Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവനന്തപുരത്തെ പ്ലാസ്റ്റിക് ഉൽപന്ന ശാലയിൽ വൻ തീപിടിത്തം; 40 കോടിയുടെ നഷ്ടം

∙ 40 കോടിയുടെ നഷ്ടം
∙ തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി ജില്ലകളിലെ ഫയർ എൻജിനുകൾ എത്തി
∙ രണ്ടു കിലോമീറ്റർ ചുറ്റളവിലുള്ള സ്കൂളുകൾക്ക് അവധി
∙ സർക്കാർ അന്വേഷണം നടത്തും
∙ കിലോമീറ്ററുകൾ മാത്രമകലെ കാര്യവട്ടത്തെ ഏകദിന മൽസരത്തെ ബാധിക്കില്ല


കഴക്കൂട്ടം(തിരുവനന്തപുരം) ∙ ശ്രീകാര്യം മൺവിളയിലെ വ്യവസായ എസ്റ്റേറ്റിനുള്ളിൽ പ്രവർത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക്സിന്റെ നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം. ആളപായമില്ല. അഞ്ചു നിലയുള്ള കെട്ടിടവും അസംസ്കൃത വസ്തുക്കളും പൂർണമായും കത്തിയമർന്നു. 40 കോടിയുടെയെങ്കിലും നഷ്ടം കണക്കാക്കുന്നു. പൊട്ടിത്തെറികളും ഉണ്ടായി.

factory-fire-main-pic ശ്രീകാര്യത്ത് പ്ലാസ്റ്റിക് നിർമാണ യൂണിറ്റിന് തീപിടിച്ചപ്പോൾ ചിത്രം ∙ മനോജ് ചേമഞ്ചേരി

READ: ശകുന്തള ഞെട്ടലോടെ കണ്ടു, എല്ലാം തീഗോളമാകുന്നത്..

factory-at-night മൺവിള വ്യവസായ എസ്റ്റേറ്റിൽ ഫാമിലി പ്ലാസ്റ്റിക് യൂണിറ്റിൽ തീ പടരുന്നു.

തീപിടിത്തം കണക്കിലെടുത്ത് മൺവിള, കുളത്തൂർ വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ: കെ.വാസുകി അറിയിച്ചു. പുലർച്ചെയോടെ തീ നിയന്ത്രണവിധേയമായി. ഒരു കെട്ടിടം പൂർണമായി കത്തി നശിച്ചു.

factory-at-morning മൺവിളയിലെ പ്ലാസ്റ്റിക് ഉൽപന്നശാല തീപിടിത്തത്തിനു ശേഷം.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച വൈകിട്ട് 6.30നാണ് ഉൽപാദന യൂണിറ്റിന്റെ 3–ാം നിലയിൽ നിന്നും തീയും പുകയും ഉയർന്നത്. രണ്ടാം ഷിഫ്റ്റിൽ ജോലിചെയ്യാനെത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 120 പേർ ഈ സമയം കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും എല്ലാവരും ഓടി രക്ഷപ്പെട്ടു. കെട്ടിടമാകെ തീ വ്യാപിച്ചതിനാൽ വലിയ ശബ്ദത്തിൽ ഇരുപതിലേറെ പൊട്ടിത്തെറികളുണ്ടായി.

fire-tvm തീപിടിത്തമുണ്ടായ ഫാക്ടറിക്കുമുന്നിൽ അഗ്നിരക്ഷാ സേനാംഗങ്ങൾ. ചിത്രം: ജിക്കു വർഗീസ് ജേക്കബ്

തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി ജില്ലകളിലെ അഗ്നിശമന യൂണിറ്റുകളും എത്തിയെങ്കിലും പുലർച്ചയോടെ മാത്രമാണ് തീ നിയന്ത്രണവിധേയമായത്. അൻപതോളം ഫയർ എൻജിനുകൾ സ്ഥലത്തെത്തി. തിരുവനന്തപുരം എയർപോർട്ട്, വിഎസ്‌എസ്‌സി, എയർഫോഴ്സ് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമനയൂണിറ്റുകളും തീയണയ്ക്കാനായി എത്തിച്ചു.

factory-fire-more-pic തീ വിളയാട്ടം : തിരുവനന്തപുരം ശ്രീകാര്യം മൺവിള വ്യവസായ എസ്റ്റേറ്റിൽ ഫാമിലി പ്ലാസ്റ്റിക് നിർമാണ യൂണിറ്റിലുണ്ടായ തീപിടിത്തം. ചിത്രം: മനോരമ

READ: എല്ലാം വിഴുങ്ങി, തീ; 120 പേർ രക്ഷപ്പെട്ടത് അദ്ഭുതകരമായി ...

