Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാം സുതർ: ഇന്ത്യയുടെ ഉരുക്കുമനുഷ്യനെ വാനോളം ഉയർത്തിയെടുത്ത പ്രതിഭ

ram-suthar പട്ടേൽ പ്രതിമയുടെ ചെറുമാതൃകയുമായി ശിൽപി റാം സുതർ. ചിത്രം: ട്വിറ്റർ

ന്യൂഡൽഹി ∙ ഏറ്റവും ഉയരമുള്ള പ്രതിമ ലോകത്തിനു സമർപ്പിച്ചു വിസ്മയം തീർത്തിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രി, ‘ഉരുക്കു മനുഷ്യൻ’ സർദാർ വല്ലഭായ് പട്ടേലിന്റെ 182 മീറ്റർ ഉയരമുള്ള ‘ഐക്യ പ്രതിമ’യുടെ സ്രഷ്ടാവ് ആരെന്നു ഗൂഗിളിലും മറ്റും തിരയുകയാണു ലോകം. 93 കാരൻ റാം വാഞ്ചി സുതറാണ് ആ അദ്ഭുത ശിൽപി – നെഹ്റു മുതൽ മോദി വരെയുള്ള പ്രധാനമന്ത്രിമാരുടെ പ്രശംസയേറ്റു വാങ്ങിയ കലാകാരൻ.

മഹാരാഷ്ട്രയിലെ ഗൊണ്ടൂർ ഗ്രാമത്തിൽ ജനിച്ച സുതർ അൻപതിലേറെ വിഖ്യാത ചരിത്രശിൽപങ്ങളുടെ സ്രഷ്ടാവാണ്. രണ്ടായിരത്തിലധികം ഫോട്ടോകൾ നോക്കിപ്പഠിച്ചാണു പട്ടേലിന്റെ ജീവൻ തുടിക്കുന്ന പ്രതിമയൊരുക്കിയത്. അഞ്ചു വർഷത്തിലേറെ മാത്രം സമയത്തിനുള്ളിലാണ് ഗുജറാത്തിലെ സാധുബേട് ദ്വീപിൽ സർദാർ പട്ടേലിന്റെ പ്രതിമ തലയുയർത്തിയത്. സാങ്കേതിക വിദഗ്ധരും ശിൽപികളും ഉൾപ്പെടെ നൂറുകണക്കിന് മനുഷ്യരുടെ അധ്വാനം. ഉദ്ദേശം 3000 കോടിയോളം രൂപയിൽ ഉയർന്ന കലാവിസ്മയം.

ശിൽപനിർമാണത്തിൽ ജന്മവാസന പ്രകടപ്പിച്ച സുതർ, ഗുരുവിന്റെ നിർദേശപ്രകാരം മുംബൈയിലെ സർ ജെ.ജെ.സ്കൂൾ ഓഫ് ആർട്ടിൽ ചേർന്നു.  1953 ൽ ശിൽപകലയിൽ ഡിപ്ലോമ. 1954–58 കാലഘട്ടത്തിൽ പുരാവസ്തു ഗവേഷണവകുപ്പിലും 1958–59 കാലയളവിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലും കലാജീവനക്കാരൻ. ജോലി ഉപേക്ഷിച്ച് 1959 മുതൽ പൂർണമായും ശിൽപനിർമാണ രംഗത്തേക്ക്. മധ്യപ്രദേശിലെ ചമ്പൽ നദിയിലെ ഗാന്ധി സാഗർ അണക്കെട്ടിൽ തീർത്ത 45 അടി ശിൽപമാണു സുതറെ പ്രശസ്തനാക്കിയത്.

മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളുടെ പ്രതീകമായി രണ്ടു കുട്ടികളെ ചേർത്തുപിടിച്ചുനിൽക്കുന്ന ചമ്പൽ ദേവിയുടെ പ്രതിമ അന്നത്തെ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്റു ഉൾപ്പെടെയുള്ളവരുടെ അഭിനന്ദനം പിടിച്ചുപറ്റി. ഗാന്ധിജിയുടെ അനേകം പ്രതിമകളുടെ പേരിലും സുതർ പ്രശസ്തനാണ്. 1969 ൽ മഹാത്മാ ഗാന്ധിയുടെ ജന്മശതാബ്ദിക്കു ചെയ്ത പ്രതിമയുടെ പകർപ്പാണു പിന്നീട് യുകെ, ഫ്രാൻസ്, റഷ്യ, ലാറ്റിൻ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ സ്ഥാപിച്ചത്. 1972ൽ ഇതിന്റെ വലിയ രൂപം ഡൽഹി പ്രഗതി മൈതാനിയിൽ സ്ഥാപിച്ചു. പാർലമെന്റിനു മുന്നിൽ ധ്യാനനിരതനായ ഗാന്ധിയുടെ വെങ്കലപ്രതിമയും സുതറിന്റേതാണ്.

‘ഞാനെന്റെ ആദ്യ ഗാന്ധിപ്രതിമ ഉണ്ടാക്കിയത് 1948 ൽ ആണ്. മഹാരാഷ്ട്രയിലെ ധുളിയയിൽ സർക്കാർ സ്കൂളിൽ സ്ഥാപിച്ച ആ സിമന്റുപ്രതിമയുടെ ഉയരം നാലടിയായിരുന്നു. അതിനുശേഷം ധ്യാനിക്കുന്നതും നടക്കുന്നതും ഉൾപ്പെടെ 350 ൽ അധികം ഗാന്ധിപ്രതിമകൾ സൃഷ്ടിച്ചു’– സുതർ പറയുന്നു. നിരവധി സർക്കാരുകളുടെയും നേതാക്കളുടെയും ഒപ്പം പ്രവർത്തിച്ചു. നിർമിച്ച എല്ലാ ശിൽപങ്ങളുടെയും പ്രത്യേകതകൾ ഓർത്തെടുക്കാനാവുമെന്നും സുതർ വ്യക്തമാക്കി. ധ്യാനനിമഗ്നനായ ഗാന്ധി, ഒറ്റക്കല്ലിൽ തീർത്ത 45 അടി ഉയരമുള്ള ചമ്പൽ പ്രതിമ, അമൃത്സറിൽ മഹാരാജ രഞ്ജിത് സിങ്ങിന്റെ 21 അടി പ്രതിമ തുടങ്ങിയവയാണു സുതറിന്റെ പ്രധാന സൃഷ്ടികളിൽ ചിലത്.

അഹമ്മദാബാദിൽ നിന്ന് 200 കിലോമീറ്റർ അകലെ നര്‍മദാ ജില്ലയിലെ സാധുബേട് ദ്വീപിലാണു ഐക്യപ്രതിമ. 2016 ജനുവരിയിൽ ജർമനിയിൽ ഗാന്ധി പ്രതിമയ്ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യുന്ന രണ്ടാമത്തെ സുതർ സൃഷ്ടിയാണിത്. പത്മശ്രീ (1999), പത്മഭൂഷൺ (2016) പുരസ്കാരങ്ങൾ നൽകിയാണ് രാജ്യം സുതറിനെ ആദരിച്ചത്. പതിറ്റാണ്ടുകൾ നീണ്ട കലാസപര്യയ്ക്കിടയിൽ റാം വാഞ്ചി സുതറിന്റെ കരവിരുതിൽ വിരിഞ്ഞ ശിൽപങ്ങൾ എത്രയെന്നോ?– എണ്ണായിരത്തിലധികം!