Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിരമിച്ച ഡിവൈഎസ്പിയെ അസഭ്യം വിളിച്ച് പൊലീസുകാരൻ; പരാതി നൽകി

police പ്രതീകാത്മക ചിത്രം.

തിരുവനന്തപുരം ∙ 2 മാസം മുന്‍പു ജോലിയില്‍നിന്നു വിരമിച്ച ഡിവൈഎസ്പിക്ക് പൊലീസുകാരന്റെ അസഭ്യവർഷം. ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ഡിവൈഎസ്പിയായിരുന്ന ഉദ്യോഗസ്ഥനെയാണു ടെലികമ്യൂണിക്കേഷനില്‍ ജോലി ചെയ്യുന്ന പൊലീസുകാരന്‍ സ്വകാര്യ ചടങ്ങിനിടെ വീട്ടുകാര്‍ക്കു മുന്നില്‍വച്ച് അസഭ്യം വിളിച്ചത്. ടെലികമ്യൂണിക്കേഷന്‍ എസ്പി മ‍ഞ്ജുനാഥിനു റിട്ട. ഡിവൈഎസ്പി പരാതി നല്‍കി. പരാതി ലഭിച്ചതായി എസ്പി മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു.

സര്‍വീസിലുണ്ടായിരുന്നപ്പോള്‍ തനിക്കെതിരെ നടപടിയെടുത്തെന്ന കാരണം പറഞ്ഞാണ് റിട്ട. ഡിവൈഎസ്പിയെ പൊലീസുകാരന്‍ അസഭ്യം പറഞ്ഞത്. പൊലീസുകാരന്‍ കൃത്യമായി ഡ്യൂട്ടിക്കു വരുന്നില്ലെന്ന പരാതി ലഭിച്ചതിനെത്തുടര്‍ന്ന് എസ്പി അന്വേഷണത്തിനു ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണത്തില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ പൊലീസുകാരനെ സിറ്റി ഓഫിസില്‍നിന്നു തിരുവനന്തപുരം റൂറല്‍ ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലേക്കു സ്ഥലംമാറ്റി. ഡിവൈഎസ്പിയാണു സ്ഥലം മാറ്റത്തിനു പിന്നിലെന്ന് ആരോപിച്ചാണ് അസഭ്യം വിളിച്ചത്.

ഒരു ഇന്‍സ്പെക്ടറുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കുടുംബത്തോടൊപ്പം കൊല്ലത്തെത്തിയ തന്നെ പൊലീസുകാരന്‍ അസഭ്യം പറയുകയും മുണ്ട് ഉയര്‍ത്തി കാട്ടുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. കല്യാണഹാളിനകത്തും പുറത്തും കൈകഴുകുന്ന സ്ഥലത്തുവച്ചും അസഭ്യംവിളി തുടര്‍ന്നതായി പരാതിയില്‍ പറയുന്നു. ഭരണപക്ഷ പൊലീസ് സംഘടനയുടെ സജീവ പ്രവര്‍ത്തകനാണു പരാതിയില്‍ പറയുന്ന പൊലീസുകാരന്‍.