Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഎമ്മുമായി അകലം പാലിക്കണം: ഡിവൈഎഫ്ഐക്ക് മുഹമ്മദ് റിയാസിന്റെ നിര്‍ദേശം

riyas-dyfi

ആലപ്പുഴ∙ സിപിഎമ്മുമായി സംഘടനാപരമായ അകലം പാലിക്കാന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് അഖിലേന്ത്യാ അധ്യക്ഷന്റെ നിര്‍ദേശം. സിപിഎമ്മിന്റെ ജാഥകളിലും സമ്മേളനങ്ങളിലും ഡിവൈഎഫ്ഐയുടെ കൊടി ഉപയോഗിക്കരുത്. സമ്മേളനങ്ങളിലേക്ക് സിപിഎം നേതാക്കളെ വിളിച്ച് പ്രീതി നേടുന്ന ഏര്‍പ്പാട് അവസാനിപ്പിക്കണം. ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാസമ്മേളനത്തിലാണ് അഖിലേന്ത്യാ അധ്യക്ഷന്‍ പി.എ.മുഹമ്മദ് റിയാസ് കര്‍ശന നിര്‍ദേശം മുന്നോട്ടുവച്ചത്.

സ്വതന്ത്രസംഘടനയെന്ന രാഷ്ട്രീയസ്വഭാവം ഡിവൈഎഫ്ഐയ്ക്ക് കുറഞ്ഞുവരുന്നുവെന്ന വിലയിരുത്തലില്‍നിന്നാണ് കര്‍ക്കശനിലപാടുകള്‍ക്കു നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. സിപിഎമ്മിന്റെ ജാഥകളില്‍ ഡിവൈഎഫ്ഐയുടെ കൊടി ഉപയോഗിച്ച് പ്രകടനം നടത്തരുത്. സിപിഎം സമ്മേളനങ്ങള്‍ക്ക് ആശംസകളറിയിച്ച് ബോര്‍ഡുകള്‍ സ്ഥാപിക്കരുത്.

ഡിവൈഐഎഫ്ഐയിലൂടെ ഉയര്‍ന്നുവന്ന നേതാക്കളെ ഒഴികെ മറ്റാരെയും സമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കേണ്ടതില്ല. ഡിവൈഎഫ്ഐ സമ്മേളനങ്ങളില്‍ സിപിഎം നേതാക്കളെ വിളിച്ച് സ്ഥാനമാനങ്ങള്‍ ഉറപ്പിക്കുന്ന പ്രവണത കൂടിവരികയാണ്. യുവജനസംഘടനാ നേതൃത്വത്തിന് ഇത് ഭൂഷണമല്ലെന്നും ഇനി അനുവദിക്കില്ലെന്നും മുഹമ്മദ് റിയാസ് നിലപാടെടുക്കുന്നു.

സിപിഎമ്മിന്റെ പോഷക സംഘടനയാണ് ഡിവൈഎഫ്ഐ എന്ന തോന്നല്‍ സംഘടനയ്ക്ക് ദോഷമുണ്ടാക്കി. സ്വതന്ത്രനിലപാടുകള്‍ സ്വീകരിക്കുന്നതിന് ഇതു തടസമാണ്. മൃദുഹിന്ദുത്വ നിലപാടിനെതിരെ കോണ്‍ഗ്രസില്‍ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളെ കൂട്ടായ്മകളായി മാറ്റണം. ആവശ്യമെങ്കില്‍ ഇത്തരം മതനിരപേക്ഷ നിലപാടുകള്‍ക്ക് സംരക്ഷണവും പിന്തുണയും നല്‍കണമെന്നും ആലപ്പുഴ ജില്ലാസമ്മേളനത്തില്‍ അഖിലേന്ത്യ അധ്യക്ഷന്‍ പറഞ്ഞു. എന്നാല്‍ സിപിഎമ്മുമായി സംഘടനാപരമായ അകലംപാലിക്കാനുള്ള അഖിലേന്ത്യാ അധ്യക്ഷന്റെ നിര്‍ദേശം സംസ്ഥാന നേതൃത്വം പിന്തുണയ്ക്കാന്‍ ഇടയില്ലെന്നാണു സൂചന.