Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കര്‍വാ ചൗഥ് ദിനത്തില്‍ ഭാര്യയെ ഫ്ളാറ്റില്‍നിന്ന് തള്ളിയിട്ടു കൊന്ന് ഭര്‍ത്താവ്

Representational image പ്രതീകാത്മക ചിത്രം

ഗുഡ്ഗാവ്∙ ഭാര്യയെ ഫ്ളാറ്റിന്റെ എട്ടാം നിലയിൽനിന്നു താഴേക്കു തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഫരീദാബാദിലെ അൻസൽ വാലി വ്യൂ സൊസൈറ്റിയിലാണു സംഭവം. ബാങ്ക് ഉദ്യോഗസ്ഥയായ ദീപിക് ചൗഹാനെ(32)യാണു വിക്രം ചൗഹാൻ കൊലപ്പെടുത്തിയത്.

ഭർത്താവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി ഭാര്യ വ്രതമെടുക്കുന്ന **കർവാ ചൗഥ് ദിനത്തിലായിരുന്നു ഈ ക്രൂരകൃത്യം. ശനിയാഴ്ചയായിരുന്നു കർവ ചൗഫ്. അന്നു വൈകിട്ട് ദീപികയും വിക്രമും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നു പൊലീസ് പറയുന്നു. വിക്രം അതേ ഫ്ളാറ്റിലെ തന്നെ വിവാഹിതയായ മറ്റൊരു യുവതിയുമായി അടുപ്പത്തിലായിരുന്നു. അവർ ഇടയ്ക്കിടെ വിക്രമിന്റെ ഫ്ളാറ്റിലും ചെല്ലാറുണ്ടായിരുന്നു. ഇതേച്ചൊല്ലി ദീപികയുമായി വഴക്കും പതിവായിരുന്നുവെന്നു പിതാവ് അഹൂജ പറഞ്ഞു.

ദീപികയെ വിക്രം മർദിക്കാറുമുണ്ടായിരുന്നു. ഇതിനുപിന്നാലെ ഫ്ളാറ്റിന്റെ ബാൽക്കണിയിൽനിന്നു ദീപികയെ വിക്രം തള്ളിയിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിക്രമും ദീപികയും പ്രണയിച്ചു വിവാഹിതരായവരാണ്. ഇവർക്ക് നാലു വയസ്സുള്ള മകളും ആറുമാസം പ്രായമുള്ള മകനുമുണ്ട്. അറസ്റ്റു ചെയ്ത വിക്രമിനെ രണ്ടു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു.

** ഭർത്താവിന്റെ രക്ഷയ്ക്കും ആയുസ്സിനും വേണ്ടി സൂര്യോദയം മുതൽ ചന്ദ്രോദയം വരെ വടക്കേ ഇന്ത്യയിലെ ഹിന്ദു സ്ത്രീകൾ എടുക്കുന്ന ഒരു ദിവസത്തെ വ്രതമാണു കർവാ ചൗഥ്.

related stories