Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രൂവറി കേസ് കയ്യോടെ പിടിച്ചതിന്റെ പക തീർക്കുകയാണ് പിണറായി: ചെന്നിത്തല

Ramesh-Chennithala-Pinarayi-Vijayan

തിരുവനന്തപുരം∙ കോടികളുടെ ബ്രൂവറി അഴിമതിക്കേസ് കയ്യോടെ പിടിച്ചു റദ്ദാക്കിച്ചതിന്റെ പക തീര്‍ക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനുമാണു പഴയ മന്ത്രിസഭാ തീരുമാനത്തിന്റെ പേരില്‍ തനിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറായിരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ഭൂമിയില്‍ 2 ഏക്കര്‍ സ്ഥലം ചിന്താലയ വിദ്യാലയത്തിനു പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ മന്ത്രിസഭാ യോഗമാണ്. അതിന്റെ പേരില്‍ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന തന്നെ തിരഞ്ഞുപിടിച്ച് അന്വേഷണം നടത്തുന്നതിന്റെ ദുരുദ്ദേശ്യം നാട്ടുകാര്‍ക്കു നന്നായി മനസ്സിലാവുമെന്നും ചെന്നിത്തല പറഞ്ഞു. 

എതിര്‍ക്കുന്നവരെ കേസില്‍പ്പെടുത്തി അടിച്ചമര്‍ത്താമെന്നു മുഖ്യമന്ത്രി കരുതുന്നുണ്ടെങ്കില്‍ അദ്ദേഹം വിഢ്ഢികളുടെ സ്വര്‍ഗത്തിലാണ്. ഇതൊന്നുംകൊണ്ടു തന്നെ നിശബ്ദനാക്കാമെന്നു പിണറായി കരുതേണ്ട. ഈ ഓലപ്പാമ്പു കണ്ടു പേടിച്ചു പോവില്ല. ധൈര്യമുണ്ടെങ്കില്‍ ഇതില്‍ അഴിമതി ഉണ്ടെന്ന് മുഖ്യമന്ത്രി തെളിയിച്ചു കാണിക്കണം. നിയമാനുസൃതം തന്നെയാണു നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ വളപ്പില്‍നിന്നു ഭൂമി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയാണു തീരുമാനമെടുത്തത്. നിയമവകുപ്പിന്റെ അംഗീകാരവും ഉണ്ടായിരുന്നു.

1964–ലെ കേരള ഭൂമി പതിവ് ചട്ടങ്ങളിലെ ചട്ടം 24 പ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമായിട്ടുള്ള പ്രത്യേക അധികാരമുപയോഗിച്ചാണ് വിദ്യാഭ്യാസം പോലെ പൊതുജനത്തിന് ഉപകാരപ്രദമായ നല്ല കാര്യത്തിനു ഭൂമി അനുവദിച്ചത്. അല്ലാതെ ബ്രൂവറി സ്ഥാപിക്കുന്നതിന് പത്തേക്കര്‍ ഭൂമി കിന്‍ഫ്രയില്‍‌നിന്ന് പതിച്ചു നല്‍കാന്‍ തീരുമാനിച്ചതുപോലെ ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി പരമരഹസ്യമായി തീരുമാനിച്ചതല്ല ഇത്. കുട്ടികള്‍ക്ക് പഠിക്കുന്നതിനുള്ള വിദ്യാലയം സ്ഥാപിക്കുന്നതിനു രണ്ടേക്കര്‍ ഭൂമി കര്‍ശന വ്യവസ്ഥകളോടെ നിയമാനുസൃതം പാട്ടത്തിനു നല്‍കാന്‍ മാത്രമാണു തീരുമാനിച്ചത്. എങ്കിലും ഭൂമി നല്‍കിയിരുന്നില്ല.

2016 നവംബർ 8ന് പിണറായി സര്‍ക്കാര്‍ ആ തീരുമാനം റദ്ദാക്കി. അതില്‍ ക്രമക്കേടുണ്ടായിരുന്നെങ്കില്‍ അപ്പോള്‍ തന്നെ കേസെടുക്കേണ്ടതായിരുന്നില്ലേ? 2 വര്‍ഷത്തിനുശേഷം ഇപ്പോള്‍ അത് കുത്തിപ്പൊക്കി കൊണ്ടുവന്ന് തനിക്കെതിരെ കേസെടുക്കുന്നതു പ്രതിപക്ഷ നേതാവെന്ന നിലയ്ക്കു താന്‍ സര്‍ക്കാരിന്റെ വീഴ്ചകളും അഴിമതിയും ഓരോന്നായി പുറത്തു കൊണ്ടു വരുന്നതിനാലാണ്. 2006 ലും ചിന്താലയാ വിദ്യാലയത്തിനു ഭൂമി നല്‍കാന്‍ യുഡിഎഫ് മന്ത്രിസഭ തീരുമാനിച്ചിരുന്നു. തുടര്‍ന്നുവന്ന വിഎസ് മന്ത്രിസഭ അതു റദ്ദാക്കി. അതില്‍ ക്രമക്കേടുണ്ടായിരുന്നെങ്കില്‍ അന്ന് കേസെടുക്കേണ്ടതായിരുന്നില്ലേ?

അടിസ്ഥാനപരമായ വസ്തുതകളില്ലാതെ ഭരണപരമായ കാര്യങ്ങളിന്മേലും നയപരമായ കാര്യങ്ങളിന്മേലും മന്ത്രിസഭാ തീരുമാനങ്ങളിന്മേലും കേസെടുക്കുന്നതിനെതിരെ ഹൈക്കോടതി തന്നെ ഈയിടെ മുന്നറിയിപ്പ് നല്‍കിയിരുന്ന കാര്യം പിണറായി ഓര്‍ക്കുന്നതു നന്നായിരിക്കും. നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ വളപ്പിലെ ഭൂമി പൊതു ആവശ്യത്തിന് നല്‍കുന്നത് ആദ്യമല്ല. 2001ൽ ഇടതു സര്‍ക്കാര്‍ കേരളാ സ്റ്റേറ്റ് കോഓപ്പറേറ്റീവ് യൂണിയന് 12 ഏക്കര്‍ സ്ഥലം വിലരഹിതമായി പതിച്ചു നല്‍കിയിരുന്നു. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ നിന്ന് 95 ല്‍ അച്യുതമേനോന്‍ ഫൗണ്ടേഷനു ഭൂമി നല്‍കി. പൊതു ആവശ്യത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നതിനും സര്‍ക്കാര്‍ ഭൂമി പതിച്ചും പാട്ടത്തിനും നല്‍കിയ എത്രയോ ഉദാഹരണങ്ങളുണ്ടെന്നും ചെന്നിത്തല പറഞ്ഞു. 

related stories