പ്ലാസ്റ്റിക് ഫാക്ടറിക്കു സമീപം സൂക്ഷിച്ചിരുന്ന കെമിക്കൽ ബാരലുകളും രാസവസ്തുക്കളുമാണു തീപിടുത്തത്തിന്റെ വ്യാപ്തി കൂട്ടിയത്. രണ്ടേക്കറോളം വരുന്ന ഇവിടത്തെ പ്രധാന യൂണിറ്റിൽ പ്രവർത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക്കിന്റെ നിർമാണ യൂണിറ്റിലും ഗോഡൗണിലും തീ വ്യാപിച്ചു.

tvm-fire തീപിടിത്തത്തിൽ കത്തിനശിച്ച കസേരകൾ. ചിത്രം: ജിക്കു വർഗീസ് ജേക്കബ്

ഫാക്ടറിക്കുള്ളിൽ നിന്നും ഇടക്കിടെ വൻ ശബ്ദത്തോടെ പൊട്ടിത്തെറികൾ ആവർത്തിച്ചതിനാൽ രാത്രി അഗ്നിശമന സേനാംഗങ്ങൾക്ക് കമ്പനിക്കുള്ളിൽ പ്രവേശിക്കാനാകാത്തതാണ് സ്ഥിതി ഗുരുതരമാക്കിയത്. ആദ്യം ജീവനക്കാർ തന്നെ തീയണയ്ക്കാൻ ശ്രമിച്ചെന്നും അഗ്നിശമന സേനയെ അറിയിക്കുന്നതിൽ കാലതാമസമുണ്ടായതായും ആക്ഷേപമുയർന്നു. രാത്രി ഫാക്ടറിക്കു കിലോമീറ്ററോളം ചുറ്റളവിൽ കറുത്ത പുക പടർന്നത് ആശങ്ക പരത്തി. വിഷപ്പുക ശ്വസിച്ചു കുഴഞ്ഞുവീണ തൊഴിലാളികളായ ജയറാം രഘു (18), ഗിരീഷ്(28) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

fire-engine-from-airport തിരുവനന്തപുരം ശ്രീകാര്യം മൺവിള വ്യവസായ എസ്റ്റേറ്റിൽ ഫാമിലി പ്ലാസ്റ്റിക് നിർമാണ യൂണിറ്റിലുണ്ടായ തീ കെടുത്താനെത്തിയ ഫയർഫോഴ്സ് വാഹനങ്ങൾ. വിമാനത്താവളങ്ങളിൽ അഗ്നിബാധയുണ്ടാകുമ്പോൾ ഉപയോഗിക്കുന്ന പാന്തർ വാഹനമാണിത്. ചിത്രം: മനോരമ

വ്യാഴാഴ്ച മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിനായി നിർമ്മിച്ച വേദിക്കടുത്താണ് തീപിടിത്തമുണ്ടായ ഫാക്ടറി. തീപിടുത്തത്തെ തുടർന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലെ ആളുകളെയെല്ലാം ഒഴിപ്പിച്ചു. ഫാക്ടറിക്കു സമീപത്തു പ്രവർത്തിക്കുന്ന മൺവിള ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിനെ തീപിടുത്തം ബാധിച്ചില്ല. എങ്കിലും ഫാക്ടറിയിലുണ്ടായ തീപിടുത്തത്തെ തുടർന്നുള്ള പ്രദേശത്തുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്തു വ്യാഴാഴ്ച നടത്താനിരുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്വയംഭരണ പ്രഖ്യാപന പരിപാടി മാറ്റിവച്ചതായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

