Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊതുമരാമത്തു നയം മന്ത്രിസഭ അംഗീകരിച്ചു; ലക്ഷ്യം റോഡുകളുടെ രാജ്യാന്തര നിലവാരം

government-of-kerala

തിരുവനന്തപുരം∙ പശ്ചാത്തല സൗകര്യവികസനത്തിനും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചു ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഊന്നല്‍ നല്‍കുന്ന സംസ്ഥാന പൊതുമരാമത്ത് നയം മന്ത്രിസഭ അംഗീകരിച്ചു. പൊതുഗതാഗത മേഖല ശക്തിപ്പെടുത്തുന്ന റോഡുകള്‍ നിര്‍മിക്കുക, റോഡ് ശൃംഖലകള്‍ക്ക് രാജ്യാന്തര നിലവാരം ഉറപ്പുവരുത്തുക, അഴിമതിരഹിതമായ നിര്‍മാണം നടത്തുക തുടങ്ങിയ കാര്യങ്ങളാണു നയത്തിലൂടെ ലക്ഷ്യമിടുന്നത്.

നയം നടപ്പാക്കുന്നതിന് എന്‍ജിനീയര്‍മാര്‍ക്കു പരിശീലനം നല്‍കും. മരാമത്ത് ഓഡിറ്റ് നിര്‍ബന്ധമാക്കും. സ്ഥലം കിട്ടാത്തതിനാല്‍ മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനു ഭൂവുടമകള്‍ക്കു ന്യായമായ നഷ്ടപരിഹാരം നല്‍കി നടപടികള്‍ വേഗത്തിലാക്കും. ക്വാളിറ്റി മാന്വല്‍, ലബോറട്ടറി മാന്വല്‍ എന്നിവയിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കും. പരിസ്ഥിതി സൗഹൃദ നിര്‍മാണ സംവിധാനം ഏര്‍പ്പെടുത്തും. റോഡ് നിര്‍മാണത്തിന് പ്ലാസ്റ്റിക് ഉപയോഗിക്കും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുളള 1,627 കിലോമീറ്റര്‍ മലയോര ഹൈവേയുടെയും 656 കിലോമീറ്റര്‍ തീരദേശ ഹൈവേയുടെയും നിര്‍മാണം പൂര്‍ത്തിയാക്കും. ശബരിമല റോഡുകള്‍ മെച്ചപ്പെടുത്തി ഏഴുകൊല്ലത്തെ അറ്റകുറ്റപ്പണിക്കു കരാര്‍ നല്‍കും. കയ്യേറ്റം ഒഴിവാക്കുന്നതിനു കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു.

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ആഭ്യന്തര സർവീസ് നടത്തുന്ന എല്ലാ വിമാനങ്ങള്‍ക്കും ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്‍റെ (എടിഎഫ്) പൊതുവില്‍പ്പനനികുതി നിരക്ക് പത്തു വര്‍ഷത്തേക്ക് ഒരു ശതമാനമായി കുറയ്ക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പ്രളയത്തില്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്കും ലൈഫ് മിഷന്‍റെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട ഭൂരഹിത - ഭവനരഹിത കുടുംബങ്ങള്‍ക്കും പുനരധിവാസത്തിനു ഭൂമി സംഭാവന ചെയ്യുന്നവര്‍ക്കു സ്റ്റാംപ് ഡ്യൂട്ടിയും റജിസ്ട്രേഷന്‍ ഫീസും ഒഴിവാക്കാന്‍ തീരുമാനിച്ചു. പൊതുസ്ഥാപനങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനു ഭൂമി സംഭാവന ചെയ്യുന്നവര്‍ക്കും ഈ ഇളവു ലഭിക്കും.

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനിലെ ഏഴ് അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍മാര്‍ക്കു പത്താം ശമ്പളപരിഷ്കരണത്തിന്‍റെ ആനുകൂല്യം നല്‍കും. കൊണ്ടോട്ടി മുനിസിപ്പാലിറ്റിയില്‍ 78.5 കോടി രൂപ ചെലവില്‍ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിനു കിഫ്ബി മുഖേന ഫണ്ട് ലഭ്യമാക്കാന്‍ കേരള വാട്ടര്‍ അതോറിറ്റിക്ക് തത്വത്തില്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചു.