Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമർശിച്ചാൽ സിപിഎം ‘സംഘി’യാക്കും; ജീവനുള്ള കാലം ബിജെപിയിലേക്കില്ല: ചെന്നിത്തല

നിഖിൽ സ്കറിയ കോര
Author Details
Follow Twitter
Follow Facebook

സിപിഎമ്മിനെ വിമർശിക്കുന്നവരെ അവർ ‘സംഘി’യാക്കുകയാണെന്നും അങ്ങനെ ചെയ്ത് അവർ‌ ബിജെപിയെ വളർത്തുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജീവനുള്ള കാലത്തോളം ബിജെപിയിലേക്ക് പോകില്ലെന്നും ഇത്തരം ആക്ഷേപങ്ങൾ നേരത്തേ മുതൽ കേൾക്കുന്നതാണെന്നും ചെന്നിത്തല വ്യക്തമാക്കി. മനോരമ ഓൺലൈന്റെ വിഡിയോ അഭിമുഖ പരമ്പര ‘മറുപുറ’ത്തിലാണ് സിപിഎമ്മിനെയും ബിജെപിയെയും കടന്നാക്രമിച്ചുള്ള പരാമർശങ്ങൾ രമേശ് ചെന്നിത്തല നടത്തിയത്. 

ശബരിമല വിഷയത്തിൽ യുഡിഎഫും ബിജെപിയും സ്വീകരിച്ച നിലപാടുകൾ തമ്മിലുള്ള വ്യത്യാസം?

ശബരിമലയിലെ യുഡിഎഫിന്റെ നിലപാട് കോടതിവിധി ഉണ്ടായ ശേഷം ഉണ്ടായതല്ല. 2016–ൽ ഉമ്മൻ ചാണ്ടി സർക്കാർ കോടതിയിൽ കോടുത്ത സത്യവാങ്മൂലം മുതൽ എടുത്ത നിലപാട് ഇതാണ്. സുപ്രീം കോടതി വിധി വന്ന ശേഷമാണ് ബിജെപി ഇത്തരത്തിൽ ഒരു നിലപാട് എടുത്തത്. ശബരിമലയിലെ ആചാരങ്ങൾ തുടരണം എന്നു തന്നെയാണ് യുഡിഎഫിന്റെ നിലപാട്. ജനത്തിന് അതറിയാം. ഇതിനു വേണ്ടി ഞങ്ങൾ അക്രമസമരങ്ങൾക്ക് പോയിട്ടില്ല. മാധ്യമപ്രവർത്തകരെയും മറ്റും ആക്രമിക്കാൻ ഞങ്ങൾ മുതിർന്നിട്ടില്ല. ഇതിന്റെ പേരിൽ ശബരിമലയെ ഒരു കലാപഭൂമിയാക്കാൻ ഞങ്ങൾക്ക് താൽപര്യമില്ല. വ്യവസ്ഥാപിതമായ മാർഗത്തിലൂടെ ഇതിനെ നേരിടുക എന്നതാണ് ഞങ്ങൾ ചെയ്യുന്നത്. ഞങ്ങൾ ചുമതലപ്പെടുത്തിയതനുസരിച്ചാണ് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി കൊടുത്തത്. ഞങ്ങൾ സമാധാനപരവും നിയമപരവുമായ മാർഗത്തിലൂടെയാണ് ശബരിമല സമരത്തെ മുന്നോട്ടു കൊണ്ടു പോകുന്നത്. ബിജെപി റിവ്യൂ ഹർജി കൊടുത്തിട്ടില്ലല്ലോ. വേണമെങ്കിൽ ബിജെപിക്ക് കേന്ദ്രത്തിൽ സമ്മർദം ചെലുത്തി നിയമനിർമാണം നടത്താം. ഇവിടെ അമിത് ഷാ വന്ന് ഇത്ര വലിയ കോലാഹലം ഒന്നും ഉണ്ടാക്കേണ്ട ആവശ്യമില്ല. അവരുടെ ലക്ഷ്യം കേരളത്തെ കലാപഭൂമിയാക്കുക എന്നതാണ്. അതേ ലക്ഷ്യം തന്നെയാണ് സിപിഎമ്മിനും. ഇത്തരമൊരു കോടതി വിധി വന്നാൽ പിറ്റേ ദിവസം തന്നെ അതു നടപ്പാക്കാൻ ഇറങ്ങിപ്പുറപ്പെടുകയാണോ വേണ്ടത്. ഇവിടെ നടപ്പാക്കാത്ത എത്രയോ സുപ്രീം കോടതി വിധികളുണ്ട്. ശബരിമല വിധിയുടെ കോപ്പി ഇതു വരെ സർക്കാരിന് ലഭിച്ചിട്ടില്ല. അതു ലഭിക്കും മുമ്പ് തന്നെ ശബരിമലയിൽ ശൗചാലയങ്ങൾ നിർ‌മിക്കാനുള്ള നടപടിയുമായാണ് സർക്കാർ മുന്നോട്ടു പോയത്. ഇതിന്റെ പേരിൽ മത–സാമുദായിക ധ്രുവീകരണം ഉണ്ടാക്കി നേട്ടം കൊയ്യുക എന്നതാണ് ബിജെപിയുടെയും സിപിഎമ്മിന്റെയും ലക്ഷ്യം. എന്നാൽ കോൺഗ്രസ്സിനും യുഡിഎഫിനും അതില്ല.

