Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രഷറികൾ ഇന്ന് ഒൻപതുവരെ; ശമ്പള വിതരണം പൂർത്തിയാക്കും

cash

തിരുവനന്തപുരം ∙ താറുമാറായ ശമ്പള വിതരണം വേഗം പൂർത്തിയാക്കാൻ ഇന്നു രാത്രി ഒൻപതു വരെ തുറന്നു പ്രവർത്തിക്കാൻ ടഷറികൾക്കു സർക്കാർ നിർദേശം നൽകി. ട്രഷറി ഡയറക്ടറേറ്റിലും എല്ലാ ജില്ലാ ട്രഷറികളിലും ഒരോ ഹെൽപ് ഡെസ്കുകളും പ്രവർത്തിക്കും. ട്രഷറി, സ്പാർക് ജീവനക്കാർ അടങ്ങുന്നതായിരിക്കും ഡെസ്ക്. യഥാസമയം ബില്ലുകൾ സമർപ്പിക്കുന്നതിന് സാങ്കേതിക തടസം നേരിട്ടാൽ ഹെൽപ് ഡെസ്ക് പ്രത്യേക സഹായം ലഭ്യമാക്കും. നിശ്ചിത ദിവസങ്ങൾക്കുള്ളിൽ തന്നെ ശമ്പള വിതരണം പൂർത്തിയാക്കുമെന്ന് ട്രഷറി ഡയറക്ടർ ഉറപ്പുവരുത്തുമെന്നു മന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

ഇന്നു ട്രഷറികളിൽ എത്തുന്ന മുഴുവൻ ബില്ലുകളും ഇന്നു തന്നെ പാസാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. തുടർന്നുള്ള ശമ്പള ദിവസങ്ങളിലും പ്രത്യേക ക്രമീകരണം ആവശ്യമുണ്ടെങ്കിൽ ഏർപ്പെടുത്തും. സാലറി ചലഞ്ച് ഉത്തരവിൽ സുപ്രിംകോടതിയുടെ തീരുമാനം ഒക്ടോബർ 29 നാണ് വന്നതെന്നും ഉത്തരവിന്റെ പകർപ്പ് ലഭിച്ചത് 31 നാണെന്നും മന്ത്രി പറഞ്ഞു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സാലറി ചലഞ്ചിലെ പുതുക്കിയ നിർദേശങ്ങൾ അന്നുതന്നെ സർക്കാർ പുറപ്പെടുവിക്കുകയും ചെയ്തു. ഇതനുസരിച്ച് ശമ്പള ബില്ലുകൾ ട്രഷറികളിൽ സമർപ്പിക്കുന്നതിന് കാലതാമസം നേരിട്ടിട്ടുണ്ട്. ശമ്പള വിതരണം തടസ്സപ്പെടാൻ ഇതാണു കാരണമെന്നും അദ്ദേഹം പറഞ്ഞു.