Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയ്യപ്പന്റെ തിരുവാഭരണങ്ങൾ നഷ്ടപ്പെട്ടു: ആരോപണവുമായി സ്വാമി സന്ദീപാനന്ദഗിരി

swami-sandeepananda-giri സ്വാമി സന്ദീപാനന്ദഗിരി

തിരുവനന്തപുരം∙ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളില്‍ ചിലതു നഷ്ടപ്പെട്ടതായി ശബരിമലയില്‍ നടത്തിയ അഷ്ടമംഗല്യ പ്രശ്നത്തില്‍ തെളിഞ്ഞിരുന്നെന്നും, ഇതിനെക്കുറിച്ചു ദേവസ്വം ബോര്‍ഡ് അന്വേഷിക്കണമെന്നും സ്വാമി സന്ദീപാനന്ദഗിരി. തിരുവാഭരണം വീണ്ടെടുക്കേണ്ടതു സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. വിശിഷ്ടമായ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായും ചില വിലപിടിപ്പുള്ള ആഭരണങ്ങള്‍ വിഗ്രഹത്തില്‍ ചാര്‍ത്തുന്നില്ലെന്നുമാണ് അഷ്ടമംഗല്യ പ്രശ്നത്തില്‍ കണ്ടത്. മരതകവും വൈഡൂര്യവും പതിച്ച ആഭരണങ്ങളാണിവ. വാചി എന്ന സ്വര്‍ണക്കുതിര നഷ്ടമായതായി അഷ്ടമംഗല്യ പ്രശ്നത്തില്‍ തെളിഞ്ഞതായും തിരുവനന്തപുരം പ്രസ് ക്ലബ്ബ് നടത്തിയ ‘മുഖാമുഖം’ പരിപാടിയില്‍ പങ്കെടുക്കവേ സന്ദീപാനന്ദഗിരി ആരോപിച്ചു. അഷ്ടമംഗല്യ പ്രശ്നത്തിന്റെ രേഖകളും അദ്ദേഹം പത്രസമ്മേളനത്തില്‍ ഹാജരാക്കി.

മലയരയ സമൂഹത്തിനു ശബരിമല ക്ഷേത്രത്തിലുള്ള അവകാശത്തെപറ്റി അഷ്ടമംഗല്യ പ്രശ്നത്തില്‍ പറയുന്നുണ്ട്. അവ സംരക്ഷിക്കപ്പെടണം. ശരിയായ ഭക്തന്റെ വിശ്വാസം അരക്കിട്ടുറപ്പിക്കുന്ന വിധിയാണ് സുപ്രീംകോടതിയില്‍നിന്നുണ്ടായത്. വിധി പ്രശംസനീയമാണ്. ആര്‍എസ്‌എസുമായി ഉള്ളത് ആശയപരമായ ഭിന്നതയാണ്. താന്‍ വ്യക്തിപരമായോ രാഷ്ട്രീയപരമായോ ആരെയും എതിര്‍ത്തിട്ടില്ല. മഹാഭാരതം എങ്ങനെ പറയണമെന്നു പറയാന്‍ ആര്‍എസ്എസ് ആരാണെന്നും സന്ദീപാനന്ദഗിരി ചോദിച്ചു.

‘തല കുനിക്കില്ല’

സംഘപരിവാറിനു മുന്നില്‍ തലകുനിക്കുന്ന സന്യാസിമാരുണ്ടാകും. അല്ലാത്തവരും ഉണ്ട്. മറ്റു ചില സ്വാമികള്‍ ചെയ്യുന്നതുപോലെ തനിക്കു ചെയ്യാനാകില്ല. സംഘപരിവാറിന് അനുകൂലായി സംസാരിക്കാന്‍ പലതവണ നിര്‍ബന്ധിച്ചിട്ടുണ്ട്. ഓരോ വിഷയവും പഠിച്ചിട്ടാണു സംസാരിക്കുന്നത്. കമ്യൂണിസം സംസാരിക്കാന്‍ പാര്‍ട്ടിക്കു തന്റെ ആവശ്യമില്ല. ഒരു കമ്യൂണിസ്റ്റും അതിനു നിര്‍ബന്ധിച്ചിട്ടുമില്ല. ആരുടെ വേദിയില്‍ പോകുന്നു എന്നല്ല എന്തു സംസാരിക്കുന്നു എന്നാണു നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

‘ആശ്രമം ട്രസ്റ്റിന്റെ പേരിൽ, നികുതിയും അടച്ചു’

തന്റെ ആശ്രമത്തിനെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു. സന്യാസിയുടെ ജീവിതത്തിനു ചേരാത്ത ഒരു സാഹചര്യവും ആശ്രമത്തിലില്ല. ആശ്രമത്തിന്റെ യഥാര്‍ഥ വരുമാനം അറിയണമെങ്കില്‍ ബാങ്ക് സ്റ്റേറ്റ്മെന്റ് ആര്‍ക്കും പരിശോധിക്കാം. അറിവിനു വലിയ വില കല്‍പിക്കുന്നവര്‍ ആശ്രമത്തെ സഹായിച്ചിട്ടുണ്ട്. ആശ്രമത്തില്‍ ഹോം സ്റ്റേ ഉള്ളതു തെറ്റാണോയെന്ന് സന്ദീപാനന്ദഗിരി ചോദിച്ചു. ആശ്രമത്തില്‍ അതിഥികള്‍ വന്നാല്‍ താമസിക്കേണ്ടേ? ആശ്രമത്തിന്റെ െകട്ടിടത്തിനു നഗരസഭയില്‍ വലിയ നികുതി അടച്ചിട്ടുണ്ടെന്നു ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. നഗരസഭ ഒരു ഇളവും തനിക്കു നല്‍കിയിട്ടില്ല. ആര്‍ക്കും രേഖകള്‍ പരിശോധിക്കാവുന്നതാണ്. ആശ്രമം ട്രസ്റ്റിന്റെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു.

‘എട്ടു മാസമായി സിസിടിവി പ്രവർത്തനമില്ല’

ആശ്രമത്തില്‍ തീപിടിച്ച ദിവസം വാതിലില്‍ ശക്തമായ ഇടി കേട്ടാണ് വാതില്‍ തുറന്നത്. അയല്‍ക്കാരാണു തീ കത്തുന്നതായി പറഞ്ഞത്. പുറത്ത് ആളുകള്‍ കൂടിയിരുന്നു. ഫയര്‍ എന്‍ജിന്‍ വന്നപ്പോഴാണു താന്‍ പുറത്തേക്ക് ഇറങ്ങിയത്. ഇതാണ് എല്ലാവരോടും നേരത്തേയും പറഞ്ഞിട്ടുള്ളത്. എട്ടു മാസത്തില്‍ കൂടുതലായി ആശ്രമത്തിലെ സിസിടിവി കേടായിട്ട്. സാമ്പത്തികമായി ബുദ്ധിമുട്ടായതിനാലാണ് സിസിടിവി ശരിയാക്കാത്തത്. ആശ്രമത്തില്‍ ആരാണ് സിസിടിവി കൈകാര്യം ചെയ്യുന്നതെന്നു മനസിലാക്കി അയാളോടു മാധ്യമങ്ങള്‍ക്കു കാര്യങ്ങള്‍ ചോദിച്ചറിയാമെന്നും, അതാണു മാധ്യമങ്ങള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.