ഈ വിഷയം പിന്നെ എങ്ങനെയായിരുന്നു കൈകാര്യം ചെയ്യേണ്ടിയിരുന്നത്?

ദേവസ്വം ബോർഡിന് അവരുടേതായ നിലപാട് എടുക്കാമല്ലോ? എന്തു കൊണ്ട് അവർ റിവ്യൂ ഹർജിക്കു പോയില്ല? സുപ്രീം കോടതി വിധി അന്തിമമാണ്. പക്ഷേ നിയമസാധ്യതകൾ പിന്നെയുമുണ്ട്? എന്തു കൊണ്ട് അതൊന്നും ആരാഞ്ഞില്ല? ഇത്തരത്തിൽ ഒരു വിധി വന്നപ്പോൾ സർക്കാർ എന്തു കൊണ്ട് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഒരു യോഗം വിളിച്ചില്ല? പ്രതിപക്ഷ നേതാവായ എന്നോടു ഒന്ന് സംസാരിക്കാമല്ലോ? അതു ചെയ്തോ? ഇല്ലല്ലോ. ഇത്രയും സെൻസിറ്റീവായ വിഷയം കൈകാര്യം ചെയ്യുമ്പോൾ കുറച്ചു കൂടി പക്വത കാണിക്കാമായിരുന്നല്ലോ. സുപ്രീം കോടതി വിധികൾ വന്നപ്പോൾ വിവിധ വിഭാഗങ്ങളും ആളുകളുമായി ചർച്ച നടത്തി സമവായത്തിലെത്തിയ എത്രയോ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. ഒരു ദുഷ്ടലാക്കാണ് സിപിഎമ്മിനുള്ളത്. മതേതര ജനാധിപത്യ ശക്തികളെ പ്രതിനിധീകരിക്കുന്ന യുഡിഎഫിനെ ദുർബലപ്പെടുത്തുക എന്നതാണ് അവരുടെ ലക്ഷ്യം. ഒപ്പം ബിജെപി ശക്തിപ്പെടുത്തുക എന്നതും. അതിനു വേണ്ടിയാണ് ഈ കലാപങ്ങൾ അത്രയും ഉണ്ടാക്കാൻ ഇവർ ശ്രമിക്കുന്നത്. ബ്രൂവറി ഡിസ്റ്റിലറി പ്രശ്നം വന്നപ്പോൾ മുഖ്യമന്ത്രി എന്താണ് പറഞ്ഞത്? പ്രളയാനന്തര കേരളത്തിൽ എല്ലാവരും ഒന്നിച്ചു നിൽക്കണം. അതു കൊണ്ട് വിവാദം വേണ്ട, ഞങ്ങൾ ഉത്തരവുകൾ പിൻവലിക്കുന്നു എന്നാണ്. അതിനെക്കാൾ വലിയ വിവാദമല്ലേ മുഖ്യമന്ത്രി ഇപ്പോൾ ഇവിടെ ഉണ്ടാക്കിയിരിക്കുന്നത്. ശബരിമല എന്ന ഒറ്റ വിഷയം വച്ച് ആളുകളെ വർഗീയമായി വേർതിരിക്കുന്നു. പ്രളയാനന്തര കേരളത്തിൽ ഇതാണോ വേണ്ടത്? സർക്കാർ എല്ലാവരുടേതുമല്ലേ? മുഖ്യമന്ത്രി എല്ലാവരുടെയും അഭിപ്രായങ്ങൾ മാനിച്ചു വേണമായിരുന്നു മുന്നോട്ടു പോകാൻ. 

