Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിപണി കണ്ടത് 9 വർഷത്തിലെ മോശം ഒക്ടോബർ; സെൻസെക്സിൽ 18 ഓഹരികൾക്ക് ഇടിവ് 20–60 %

sensex-down

കൊച്ചി ∙ 1,800 പോയിന്റ് ഇടിവിൽ സെൻസെക്സും 544 പോയിന്റ് ഇടിവിൽ നിഫ്റ്റിയും അടിപതറിയപ്പോൾ ലാഭ–നഷ്ടമാസങ്ങളുടെ കണക്കുപുസ്തകത്തിൽ ഇന്ത്യയിലെ പ്രധാന ഓഹരിവിപണികൾ കണ്ടത് ഒൻപതു വർഷത്തേതിൽ മോശം ഒക്ടോബർ.

ഒക്ടോബർ 26 ന് 10,004 എന്ന തലത്തിൽ നിന്ന് നിഫ്റ്റിയും അതേദിവസം 33,776 ൽ നിന്ന് സെൻസെക്സും കരകയറിത്തുടങ്ങുന്ന കാഴ്ചയാണ് വിപണിയിൽ കണ്ടതെങ്കിലും വിപണി മൂല്യത്തിൽ നിക്ഷേപകർക്ക് ആറു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് കമ്പനികളുടെ ഓഹരിവിലയിലെ ഇടിവിലൂടെയുണ്ടായതെന്നാണ് സൂചന. ആശാപുര ഇന്റിമേറ്റ്സ്, മക്നല്ലി ഭാരത്, ജെ.കുമാർ ഇൻഫ്രാപ്രോജക്റ്റ്, ഇൻഡോസോളാർ, ഡിഷ് ടിവി ഇന്ത്യ, ഓർക്കിഡ് ഫാർമ, ഹെക്സാവെയർ ടെക്നോളജീസ് തുടങ്ങി സെൻസെക്സിലെ ചെറുകിട ഓഹരികളിൽ നാൽപതെണ്ണം 20–75 ശതമാനം ഇടിവ് കാട്ടിയപ്പോൾ മധ്യനിര ഓഹരി സൂചികയിൽ ബെയർ ക്രോപ്സയൻസ്, യുണൈറ്റഡ് ബ്രൂവറീസ്, റിലയൻസ് കാപിറ്റൽ, എംഫസിസ്, ക്രിസിൽ, ഇമാമി, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ 13 കമ്പനികളുടെ ഓഹരികളിൽ 10 മുതൽ 20 ശതമാനം ഇടിവുണ്ടായി.

ഇതിനിടെ, പിന്നിട്ട മോശം മാസത്തിന്റെ ഓർമകൾ മറന്ന് ഓഹരി വിപണിയിൽ നിക്ഷേപകർ സജീവമാകുന്നതിന്റെ ലക്ഷണങ്ങൾ വ്യാഴാഴ്ച രാവിലെ വിപണികൾ ദൃശ്യമാക്കി. രാജ്യാന്തര വിപണി ഉൾപ്പടെ എല്ലാ വിപണികളിലും പോസിറ്റീവ് പ്രവണതയാണ് ദൃശ്യമായത്. നിഫ്റ്റിയും സെൻസെക്സും ബുധനാഴ്ച മികച്ച നിലയിൽ ക്ലോസ് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചായി വ്യാഴാഴ്ച ഇരുവിപണികളും പോസറ്റീവായി തന്നെയാണ് ഓപ്പൺ ചെയ്തത്. ഇന്ത്യൻ രൂപ ഡോളറിനെതിരെ നേരിയ മൂല്യവർധന പ്രകടമാക്കി. ഡോളറിനെതിരെ ബുധനാഴ്ച 73.96ന് ക്ലോസ് ചെയ്ത രൂപ വ്യാഴാഴ്ച രാവിലെ 73.82 നാണ് വ്യാപാരം പുരോഗമിച്ചത്. ക്രൂഡോയിൽ വിലയിലും കുറവുണ്ടായി.

10,386.60 ൽ ക്ലോസ് ചെയ്ത നിഫ്റ്റി 10,441.70 നാണ് വ്യാഴാഴ്ച ഓപ്പൺ ചെയ്തത്. തുടർന്ന് നേരിയ ഇടിവ് പ്രകടമായെങ്കിലും വാങ്ങൽ പ്രവണത ശക്തമാകുമെന്നു പ്രതീക്ഷിക്കുന്നതായി സെലിബ്രസ് ക്യാപിറ്റൽ സീനിയർ അനലിസ്റ്റ് ജോസ് മാത്യു വിലയിരുത്തി. സെൻസെക്സ് ബുധനാഴ്ച 34,442.05ന് ക്ലോസ് ചെയ്തത് രാവിലെ ശക്തമായ ഉണർവോടെ 34,650.63നാണ് ഓപ്പൺ ചെയ്തത്. നിഫ്റ്റി വ്യാഴാഴ്ചത്തെ സപ്പോർട്ട് ലവൽ 10,350 – 10,300 – 10,280 ആയിരിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ വിപണി 10,400ന് മുകളിൽ വ്യാപാരം തുടർന്നാൽ റെസിസ്റ്റൻസ് ലവൽ 10,450 – 10,520 വരെ എത്തിയേക്കാം. വിപണിയിൽ പോസറ്റീവ് പ്രവണത വരും ദിവസങ്ങളിലും തുടരുമെന്നാണ് പ്രതീക്ഷ.

വിപണിയിൽ 1159 ഷെയറുകൾ പോസറ്റീവായും 471 ഷെയറുകൾ നെഗറ്റീവായും ആണ് വ്യാപാരം പുരോഗമിച്ചത്. റിയൽറ്റി, പബ്ലിക് സെക്ടർ ബാങ്കുകൾ, ഓട്ടോ, മെറ്റൽ സെക്ടറുകളാണ് പോസറ്റീവ് പ്രവണതയിലുള്ളത്. ഐടി, എഫ്എംസിജി, ഫാർമ, മീഡിയ സെക്ടറുകൾ നെഗറ്റീവ് പ്രവണതയിലായിരുന്നു. യെസ്ബാങ്ക്, എൽ ആൻഡ് ടി, ഇന്ത്യ ബുൾ ഹൗസിങ് ഫിനാൻസ്, ടാറ്റാ മോട്ടോഴ്സ് ഷെയറുകൾ പോസറ്റീവ് പ്രവണത ദൃശ്യമാക്കിയപ്പോൾ എച്ച്സിഎൽ, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ ലിവർ, സിപ്ല സ്റ്റോക്കുകൾ നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്.