റീവായും വ്യാപാരം തുടരുന്നു. വിപണിയിലെ മികച്ച നിലയിലുള്ള ഷെയറുകൾ ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഡോക്ടർ റെഡ്ഡി, എസ്ബിഐ ബാങ്ക് എന്നിവയാണ്. അതേസമയം ഇൻഡിസ് ഇൻഡ് ബാങ്ക്, കൊട്ടാക് ബാങ്ക്, യെസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ നെഗറ്റീവ് നിലയിലാണ്. 

ഏഷ്യൻ വിപണിയിൽ സമ്മിശ്ര പ്രതികരണമാണ് ദൃശ്യമാകുന്നത്. യുഎസ്, യൂറോപ്യൻ വിപണികളിൽ കഴിഞ്ഞ ദിവസവും ഇടിവ് പ്രകടമായി. അസംസ്കൃത എണ്ണയുടെ വിലവർധനയും യുഎസ് – ചൈന വ്യാപാര യുദ്ധം മൂർച്ഛിക്കുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നതും യുഎസ് പലിശനിരക്കുകൾ മെച്ചപ്പെട്ടതുമൊക്കെയാണ് ഇന്ത്യ ഉൾപ്പടെയുള്ള വികസ്വര വിപണികളിലെല്ലാം വിൽപന സമ്മർദം നേരിട്ടത്. ഓഹരി വിപണിയിലെ ഇടിവ് മുതലാക്കുന്നതിനായി നിക്ഷേപകർ വരുമെന്ന പ്രതീക്ഷയിലാണ് വിപണി.