സുപ്രീം കോടതി വിധിയിൽ എന്തെങ്കിലും പാകപ്പിഴകൾ ഉള്ളതായി തോന്നുന്നുണ്ടോ?  

തീർച്ചയായും ഉണ്ട്. സുപ്രീം കോടതി വിധി അന്തിമമല്ല. നിയമപരമായി പല സാധ്യതകളും നമുക്ക് മുന്നിലുണ്ട്. ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രം പരിശോധിച്ചാൽ എന്നും അവ തിരുത്തലുകൾക്ക് വിധേയമായിട്ടുണ്ട് എന്ന് മനസ്സിലാക്കാം. ജഡ്ജിയെ വിമർശിക്കുമ്പോൾ മാത്രമാണ് അത് കോടതിയലക്ഷ്യമാകുന്നത്. വിധിയെ ആർക്കും വിമർശിക്കാം. ഈ വിധി ജനതാൽപര്യത്തെ മുൻനിർത്തിയുള്ളതല്ല. പ്രായോഗിക പ്രശ്നങ്ങൾ മനസ്സിലാക്കാതെയുള്ള ഒന്നാണ്. 

അടുത്ത കാലത്ത് സുപ്രീം കോടതി പുറപ്പെടുവിച്ച പല വിധികളും പുരോഗമനപരമായിരുന്നു. സ്വവർഗ ലൈംഗികത സംബന്ധിച്ചും വിവാഹേതരബന്ധത്തെക്കുറിച്ചുമൊക്കെ വിധികൾ ഉദാഹരണം. അവയോടും താങ്കൾക്ക് വിയോജിപ്പാണോ ?

എല്ലാ വിധികളോടും എനിക്ക് എതിർപ്പൊന്നുമില്ല. പക്ഷേ ഇന്ത്യൻ സാഹചര്യം മനസ്സിലാക്കണം. ഇന്ത്യ ഒരു പാശ്ചാത്യ രാജ്യമല്ല. കു‍ടുംബബന്ധങ്ങളുടെ മൂല്യം കാത്തു സൂക്ഷിക്കുന്ന പാരമ്പര്യമാണ് നമ്മുടേത്. വിധികൾ പുറപ്പെടുവിക്കുമ്പോൾ അതു കൂടി പരിഗണിക്കേണ്ടതായിരുന്നു എന്നതാണ് എന്റെ അഭിപ്രായം.

കോൺഗ്രസിന്റെ ദേശീയ അധ്യക്ഷനായ രാഹുൽ ഗാന്ധിയുടെ നിലപാട് കേരളത്തിലെ പാർട്ടിയുടേതിൽ നിന്ന് വ്യത്യസ്തമാണ്. സത്യത്തിൽ ദേശീയ അധ്യക്ഷന്റെ നിലപാടു കൂടി കേരളത്തിലെ പാർട്ടി കണക്കിലെടുക്കേണ്ടതല്ലേ?

