Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിപണി മികച്ച നിലയിൽ ക്ലോസ് ചെയ്തു; രൂപയ്ക്കും മൂല്യവർധന

bull-sensex

കൊച്ചി ∙ ഇന്ത്യൻ ഓഹരി വിപണി വിൽപനപ്രവണതയിൽനിന്നു തിരിച്ചു കയറുന്നതിന്റെ വ്യക്തമായ സൂചനകൾ നൽകി മികച്ച നിലയിൽ ക്ലോസ് ചെയ്തു. കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ച് 5.21 ശതമാനം വർധന രേഖപ്പെടുത്തിയാണ് നിഫ്റ്റി ഈയാഴ്ചത്തെ വ്യാപാരം ക്ലോസ് ചെയ്തിരിക്കുന്നത്. ഈ പ്രവണത വരും ദിവസങ്ങളിലും തുടരാനാണ് സാധ്യത.  ദീപാവലിയോടെ വിപണി മികച്ച നില കൈവരിക്കാനാണ് സാധ്യതയെന്ന് സെലിബ്രസ് ക്യാപിറ്റൽ സീനിയർ അനലിസ്റ്റ് ജോസ് മാത്യു വിലയിരുത്തുന്നു. റെസിസ്റ്റൻസ് ലവൽ 10520 കടന്നതിനാൽ വരും ദിവസം 10700–10840 ആയിരിക്കും റെസിസ്റ്റൻസ് ലവൽ. എന്നാൽ 10520 ന് താഴേക്കാണ് അടുത്ത ദിവസം വ്യാപാരമെങ്കിൽ ഇത് 10400–10300 എന്ന സപ്പോർട്ട് ലവലിലേക്ക് ഇടിയും. 10300ൽ താഴെ വരികയാണെങ്കിൽ മാത്രമേ വിപണി വിൽപന പ്രവണത പ്രകടമാക്കൂ എന്നാണ് വിലയിരുത്തൽ. 

ഇന്നലെ 10380.45 ൽ ക്ലോസ് ചെയ്ത സെൻസെക്സ് ഇന്ന് 10462.30 ൽ ഓപ്പൺ ചെയ്ത് 10553 ലാണ് ക്ലോസ് ചെയ്തത്. 172.55 പോയിന്റ് വർധനയാണ് നിഫ്റ്റി ഇന്ന് കൈവരിച്ചത്.  34431.97 ൽ ഇന്നലെ ക്ലോസ് ചെയ്ത സെൻസെക്സ് 34743.95 എന്ന മികച്ച നിലയിൽ ഓപ്പൺ ചെയ്ത് ശക്തമായ തിരിച്ചു വരവു ദൃശ്യമാക്കി 35011.65 നാണ് ഇന്ന് ക്ലോസ് ചെയ്തത്.  1.68 ശതമാനം വർധനവാണ് നിഫ്റ്റി ഇന്ന് രേഖപ്പെടുത്തിയത്. വിപണിയിൽ ഏഴ് സെക്ടറുകൾ ഇന്ന് പോസിറ്റീവായും നാലു സെക്ടറുകൾ നഷ്ടത്തിലും ക്ലോസ് ചെയ്തു. ഓട്ടോ, മെറ്റൽ, എഫ്എംസിജി, ഫിനാൻഷ്യൽ സർവീസസ് സെക്ടറുകളാണ് മികച്ച നേട്ടം കൈവരിച്ചത്. ഐടി, മീഡിയ, ഫാർമ, പബ്ലിക് സെക്ടർ ബാങ്കുകൾ എന്നിവയാണ് നഷ്ടത്തിലായത്. വിപണിയിൽ 1102 സ്റ്റോക്കുകൾ പോസിറ്റീവായും 616 സ്റ്റോക്കുകൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വേദാന്ത, മാരുതി, ബിപിസിഎൽ, ടാറ്റാ മോട്ടോർസ് എന്നിവയാണ് ലാഭം നൽകിയ ഷെയറുകൾ. ടെക് മഹിന്ദ്ര, വിപ്രോ, ഡോ. റെഡ്ഡി, സിപ്ല സ്റ്റോക്കുകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. 

ഒക്ടോബർ മാസത്തിലെ വിൽപന റിപ്പോർട്ട് പുറത്തു വന്നതാണ് ഓട്ടോ സെക്ടറിനു നേട്ടമായത്. ഇരുചക്ര വാഹന കമ്പനികൾക്കു മികച്ച വിൽപനയാണ് റിപ്പോർട്ടിലുള്ളത്. ക്രൂഡോയിൽ വില രാജ്യാന്തര വിപണിയിൽ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസംകൊണ്ട് ക്രൂഡോയിലിന് ഏഴു ശതമാനം ഇടിവുണ്ടായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഒപെക് രാജ്യങ്ങൾ എണ്ണ ഉൽപാദനം വർധിപ്പിച്ചെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെയാണ് എണ്ണ വില ഇടിഞ്ഞത്. ഇതിനിടെ, ഡോളറിനെതിരെ ഇന്ത്യൻ രൂപയും ശക്തമായ മുന്നേറ്റം കാണിക്കുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിനു ശേഷം ആദ്യമായാണ് ഇന്ത്യൻ രൂപ 73 എന്ന ലവലി‍ൽനിന്ന് താഴേക്കു വരുന്നത്. ഇപ്പോൾ രൂപ 72.52 നാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇതു രണ്ടും ഇന്ത്യൻ വിപണിക്ക് നേട്ടമായി.