Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല രഥയാത്ര: തീരുമാനമെടുത്തത് ബിജെപി കേന്ദ്രനേതൃത്വം; സംഘാടനത്തിന് ആർഎസ്എസും

BJP Flag

പാലക്കാട്∙ശബരിമല വിഷയത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ എൻഡിഎ എട്ടിനു കാസർകോട്ടുനിന്നു രഥയാത്ര ആരംഭിക്കുന്നത് പാർട്ടി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനപ്രകാരം. ബിജെപിയുമായി പല കാരണങ്ങളാ‍ൽ പിണങ്ങിയ ബിഡിജെഎസിനൊപ്പം രഥയാത്ര നടത്തണമെന്നും യാത്ര എൻഡിഎയുടെ പേരിലായിരിക്കണമെന്നും പ്രത്യേകം നിർദ്ദേശമുണ്ട്.

യാത്രയുടെ ജില്ലാതല സ്വീകരണങ്ങളിൽ കേന്ദ്രമന്ത്രിമാർ പങ്കെടുക്കുമെന്നാണു വിവരം. അവരുടെയും നേതാക്കളുടെയും പട്ടിക അടുത്തദിവസം സംസ്ഥാന ഘടകത്തിനു നൽകും. കാസർകോട് മധൂർ ക്ഷേത്രപരിസരത്തുനിന്നാണു സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള നയിക്കുന്ന രഥയാത്രയുടെ തുടക്കം. ജില്ലാതല സ്വീകരണത്തിനും നാമജപസംഗമത്തിനും പരമാവധി വിശ്വാസികളെ പങ്കെടുപ്പിക്കാനാണു നിർദ്ദേശം.

മുഴുവൻ സമുദായ സംഘടനാ നേതാക്കളെയും രഥയാത്രയിൽ അണിനിരത്താനും തീരുമാനമായി. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ രഥയാത്ര ബിജെപിക്കു കാര്യമായ ഗുണം ചെയ്യുമെന്നാണു കഴിഞ്ഞദിവസം എറണാകുളത്തുചേർന്ന പാർട്ടി നേതൃയോഗത്തിന്റെ കണക്കുകൂട്ടൽ. ശബരിമല വിഷയത്തിൽ മുഴുവൻ നീക്കങ്ങളും ആർഎസ്എസ് കൂടി നിർദ്ദേശം അനുസരിച്ചാണു ചെയ്യുന്നത്. രഥയാത്രയിലൂടെ സാമുദായിക സംഘടനകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് സംഘടന ലക്ഷ്യമിടുന്നത്.

പ്രതിഷേധങ്ങളിൽ പ്രവർത്തകർ കൊടിപിടിച്ചു നടക്കില്ലെന്നാണു എസ്എൻഡിപി ജനറൽ സെക്രട്ടറി പ്രഖ്യാപിച്ചതെങ്കിലും കഴിഞ്ഞദിവസം ജില്ലാതലത്തിൽ ആർഎസ്എസ് നടത്തിയ യോഗങ്ങളി‍ൽ എസ്എൻഡിപി അടക്കമുള്ള സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. എൻഎസ്എസ് പ്രാർഥനായോഗങ്ങളിലേക്കു ആർഎസ്എസിനെ നേരിട്ടുക്ഷണിച്ചതും മാറ്റത്തിന്റെ സൂചനയായിട്ടാണു സംഘപരിവാറിന്റെ വിലയിരുത്തൽ. ഈ മാസം നാലുവരെ യൂണിറ്റുതലത്തിൽ നടത്തുന്ന യോഗങ്ങളിൽ ഇതര സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും.

വർഷങ്ങളായി അവഗണിക്കപ്പെട്ട ഭൂരിപക്ഷ രാഷ്ട്രീയം ഉയർത്തി അത് സജീവമായി നിലനിർത്താനുളള പരിപാടികൾക്കും വരുംദിവസങ്ങളിൽ രൂപം നൽകുമെന്നാണ് സൂചന. ശബരിമല പരിപാടികളുടെ ക്രോഡീകരണത്തിന് ജില്ലാതല സംഘാടകരെ നിയമിച്ചിട്ടുണ്ട്. നിയമത്തിന്റെ അതിരുകൾക്ക് അകത്തുനിന്നു അതിശക്തമായി പ്രതിഷേധിക്കാനാണു സംയുക്ത സംഘടനായോഗത്തിന്റെ തീരുമാനം.