Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉര്‍ജിത് പട്ടേലിനു സംഘപരിവാര്‍ മുന്നറിയിപ്പ്: ഒന്നുകില്‍ സര്‍ക്കാരിനൊപ്പം, അല്ലെങ്കില്‍ രാജി

Urjit Patel ഉര്‍ജിത് പട്ടേല്‍

ന്യൂഡല്‍ഹി∙ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ കേന്ദ്രസര്‍ക്കാരിനൊപ്പം ചേര്‍ന്ന് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണു വേണ്ടതെന്നും അല്ലെങ്കില്‍ അദ്ദേഹം രാജിവയ്ക്കണമെന്നും സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച്.

കേന്ദ്രസര്‍ക്കാരുമായുള്ള അഭിപ്രായഭിന്നതകള്‍ പൊതുവേദികളില്‍ ഉന്നയിക്കുന്നതില്‍നിന്ന് ബാങ്ക് ഉദ്യോഗസ്ഥരെ ഉര്‍ജിത് പട്ടേല്‍ തടയണമെന്നും സ്വദേശി ജാഗരണ്‍ മഞ്ച് മേധാവി അശ്വനി മഹാജന്‍ ആവശ്യപ്പെട്ടു. അച്ചടക്കം പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഉര്‍ജിത് പട്ടേല്‍ രാജിവയ്ക്കുന്നതാണു നല്ലത്. ആര്‍ബിഐ നിയമത്തിന്റെ എല്ലാ അധികാരവും ഉപയോഗിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും അശ്വനി മഹാജന്‍ വ്യക്തമാക്കി. 

കേന്ദ്ര ധനമന്ത്രാലയവുമായുള്ള ഭിന്നതയുടെ പശ്ചാത്തലത്തില്‍ ഉര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണു സ്വദേശി ജാഗരണ്‍ മഞ്ച് കേന്ദ്രത്തിനു പിന്തുണയുമായി രംഗത്തെത്തിയത്. ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍, ധനമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേശകന്‍ അരവിന്ദ് സുബ്രഹ്മണ്യം തുടങ്ങി വിദേശ പരിശീലനം ലഭിച്ച സാമ്പത്തിക വിദഗ്ധരുടെയും ആര്‍ബിഐയുടെയും നിലപാടുകള്‍ക്കെതിരേ കടുത്ത വിമര്‍ശനമാണ് സ്വദേശി ജാഗരണ്‍ മഞ്ച് ഉയര്‍ത്തുന്നത്. 

കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും തോളോടു തോള്‍ ചേര്‍ന്ന് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണു വേണ്ടതെന്ന് അശ്വനി മഹാജന്‍ പറഞ്ഞു. ദേശീയ കാഴ്ചപ്പാടുള്ള പ്രഗത്ഭരായ നിരവധി സാമ്പത്തിക വിദഗ്ധര്‍ ആര്‍ബിഐ ബോര്‍ഡിലുണ്ട്. ഉര്‍ജിത പട്ടേല്‍ രാജിവയ്ക്കുകയാണെങ്കില്‍ അവരില്‍ ആരെയെങ്കില്‍ പകരം നിയമിക്കണം. ഉയര്‍ന്ന പലിശനിരക്ക് ചെറുകിട വ്യവസായത്തെ പ്രതികൂലമായി ബാധിച്ചു കഴിഞ്ഞു. ആയിരക്കണക്കിനു പേരുടെ തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ആശ്വാസ നടപടികള്‍ അനിവാര്യമായിരിക്കുകയാണ്. രാജ്യത്തു നിലവിലുള്ള അവസ്ഥ തിരിച്ചറിയാതെ കടുംപിടിത്തത്തിലാണ് റിസര്‍വ് ബാങ്കെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

സാമ്പത്തിക വളര്‍ച്ചയ്ക്കുതകുന്ന നിക്ഷേപപദ്ധതികള്‍ക്കായി, ബാങ്കിന്റെ പക്കലുള്ള 3,60,000 കോടി രൂപയുടെ ധനശേഖരത്തില്‍നിന്ന് ആവശ്യമുള്ള പണമെടുക്കാന്‍ സര്‍ക്കാരിനെ അനുവദിക്കണമെന്നും അ്വശനി മഹാജന്‍ പറഞ്ഞു. റിസര്‍വ് ബാങ്ക് കരുതല്‍ ധനശേഖരത്തിന് ആനുപാതികമായി കേന്ദ്ര സര്‍ക്കാരിന് ഉയര്‍ന്ന ലാഭവിഹിതം നല്‍കണമെന്നു മുതിര്‍ന്ന ധനമന്ത്രാലയ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.