Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിൽ കോൺഗ്രസ് നിലപാടു മാറ്റിയത് സരിത കേസിൽനിന്നു രക്ഷതേടി: എ.എൻ. രാധാകൃഷ്ണൻ

AN Radhakrishnan

കൊച്ചി∙ സരിത കേസിൽനിന്നു രക്ഷ തേടിയാണു കോൺഗ്രസ് ശബരിമല പ്രശ്നത്തിൽ നിലപാടു മാറ്റിയതെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ. സരിത കേസിൽ സർക്കാർ ഭാഗത്തുനിന്ന് അനുകൂല സമീപനമുണ്ടാക്കാൻ കേരളവ്യവസായിയുടെ സാന്നിധ്യത്തിൽ എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ എന്നിവർ യച്ചൂരിയുമായി ഡൽഹിയിൽ ധാരണയുണ്ടാക്കി. ഇതാണു രാഹുൽ അടക്കമുള്ള നേതാക്കളുടെ നിലപാടു മാറ്റത്തിനു കാരണം. പുതിയ നിലപാടുകാരണം പ്രഖ്യാപിച്ച സമരത്തിൽനിന്നു കോൺഗ്രസ് പിന്മാറിയിരിക്കയാണ്. കോൺഗ്രസ് പാർട്ടി ഭക്തരെ പിന്നിൽനിന്നു കുത്തി.

ശബരിമല പ്രവേശനത്തിന് ഏർപ്പെടുത്തിയ ഓൺലൈൻ സംവിധാനം ഭക്തരുടെ വിലാസം ശേഖരിച്ചു പൊലീസിന് അവരുടെ വീടുകളിലെത്തി അന്വേഷണം നടത്താനാണു പ്രയോജനപ്പെടുത്തുന്നത്. സർക്കാരിന് ആരാണ് ഇതിനവകാശം കൊടുത്തത്? ലോക്കൽ കമ്മിറ്റി നേതാക്കളുടെ നിർദേശം അനുസരിച്ചാണ് അയ്യപ്പ ഭക്തരെ അറസ്റ്റ് ചെയ്യുന്നത്. ഭക്തരെ ശത്രുക്കളെ പോലെയാണു കാണുന്നത്. സർക്കാർ സാധാരണക്കാരായ ഭക്തരെ ഭയപ്പെടുത്തുകയാണ്. കോൺഗ്രസുകാരായ അയ്യപ്പഭക്തരെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ല. പിണറായി ശബരിമല വിഷയത്തിൽ കോൺഗ്രസിനോടു മൃദു സമീപനം കൈക്കൊള്ളുകയാണ്.

അഴിമതി ആരോപണവിധേയനായ വ്യക്തിയെ ഗുരുവായൂർ അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തുനിന്നു മാറ്റണം. അഴിമതി കേസുകളിൽ പ്രതിയായ ഉദ്യോഗസ്ഥനെ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ആയി കടകംപള്ളി നിയമിച്ചു. പതിനഞ്ചോളം അഴിമതി കേസുകളിൽ പ്രതിയാണ് ഇയാൾ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാർ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കാത്തത് സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണെന്നും എ.എൻ. രാധാകൃഷ്ണൻ പറഞ്ഞു.