ആകാശം മുട്ടെ വിഷപ്പുക: ചിതറിയോടി ജനം 

ആകാശം മുട്ടുന്ന തരത്തിൽ തീ. കറുത്ത വിഷപ്പുക ശ്വസിക്കാനാകാതെ ആളുകൾ ചിതറിയോടുന്ന കാഴ്ച. .അത്യാധുനിക സംവിധാനങ്ങളോടു കൂടിയ അഗ്നിശമന യൂണിറ്റുകൾ കിണഞ്ഞു പരിശ്രമിച്ചിട്ടും തീയണക്കാൻ പറ്റാത്ത അവസ്ഥ. മൺവിളയിൽ ബുധനാഴ്ച വൈകിട്ട് ആറര മുതൽ കണ്ട കാഴ്ചകൾ ഇതൊക്കെയായിരുന്നു. ഇതിനിടയിൽ ഫാക്ടറിയിൽ നിന്നും വൻശബ്ദത്തോടെ പൊട്ടിത്തെറികളും തുടർന്നു. കെൽട്രോൺ അടക്കമുള്ള ഫാക്ടറികളും വ്യവസായ സ്ഥാപനങ്ങളും സമീപത്തുണ്ടെങ്കിലും അവിടേയ്ക്ക് തീ പടരാതിരുന്നത് ആശ്വാസമായി.

fire-trivandrum മൺവിളയിലെ പ്ലാസ്റ്റിക് ഉൽപന്നശാലയിലുണ്ടായ തീപിടിത്തം.

തീപിടിത്തം ക്രിക്കറ്റ് കളിയെ ബാധിക്കില്ല

ശ്രീകാര്യത്തെ തീപിടിത്തം വ്യാഴാഴ്ച കാര്യവട്ടം സ്പോർട്സ് ഹബിലെ ഇന്ത്യ– വിൻഡീസ് ഏകദിന ക്രിക്കറ്റിനെ ബാധിക്കില്ലെന്ന് ജില്ലാ കലക്ടർ ഡോ.കെ.വാസുകി അറിയിച്ചു.

fire-in-trivandrum മൺവിള വ്യവസായ എസ്റ്റേറ്റിൽ ഫാമിലി പ്ലാസ്റ്റിക് നിർമാണ യൂണിറ്റിന് തീപിടിച്ചതിനു പിന്നാലെ അഗ്നിശമന സേനാംഗങ്ങൾ എത്തിയപ്പോൾ.

വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി
തീ നിയന്ത്രണവിധേയമായെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. സ്ഥാപനമുടമകൾക്ക് സംശയമുണ്ടെങ്കിലും ഇല്ലെങ്കിലും അന്വേഷണം നടത്തും. അഗ്നിശമന സേനയും പൊലീസും സമഗ്രമായ അന്വേഷണം നടത്തും. തീയണഞ്ഞ ശേഷം ഫൊറൻസിക് വിദഗ്ധർ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. കമ്പനിയിലെ എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

അട്ടിമറി സാധ്യത തള്ളുന്നില്ലെന്ന് കമ്പനി
തീപിടിത്തത്തിൽ ഒരു കെട്ടിടം പൂർണമായും കത്തിനശിച്ചു. രണ്ടാമത്തെ കെട്ടിടത്തിലും വൻ നാശനഷ്ടമുണ്ടായി. ഇവിടെ രാവിലെ എട്ടുമണിയായിട്ടും തീയണയ്ക്കാനായില്ല. ഇതിനിടെ സംഭവത്തിൽ അട്ടിമറി സാധ്യത തള്ളുന്നില്ലെന്ന് കമ്പനി അധികൃതർ പറഞ്ഞു.

fire-plastic-factory മൺവിളയിലെ പ്ലാസ്റ്റിക് ഉൽപന്നശാലയിലുണ്ടായ തീപിടിത്തം.

മൂന്നു ദിവസം; രണ്ടു തീപിടിത്തം

മൂന്നു ദിവസത്തിന്റെ ഇടവേളയിൽ രണ്ടു തീപിടിത്തങ്ങളാണു ഫാമിലി പ്ലാസ്റ്റിക്സിലുണ്ടായത്. തിങ്കളാഴ്ച സ്റ്റോറിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. രണ്ടു ദിവസത്തിനു ശേഷമാണു വീണ്ടും തീപിടിത്തം ആവർത്തിച്ചത്. ഇത്തവണ തീപടർന്നത് ഇക്കോണമി വിഭാഗത്തിൽ നിന്നാണെന്നു മാത്രം. അടുപ്പിച്ചുണ്ടായ തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണു നാട്ടുകാരുടെ പക്ഷം. കഴിഞ്ഞ ദിവസം ട്യൂബ് ലൈറ്റിൽ‌ നിന്നുണ്ടായ തീപ്പൊരിയാണ് അപകടത്തിനു കാരണമായതെന്നു ജീവനക്കാർ പറയുന്നു. ഇത്തവണ എന്താണു സംഭവിച്ചതെന്നു വ്യക്തമല്ല. 160 സെന്റിലാണു ഫാമിലി പ്ലാസ്റ്റിക്സിന്റെ കെട്ടിടങ്ങളുള്ളത്. നാലു കെട്ടിടങ്ങളിൽ രണ്ടെണ്ണമാണു അഗ്നിക്കിരയായത്.

fire-at-family-plastic-unit-1 മൺവിള വ്യവസായ എസ്റ്റേറ്റിൽ ഫാമിലി പ്ലാസ്റ്റിക് യൂണിറ്റിൽ തീ പടരുന്നു.

