Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാം വയസ്സിൽ ഉറപ്പിച്ച വിവാഹത്തിനു നിർബന്ധിക്കുന്നു; പൊലീസ് സ്റ്റേഷനിൽ യുവതിയുടെ ആത്മഹത്യാ ശ്രമം

Representative Image

ജോധ്പുർ∙ മൂന്നാം വയസ്സിൽ മാതാപിതാക്കൾ ഉറപ്പിച്ച വിവാഹത്തിന് വരന്റെ വീട്ടുകാർ നിർബന്ധിക്കുന്നുവെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷനിൽ ഇരുപത്തിരണ്ടുകാരിയുടെ ആത്മഹത്യാ ശ്രമം. രാജസ്ഥാനിലെ ജോധ്പുർ സ്വദേശിനി ദിവ്യ ചൗധരിയാണു പൊലീസ് സ്റ്റേഷനിൽ വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. വരന്റെ വീട്ടുകാർക്കും പഞ്ചായത്ത് അധികൃതർക്കും എതിരെ നിരവധി തവണ പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിക്കാത്തതിൽ മനംനൊന്തായിരുന്നു ദിവ്യയുടെ ആത്മഹത്യാ ശ്രമം.

സംഭവം ഇങ്ങനെ: ദിവ്യയും ജീവ്‌രാജുമായുള്ള വിവാഹം ഇരുവരുടെയും മൂന്നാം വയസ്സിൽ മാതാപിതാക്കൾ ഉറപ്പിച്ചു. പിന്നീട്, വിവാഹത്തിനു താൽപര്യമില്ലെന്നു ദിവ്യ നിരവധി തവണ അറിയിച്ചിരുന്നെങ്കിലും ജീവ്‌രാജിന്റെ വീട്ടുകാർ സമ്മതിച്ചില്ല. ഒടുവിൽ, പഞ്ചായത്തിൽ പരാതി നൽകി. എന്നാൽ ഉറപ്പിച്ച വിവാഹത്തിൽനിന്നു പിന്മാറിയതിന് ജീവ്‌രാജിന്റെ കുടുംബത്തിന് 16 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ പഞ്ചായത്ത് നിർദേശിച്ചു. ഇതിനെതിരെ ദിവ്യ പൊലീസിൽ പരാതി നൽകി.

ജീവ്‌രാജിന്റെ കുടുംബം അപ്പോഴും വിവാഹത്തിനു നിർബന്ധിച്ചുകൊണ്ടേയിരുന്നു. നിരവധി തവണ പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. അതിനിടെ, പരാതി പിൻവലിച്ചില്ലെങ്കിൽ 20 ലക്ഷം രൂപ നൽകണമെന്നും പരസ്യമായി മാപ്പു പറയണമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ദിവ്യ പൊലീസ് സ്റ്റേഷനിൽ മാതാപിതാക്കളോടൊപ്പമെത്തി ആത്മഹത്യയ്ക്കു ശ്രമിച്ചത്.

വീട്ടിൽനിന്നു പുറത്തിറങ്ങാൻ പോലും സാധിക്കാത്ത രീതിയിലുള്ള സമ്മർദ്ദത്തിലാണു താനെന്നു ദിവ്യ പറഞ്ഞു. സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ച സംഭവിച്ചോയെന്ന് അന്വേഷിക്കുമെന്നും അധികൃതർ അറിയിച്ചു. പരാതിയിൽ പഞ്ചായത്ത് സർപഞ്ച് ഉൾപ്പെടെ അഞ്ചു പേർക്കെതിരെ കേസെടുത്തു. കേസിന്റെ അന്വേഷണം പട്ടികജാതി സെല്ലിലെ ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനു കൈമാറിയതായും അവർ പറഞ്ഞു.