Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമയം അതിക്രമിക്കുന്നു, രക്തച്ചൊരിച്ചൽ ഒഴിവാക്കണമെന്ന് വിക്രമസിംഗെ

Mahinda-Rajapaksa-Maithripala-Sirisena-Ranil-Wickramasinghe മഹിന്ദ രാജപക്ഷെ, മൈത്രിപാല സിരിസേന, റനിൽ വിക്രമസിംഗെ

കൊളംബോ ∙ പ്രധാനമന്ത്രിയെ പ്രസിഡന്‍റ് പുറത്താക്കിയതോടെ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന ശ്രീലങ്കയിൽ ഒരു രക്തച്ചൊരിച്ചൽ ഒഴിവാക്കാനുള്ള സമയം അതിക്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ. തന്നെ പുറത്താക്കി പ്രതിപക്ഷ നേതാവായിരുന്ന മഹിന്ദ രാജപക്ഷെയെ പ്രധാനമന്ത്രിയായി നിയമിച്ച പ്രസിഡന്‍റ് മൈത്രിപാല സിരിസേനയുടെ നടപടി അംഗീകരിക്കാൻ തയാറല്ലെന്നു വ്യക്തമാക്കിയ വിക്രമസിംഗെ, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഇതുവരെ ഒഴിഞ്ഞിട്ടില്ല. നിലവിലുള്ള ഭരണഘടനാ പ്രതിസന്ധിക്ക് പാർലമെന്‍റ് ഉചിതമായ പരിഹാരം കാണുമെന്ന പ്രതീക്ഷയും വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ വിക്രമസിംഗെ പങ്കുവച്ചു.

ഇതിനിടെ, അടുത്ത ബുധനാഴ്ച പാർലമെന്‍റ് വിളിക്കാൻ പ്രസിഡന്‍റ് സമ്മതിച്ചതായി സ്പീക്കർ കരു ജയസൂര്യ അറിയിച്ചു. പാര്‍ലമെന്‍റിൽ ഭൂരിപക്ഷം തെളിയിക്കാൻ ഇരുകക്ഷികൾക്കും അവസരം നൽകിയില്ലെങ്കിൽ തെരുവിൽ രക്തമൊഴുകാനുള്ള സാധ്യതയുണ്ടെന്ന ആശങ്ക സ്പീക്കറും നേരത്തെ പങ്കുവച്ചിരുന്നു.

വിക്രമസിംഗെയുടെ ഔദ്യോഗിക വസതിക്കു മുന്നിൽ ബുദ്ധ സന്യാസികൾ ഉൾപ്പെടെയുള്ള അനുയായികൾ തമ്പടിച്ചിരിക്കുകയാണ്. ആക്രമണ മാർഗത്തിലേക്കു പോകരുതെന്ന് അണികൾക്കു കർശന നിർദേശം നൽകിയിട്ടുണ്ടെങ്കിലും ഇത്തരം സന്ദർഭങ്ങളിൽ എന്തും സംഭവിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിരാശരായ ചില അണികൾ അക്രമത്തിനു തുടക്കം കുറിക്കാൻ പോലും സാധ്യതയുണ്ടെന്നും വിക്രമസിംഗെ മുന്നറിയിപ്പു നൽകി. അനിശ്ചിതാവസ്ഥ അധിക കാലം നീണ്ടുനിൽക്കില്ലെന്നും പാർലമെന്‍റിന്‍റെ പരമാധികാരം സംരക്ഷിക്കപ്പെടുമെന്നുമുള്ള വിശ്വാസവും അദ്ദേഹം പങ്കുവച്ചു.

പാർലമെന്‍റിലെ ഏറ്റവും വലിയ കക്ഷിയായ യുണൈറ്റഡ് നാഷനൽ പാർട്ടിയുടെ തലവനായ വിക്രമസിംഗെയെ പ്രധാനമന്ത്രി പദത്തിൽനിന്നു പുറത്താക്കിയ സിരിസേന, 16 വരെ പാര്‍ലമെന്‍റ് മരവിപ്പിച്ചിരുന്നു. തന്‍റെ കക്ഷിയായ യുണൈറ്റഡ് പീപ്പിൾസ് ഫ്രീഡം അലയൻസ്, വിക്രമസിംഗെക്കു നൽകിയ പിന്തുണയും അദ്ദേഹം പിൻവലിച്ചിരുന്നു. പാർലമെന്‍റ് മരവിപ്പിച്ചതിനെതിരെ രാജ്യാന്തരതലത്തിൽത്തന്നെ വിമർശനം ശക്തമായതോടെയാണ് ഏഴിനു പാർലമെന്‍റ് ചേരാനുള്ള തീരുമാനം. പാർലമെന്‍റ് ചേർന്നു ഭൂരിപക്ഷം തെളിയിക്കാനുള്ള സമയം വൈകുന്നത് എംപിമാരെ ചാക്കിട്ടു പിടിക്കാൻ രാജപക്ഷെയ്ക്ക് കൂടുതൽ അവസരം നൽകുമെന്ന ആശങ്ക വിക്രമസിംഗെ പക്ഷം നേരത്തെതന്നെ പ്രകടമാക്കിയിരുന്നു. തന്നെ നീക്കം ചെയ്ത നടപടി ഭരണഘടനാവിരുദ്ധമാണെന്നും 225 അംഗ പാർലമെന്‍റിൽ ഭൂരിപക്ഷം തെളിയിക്കാനാകുമെന്നുമാണ് വിക്രമസിംഗെയുടെ നിലപാട്.

അവസാന കണക്കുകൾ അനുസരിച്ച് 103 അംഗങ്ങളുടെ പിന്തുണയാണ് വിക്രമസിംഗെയ്ക്കുള്ളത്. രാജപക്ഷെ – സിരിസേന സഖ്യത്തിന് 100 അംഗങ്ങളുടെയും. ശേഷിക്കുന്ന 22 എംപിമാരുടെ നിലപാട് നിർണായകമാകും. ഇവർ വിക്രമസിംഗെയ്ക്കൊപ്പം നിലകൊള്ളുമെന്നാണ് വിലയിരുത്തൽ.