ശകുന്തള കണ്ടു; എല്ലാം തീഗോളമാകുന്നത്
ഫാമിലി പ്ലാസ്റ്റിക്സിനു സമീപത്തുനിന്ന് ആദ്യ പൊട്ടിത്തെറി കേട്ടപ്പോൾ ശകുന്തള കരുതിയത് പിറ്റേന്നു നടക്കാനിരിക്കുന്ന ചടങ്ങിന്റെ ഭാഗമായി പടക്കം പൊട്ടിച്ചതാകുമെന്നാണ്. എന്നാലും ഒരു ദിവസം കഴിഞ്ഞു നടക്കുന്ന പരിപാടിക്ക് ഇപ്പോഴെന്തിന് ആഘോഷമെന്നു കരുതി പുറത്തേക്കു നോക്കിയപ്പോൾ തൊട്ടടുത്ത കെട്ടിടത്തിൽനിന്നുള്ള കറുത്ത പുക ആകാശം മുട്ടെ ഉയർന്നിരുന്നു. അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്വയംഭരണ പ്രഖ്യാപനത്തിന്റെ ഭാഗമായി നിരത്തിലെങ്ങും സ്ഥാപിച്ച ഉച്ചഭാഷിണികളിലെ പാട്ടുകൾ പെട്ടെന്നു നിലച്ചു.

അടുത്ത നിമിഷം കമ്പനിയുടെ ഒരു ഭാഗം പൊട്ടിത്തെറിച്ചതോടെ നെഞ്ചു കിടുങ്ങി. മറ്റൊന്നും ആലോചിക്കാതെ കുടുംബാംഗങ്ങൾക്കൊപ്പം ഇറങ്ങിയോടി. ഇറക്കമിറങ്ങി താഴെയുള്ള പരിചയക്കാരുടെ വീട്ടിൽ അഭയം പ്രാപിച്ചു. അടുത്തുള്ള ഷൈലജയും ഒപ്പമുണ്ടായിരുന്നു. അടുത്തനിമിഷം സ്ഫോടനങ്ങൾ വർധിച്ചു.

fire-at-family-plastic-unit തീയുടെ താണ്ഡവം: തിരുവനന്തപുരം ശ്രീകാര്യം മൺവിള വ്യവസായ എസ്റ്റേറ്റിൽ ഫാമിലി പ്ലാസ്റ്റിക് നിർമാണ യൂണിറ്റിലുണ്ടായ വൻതീപിടിത്തം. ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ

ജീവനക്കാർ പലരും ഇറങ്ങി ഓടുന്നതു കണ്ടപ്പോഴാണ് തീപിടിത്തമാണെന്നു വ്യക്തമായത്. അര കിലോമീറ്റർ പരിധിയിലെ വൈദ്യുതി ബന്ധവും നിലച്ചു. രണ്ടു ദിവസം മുൻപു തൊട്ടടുത്തു മറ്റൊരു കെട്ടിടത്തിൽ തീ പടർന്നപ്പോഴും സമീപത്തുള്ളവരുടെ മനസ്സിൽ ആധി നിറഞ്ഞിരുന്നു. കൃത്യം രണ്ടു ദിവസത്തിനു ശേഷം വീണ്ടുമൊരു തീപിടിത്തമുണ്ടായതിന്റെ ആശങ്കയിലാണു നാട്ടുകാർ. പൊലീസ് എത്തുന്നതിനു മുൻപു തന്നെ പലരും വീടൊഴിഞ്ഞു. ഫാമിലി പ്ലാസ്റ്റിക്സിന്റെ രണ്ടു വശങ്ങളിൽ മാത്രമാണു വീടുകളുള്ളത്.

