Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രി ഇനി അധിക്ഷേപിച്ചാൽ നിയമ നടപടി ആലോചനയിൽ: തന്ത്രി സമാജം

CM Pinarayi Vijayan മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി ∙ ശബരിമല വിഷയത്തിൽ സർക്കാർ വിട്ടുവീഴ്ചയ്ക്കു തയാറാകണമെന്ന് അഖില കേരള തന്ത്രി സമാജം ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന അധിക്ഷേപങ്ങളിൽ തന്ത്രി സമൂഹത്തിന് കടുത്ത പ്രതിഷേധവും അമർഷവുമുണ്ട്. ഇത് ആവർത്തിച്ചാൽ നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. ശബരിമല വിഷയത്തിൽ ശാശ്വതമായ പരിഹാരമാണ് വേണ്ടത്. അതിന് സർക്കാർ വേണം മുൻകൈ എടുക്കാനും പരിഹാരം കാണാനും.

നിലവിൽ സാഹചര്യങ്ങൾ വളരെ സങ്കീർണമാണ്. ആചാരപരമായ കാര്യങ്ങളിൽ ഒരു കാരണവശാലും വിട്ടുവീഴ്ചയ്ക്ക് തന്ത്രിസമൂഹം തയാറാവില്ല. ആചാരങ്ങളിൽ വെള്ളം ചേർക്കാനാവില്ലെന്നാണ് തന്ത്രി സമൂഹത്തിനു പറയാനുള്ളത്. കഴിഞ്ഞ ദിവസം നടന്ന ഹൈന്ദവ ധർമ ആചാര്യ സംഗമത്തിലും തീരുമാനമുണ്ടായിരുന്നു. അതിന്റെ പാതയിൽ തന്നെയാണ് ഇന്നത്തെ ചർച്ചകളും തീരുമാനങ്ങളും ഉണ്ടായിട്ടുള്ളത്. തെരുവിൽ ഇറങ്ങാനും യുദ്ധം ചെയ്യാനും തന്ത്രി സമൂഹമില്ല. സമവായ പാതയിലേക്കു സർക്കാർ വരണമെന്നാണ് ഈ സമൂഹത്തിന്റെ അഭ്യർഥന. അതിനായി എന്തു ചർച്ചയ്ക്കും എപ്പോഴും തന്ത്രി സമൂഹം തയാറാണെന്നും അഖില കേരള തന്ത്രിസമാജം വ്യക്തമാക്കി.