Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂട്ടിയിടിക്ക് 45 സെക്കൻഡ് ബാക്കി; വലത്തോട്ടു മാറ്റാൻ നിർദേശം, ഒഴിവായത് വൻദുരന്തം

indigo പ്രതീകാത്മക ചിത്രം

ന്യൂഡൽഹി∙ ഇന്ത്യ – ബംഗ്ലദേശ് വ്യോമാതിർത്തിയിൽ രണ്ട് ഇൻഡിഗോ വിമാനങ്ങൾ നേർക്കുനേർ. കൂട്ടിയിടിക്ക് വെറും 45 സെക്കൻ‍ഡുകൾ മാത്രം ബാക്കിയുള്ളപ്പോൾ കൊൽക്കത്തയിലെ എയർ ട്രാഫിക് കൺട്രോൾ ഒരു വിമാനത്തോടു വലത്തേക്കു തിരിഞ്ഞ് താഴ്ന്നു പറക്കാൻ നിർദേശിക്കുകയായിരുന്നു. ബുധനാഴ്ച നടന്ന സംഭവത്തിന്റെ വിവരം വ്യാഴാഴ്ച എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ആണു പുറത്തുവിട്ടത്.

ഗുവാഹത്തിയിൽനിന്നു ചെന്നൈയ്ക്കും കൊൽക്കത്തയ്ക്കും പോകുന്ന വിമാനങ്ങളാണ് അപകടകരമാംവിധം നേർക്കുനേരെത്തിയത്. ബുധനാഴ്ച വൈകിട്ട് 5.10 ഓടെയാണു സംഭവം. ബംഗ്ലദേശ് വ്യോമമേഖലയിൽ ആയിരുന്ന കൊൽക്കത്ത വിമാനം 36,000 അടി ഉയരത്തിലും ചെന്നൈ വിമാനം ഇന്ത്യൻ വ്യോമമേഖലയിൽ 35,000‌ അടി ഉയരത്തിലുമായിരുന്നു. ബംഗ്ലദേശ് എടിസി കൊൽക്കത്ത വിമാനത്തോട് 35,000 അടിയിലേക്ക് താഴാൻ ആവശ്യപ്പെട്ടതോടെയാണ് ഇരുവിമാനങ്ങളും നേർക്കുനേരെത്തിയത്.

കൊൽക്കത്ത എടിസിയിലെ ഒരു ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽ സംഭവം പെട്ടയുടൻ വലത്തോട്ട് തിരിഞ്ഞ് താഴ്ന്നു പറക്കാൻ ചെന്നൈ വിമാനത്തിനു നിർദേശം നൽകുകയായിരുന്നു. ഇതോടെയാണ് അപകടസ്ഥിതി ഒഴിവായത്. അതേസമയം, സംഭവത്തെക്കുറിച്ചു വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ഇൻഡിഗോ വക്താവ് പ്രതികരിച്ചു.