Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വന്നത് ഒരേ വിമാനത്തിൽ, സ്വീകരണം പിണറായിക്ക്; ഗഡ്കരിയെ ഒഴിവാക്കി

nitin-gadkari-pinarayi-vijayan-kannur കേന്ദ്രമന്ത്രി നിതിൻ ഗഡ്‌ഗിരിയും മുഖ്യമന്ത്രി പിണറായി വിജയനും കണ്ണൂർ എയർപോർട്ടിൽ.

കണ്ണൂർ∙ ഒരേ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലെത്തിയെങ്കിലും സ്വീകരണം മുഖ്യമന്ത്രി പിണറായി വിജയനു മാത്രം. ഇതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ തിരിച്ചുവിളിച്ചു സ്വീകരണം നൽകി. മട്ടന്നൂർ വിമാനത്താവളത്തിലാണു നാടകീയ സംഭവങ്ങൾ.

Pinarayi Vijayan കണ്ണൂർ വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പ്രവർത്തകർ സ്വീകരിക്കുന്നു. ചിത്രം: എം.ടി.വിധുരാജ്

നേതാക്കളെ പ്രതീക്ഷിച്ച് എല്ലാവരും കാത്തുനിന്നതു ഡിപ്പാർച്ചർ ഗേറ്റിൽ. എന്നാൽ ഫയർ എക്സിറ്റ് ഗേറ്റ് വഴിയാകും ഇവരെത്തുകയെന്നു വിവരം കിട്ടി സിപിഎം പ്രവർത്തകർ മാത്രം ഇവിടെയെത്തി. ഇക്കാര്യം ബിജെപിക്കാർ അറിഞ്ഞില്ല. ഫയർ എക്സിറ്റ് ഗേറ്റ് വഴി ആദ്യമെത്തിയ കാറിൽ പിണറായി വിജയൻ. പ്രവർത്തകർക്കായി കാർ നിർത്തി. ഷാളിട്ടു പിണറായിയെ സ്വീകരിച്ച പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. പിന്നിലെ കാറിലുണ്ടായിരുന്ന നിതിൻ ഗഡ്കരിയെ സിപിഎമ്മുകാർ അവഗണിച്ചു.

Nithin Gadkari കണ്ണൂർ വിമാനത്താവളത്തിലെത്തിയ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ ബിജെപി പ്രവർത്തകർ സ്വീകരിച്ചപ്പോൾ. ചിത്രം: എം.ടി.വിധുരാജ്

കേന്ദ്രമന്ത്രിയെ സ്വീകരിക്കാൻ നിന്നിരുന്ന ബിജെപിക്കാർ വിവരമറിഞ്ഞപ്പോഴേക്കും ഗഡ്കരിയുടെ കാർ പുറത്തിറങ്ങി. കാറിൽ ഒപ്പമുണ്ടായിരുന്ന വി.മുരളീധരൻ എംപിയെ വിളിച്ചു നേതാക്കൾ പരാതിപ്പെട്ടു. ഇതോടെ കേന്ദ്രമന്ത്രിയുടെ കാർ ഡിപ്പാർച്ചർ ഗേറ്റിനു സമീപത്തേക്കു തിരിച്ചുവിട്ടു. അവിടെ സി.കെ.പത്മനാഭൻ, ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് തുടങ്ങിയവരുടെ നേതൃത്വത്തി‍ൽ കേന്ദ്രമന്ത്രിയെ സ്വീകരിച്ചു. കേന്ദ്രമന്ത്രിയെ സിപിഎം അപമാനിച്ചെന്നു ബിജെപി ആരോപിച്ചു.

Nithin Gadkari കണ്ണൂർ വിമാനത്താവളത്തിലെത്തിയ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ ബിജെപി പ്രവർത്തകർ സ്വീകരിച്ചപ്പോൾ. ചിത്രം: എം.ടി.വിധുരാജ്

മുഖ്യമന്ത്രിയും നിതിൻ ഗഡ്കരിയും ഒരേ വിമാനത്തിലാണെത്തിയത്. മുഖ്യമന്ത്രിക്കായി ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തിൽ ഇതിനു മുൻപായി മന്ത്രി കെ.കെ.ശൈലജയെത്തി. അമിത് ഷായ്ക്കു ശേഷം മട്ടന്നൂർ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരിയായി കെ.കെ.ശൈലജ.

related stories