Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിവാജി സ്മാരകം അറബിക്കടലില്‍ തന്നെ; സ്ഥലം മാറ്റില്ല: ദേവേന്ദ്ര ഫഡ്‌നാവിസ്

shivaji-statue

മുംബൈ∙ ഛത്രപതി ശിവാജി സ്മാരകം അറബിക്കടലില്‍ തന്നെ നിര്‍മിക്കുമെന്നും നിര്‍ദിഷ്ട സ്ഥലത്തുനിന്നു മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. നിശ്ചയിച്ച സ്ഥലത്തു തന്നെ പ്രതിമ ഉയരും. സ്മാരക നിര്‍മാണത്തിനായി എല്ലാ അനുമതിയും ലഭിച്ചുകഴിഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു. മുംബൈ തീരത്തുനിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് 3600 കോടി രൂപ ചെലവഴിച്ച് സ്മാരകം നിര്‍മിക്കുന്നത്. 

നിര്‍മാണം ആരംഭിക്കാനിരുന്ന ഒക്‌ടോബര്‍ 24-ന് അവിടേയ്ക്കു പോയ ബോട്ട് മുങ്ങി ഒരാള്‍ മരിച്ചതിനെ തുടര്‍ന്നു പ്രതിമയുടെ നിര്‍മാണം കരയിലേക്കു മാറ്റണമെന്നു ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കടലില്‍ തന്നെ നിര്‍മാണം നടത്തുമെന്ന വിശദീകരണവുമായി മുഖ്യമന്ത്രി നേരിട്ടു രംഗത്തെത്തിയത്. 

ബോട്ട് മുങ്ങിയ സംഭവം ദൗര്‍ഭാഗ്യകരമാണെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഫഡ്‌നാവിസ് പറഞ്ഞു. കുറുക്കുവഴിയിലൂടെ നിര്‍മാണ സ്ഥലത്തേക്കു പോകാന്‍ ബോട്ട് ഡ്രൈവര്‍ ശ്രമിച്ചതാണ് അപകടത്തിനു കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെന്നും അദ്ദേഹം അറിയിച്ചു.

പതിറ്റാണ്ടുകള്‍ക്കു മുമ്പു ഛത്രപതി ശിവാജി കടലില്‍ ഏറെ ദുര്‍ഘടമായ മേഖലകളില്‍ കോട്ടകള്‍ നിര്‍മിച്ചിട്ടുണ്ട്. നിലവില്‍ ഇത്രയും സൗകര്യപ്രദമായ പ്രദേശത്തു അദ്ദേഹത്തിനു സ്മാരകം നിര്‍മിക്കുന്നതിനെക്കുറിച്ച് ഇത്രയേറെ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു. സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിമ രാജ്ഭവന്‍ പരിസരത്തോ കൊങ്കണിലെ സിന്ധുദുര്‍ഗാ കോട്ടയിലോ നിര്‍മിക്കണമെന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ ആവശ്യം ഉന്നയിച്ചിരുന്നു. 

ആഴക്കടലില്‍ പ്രത്യേക ദ്വീപ് പോലെ ക്രമീകരിച്ച് നാലു വശവും ശിവാജിയുടെ കോട്ടയെ അനുസ്മരിപ്പിക്കുന്ന മതില്‍ തീര്‍ത്താണ് അതിനകത്ത് പ്രതിമ സ്ഥാപിക്കുന്നത്. സന്ദര്‍ശക ജെട്ടി, സന്ദര്‍ശകരുടെ വിശ്രമകേന്ദ്രം, മ്യൂസിയം, ആര്‍ട് ഗാലറി, ഭക്ഷണശാല, കാഴ്ചഗാലറി എന്നിവയും ഇവിടെയുണ്ടാകും. ബിജെപി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ അറബിക്കടലിലെ ശിവാജി പ്രതിമയുടെ നിര്‍മാണം അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു മുന്‍പ് തീര്‍ക്കാനായിരുന്നു തീരുമാനം. എന്നാല്‍, നിര്‍മാണം പോലും തുടങ്ങാനായിട്ടില്ല.