120 പേർ രക്ഷപ്പെട്ടത് അദ്ഭുതകരമായി

എല്ലാമെല്ലാമായിരുന്ന സ്ഥാപനം തീഗോളമായി മാറുന്ന കാഴ്ച കണ്ടു തൊട്ടടുത്തു മരവിച്ചു സുരേഷും എബിനും. അടുത്ത നിമിഷം തീഗോളമായി മാറിയ കെട്ടിടത്തിൽനിന്ന് 120 ജീവനക്കാർ ഒരു ചെറുപൊള്ളൽ പോലുമേൽക്കാതെ പുറത്തുകടന്നത് എങ്ങനെയെന്നു ചോദിച്ചാൽ ഇവർക്കുത്തരമില്ല. ബക്കറ്റ് നിർമിക്കുന്ന ഇക്കോണമി എന്ന വിഭാഗത്തിൽ നിന്നാണ് ആദ്യം തീയുയർന്നത്. പുക കണ്ടു ചിലർ അടുത്തേക്കു ചെന്നെങ്കിലും ഉള്ളിലേക്കു കയറാൻ കഴിഞ്ഞില്ല. ഇതോടെയാണു സംഭവത്തിന്റെ ഗൗരവം ഇവർക്കു വ്യക്തമായത്. ഉടൻതന്നെ എല്ലാ വിഭാഗങ്ങളിലും അടിയന്തര സന്ദേശം നൽകി.

സമീപവാസികൾക്കു ജാഗ്രതാ നിർദ്ദേശം

ആളപായം ഇല്ലെങ്കിലും ഒരു കിലോമീറ്റർ ചുറ്റളവിൽ ഓക്സിജന്റെ അളവു കുറയാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. പ്ലാസ്റ്റിക് കത്തിയതിലൂടെയുണ്ടായ പുകയിൽ കാർബൺ മോണോക്സൈഡ്, കാർബൺ ഡൈഓക്സൈഡ്, സൾഫർ ഡൈഓക്സൈഡ് എന്നിവ കലർന്നതിനാലാണിത്. കൊച്ചുകുട്ടികൾ, അലർജി, ശ്വാസകോശരോഗമുള്ളവർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. സമീപവാസികൾ മാറിത്താമസിക്കണമെന്ന് രാത്രിയോടെ കളക്ടറുടെ നിർദ്ദേശപ്രകാരം ഉച്ചഭാഷിണിയിലൂടെ അറിയിപ്പു നൽകി. പ്ലാസ്റ്റിക് കത്തിയമർന്നതിന്റെ മലിനീകരണം സമീപമേഖലകളിലെ അന്തരീക്ഷത്തിൽ ഒരാഴ്ച വരെയെങ്കിലും തങ്ങിനിൽക്കാനിടയുണ്ടെന്നും വിദഗ്ധർ പറയുന്നു.

ലണ്ടനിൽ നിന്ന് അന്ന് എത്തി, സ്കോട്‌ലൻഡ് യാർഡ് അധികൃതർ
12 വർഷം മുൻപ് ലണ്ടൻ നഗരത്തിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് 'ആഗോളശ്രദ്ധയിലെത്തിയ' സ്ഥാപനമാണ് ഫാമിലി പ്ലാസ്റ്റിക്സ്. 2005 ജൂലൈ 21നു ലണ്ടൻ നഗരത്തിലുണ്ടായ നാലു വൻ സ്ഫോടനങ്ങൾക്ക് ഉപയോഗിച്ച ബോംബുകൾ വച്ചതു പ്ലാസ്റ്റിക് കണ്ടെയ്നറുകളിലായിരുന്നു.

പൊട്ടിത്തെറിയുടെ അവശിഷ്‌ടങ്ങൾ പരിശോധിച്ചപ്പോഴാണു ‘ഡൽറ്റാ 6250’ എന്ന ലേബൽ ബ്രിട്ടീഷ് അന്വേഷണ എജൻസിയായ സ്കോട്‌ലൻഡ് യാർഡിന്റെ ശ്രദ്ധയിൽപെട്ടത്. തലസ്‌ഥാനത്തു മൺവിളയിലെ ഫാമിലി പ്ലാസ്‌റ്റിക്‌സ് ആൻഡ് തെർമോവെയർ എന്ന സ്‌ഥാപനം നിർമിച്ച ‘ഡൽറ്റാ 6250’ എന്ന ആറേകാൽ ലീറ്റർ സംഭരണശേഷിയുള്ള പ്ലാസ്‌റ്റിക് ജാറായിരുന്നു അത്. ഇതേത്തുടർന്നു സ്കോട്‌ലൻഡ് യാർഡ് അധികൃതർ സ്ഥാപനത്തിൽ എത്തി വിവരമെടുത്തിരുന്നു.

related stories