Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിവിസിക്കെതിരായ പരാതി: മാര്‍ഗനിര്‍ദേശം തയാറാക്കുകയാണെന്നു കേന്ദ്രസര്‍ക്കാര്‍

Narendra Modi പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി∙ കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ക്കെതിരായ (സിവിസി) പരാതികള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം തയാറാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയം. നിലവില്‍ ഇതിനു മാര്‍ഗരേഖകള്‍ ഇല്ലെന്നും വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനു മറുപടിയായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 

സിബിഐ ഡയറക്ടര്‍ അലോക് വര്‍മ, സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താന എന്നിവര്‍ക്കെതിരായ അന്വേഷണവുമായി ബന്ധപ്പെട്ടു സിബിഐയില്‍ വിവാദം പുകയുന്നതിനിടെയാണ് വിജിലന്‍സ് കമ്മിഷണര്‍ക്കെതിരായ പരാതി കൈകാര്യം ചെയ്യുന്നതില്‍ വ്യക്തത വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നത്. അലോക് വര്‍മയ്‌ക്കെതിരായ ആരോപണത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി കേന്ദ്ര വിജിലന്‍സ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ക്കെതിരായ പരാതികള്‍ കൈകാര്യം ചെയ്യാന്‍ മാര്‍ഗ നിര്‍ദേശങ്ങളൊന്നുമില്ലെന്ന് പഴ്‌സനല്‍ മന്ത്രാലയം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. മാര്‍ഗനിര്‍ദേശം തയാറാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. തയാറായിക്കഴിഞ്ഞാല്‍ പരാതികളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ സഞ്ജീവ് ചതുര്‍വേദിയാണ് വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചത്. 

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട അഴിമതിക്കേസുകളിലെ അന്വേഷണം കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ കെ.വി.ചൗധരി അവസാനിപ്പിച്ചുവെന്നും ഇതേക്കുറിച്ച് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ചതുര്‍വേദി രാഷ്ട്രപതിക്കു പരാതി നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് പഴ്‌സനല്‍ മന്ത്രാലയവുമായി നടത്തിയ ആശയവിനിമയത്തിന്റെ വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ചതുര്‍വേദി വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂലൈ 15-നാണ് രാഷ്ട്രപതിയുടെ ഓഫിസില്‍ ചതുര്‍വേദി അപേക്ഷ നല്‍കിയത്. ജൂലൈ 27-ന് പ്രസിഡന്റിന്റെ ഓഫിസ് അപേക്ഷ പഴ്‌സനല്‍ മന്ത്രാലയത്തിനു കൈമാറി. സിവിസി നിയമത്തിന്റെ ആറാം വകുപ്പ് പ്രകാരം സിവിസിക്കെതിരായ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതിക്ക് നിര്‍ദേശം നല്‍കാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ടെന്നു ചതുര്‍വേദി ചൂണ്ടിക്കാട്ടി. 7 കേസുകളുടെ വിവരങ്ങളും ചതുര്‍വേദി രാഷ്ട്രപതിയുടെ ഓഫീസിനു കൈമാറിയിരുന്നു. 

എയിംസില്‍ ചീഫ് വിജിലന്‍സ് ഓഫീസര്‍ ആയിരിക്കെ ചതുര്‍വേദി വിവിധ അഴിമതി കേസുകള്‍ സിബിഐക്കു മുന്നില്‍ എത്തിച്ചിരുന്നു. വിശദമായ അന്വേഷണത്തിനു ശേഷം സിബിഐ 4 കേസുകളില്‍ വകുപ്പുതല അന്വേഷണത്തിനു ശുപാര്‍ശ ചെയ്തു. എന്നാല്‍ ഈ കേസുകള്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ അവസാനിപ്പിക്കുകയായിരുന്നു. ഇതിനെതിരെയാണ് ചതുര്‍വേദി രാഷ്ട്രപതിയെ സമീപിച്ചത്. എയിംസിലെ അഴിമതി കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ആരോഗ്യമന്ത്രാലയം ശുഷ്‌കാന്തി കാട്ടുന്നില്ലെന്ന് പാര്‍ലമെന്റിന്റെ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

related stories