2016–ലാണ് കേരളത്തിലെ പാർട്ടി ഈ നിലപാട് എടുക്കുന്നത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഞാനും വിധി വന്നതിനു ശേഷം രാഹുൽ ഗാന്ധിയെ കാണാൻ‌ പോയിരുന്നു. അദ്ദേഹത്തിന്റെ നിലപാടു തന്നെയാണ് എഐസിസിയും ആദ്യം എടുത്തത്. ഞങ്ങൾ ഈ വിധിയെ സ്വാഗതം ചെയ്യുന്നു എങ്കിലും ഭക്തജനങ്ങളുടെ വികാരത്തെ കൂടി കണക്കിലെടുത്ത് ഒരു തീരുമാനമെടുക്കാൻ കേരളത്തിലെ പാർട്ടിക്ക് അവകാശമുണ്ട് എന്നാണ് എഐസിസി പറഞ്ഞത്. അതേ നിലപാട് തന്നെയാണ് രാഹുൽ ഗാന്ധിയും പറഞ്ഞത്. വിവിധ സംസ്ഥാനങ്ങളിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് തീരുമാനങ്ങളെടുക്കാൻ അതത് സ്ഥലങ്ങളിലെ കോൺഗ്രസ് പാർട്ടിക്ക് അധികാരമുണ്ട്. ശരിക്കും രാഹുൽ ഗാന്ധിയുടെ ഒരു മഹത്വമാണ് ഞാൻ ഇതിൽ കാണുന്നത്. സ്വന്തമായി ഒരു അഭിപ്രായം ഉണ്ടെങ്കിലും അത് പാർട്ടിയുടെ മേൽ അടിച്ചേൽ‌പിക്കാൻ അദ്ദേഹം മുതിർന്നില്ല. അദ്ദേഹം ഞങ്ങളുടെ അഭിപ്രായത്തിന് വഴങ്ങുകയാണുണ്ടായത്. നരേന്ദ്ര മോദിയുടെയോ പിണറായി വിജയന്റെയോ അഭിപ്രായങ്ങൾക്ക് വിരുദ്ധമായി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അവർ ആ പാർട്ടിയിൽ കാണുമോ? ആ നിലപാട് അല്ല കോൺഗ്രസ് അധ്യക്ഷന്റേത്. അതാണ് ഉന്നതമായ ജനാധിപത്യ ബോധം. പാർട്ടി അച്ചടക്കം ലംഘിക്കാതെ അഭിപ്രായം പറഞ്ഞത് അദ്ദേഹത്തിന്റെ മികവാണ്. 

സുപ്രീം കോടതി വിധി അംഗീകരിക്കുന്ന വിശ്വാസികളായ ഒരുപാട് ആളുകൾ കേരളത്തിലുണ്ട്. അങ്ങനെ വരുമ്പോൾ ഞങ്ങൾ വിശ്വാസികൾക്കൊപ്പം നിൽക്കുന്നു എന്നു പറയുന്നത് തെറ്റല്ലേ?

തൊണ്ണൂറ് ശതമാനം സ്ത്രീകൾ ഇതിനെ എതിർക്കുന്നു. അനുകൂലിക്കുന്ന പത്തു ശതമാനം ആളുകൾ കാണും. അതു സ്വാഭാവികമല്ലേ ? ഏതു കാര്യത്തിലാണ് എല്ലാവർക്കും ഒരേ അഭിപ്രായം ഉണ്ടാകുന്നത്? രണ്ടഭിപ്രായം വരുന്നതിൽ തെറ്റില്ല.

ഈ വിധിക്ക് എതിരായി നിരവധി റിവ്യൂ ഹർജികളും മറ്റും ഫയൽ ചെയ്തിരിക്കുന്നു. ഭാവിയിൽ കോടതി ഈ ഹർജികൾ എല്ലാം തള്ളുകയും വിധിയിൽ ഉറച്ചു നിൽക്കുകയും ചെയ്താൽ കേരളത്തിലെ കോൺഗ്രസ് എന്തു നിലപാട് എടുക്കും?

അതിനെക്കുറിച്ച് അപ്പോൾ ചർച്ച ചെയ്ത് നിലപാട് എടുക്കും. ഒരു കാര്യം ഉറപ്പു പറയുന്നു. കേരളത്തിലെ കോൺഗ്രസ് വിശ്വാസസമൂഹത്തിനൊപ്പമാണ്. എല്ലാ മതങ്ങളുടെയും വിശ്വാസം സംരക്ഷിക്കപ്പെടണം എന്ന അഭിപ്രായമാണ് ഞങ്ങൾക്കുള്ളത്. വിശ്വാസവും അന്ധവിശ്വാസവും രണ്ടാണ്. അന്ധവിശ്വാസത്തെ എതിർക്കാം. വിശ്വാസം അങ്ങനെയല്ലല്ലോ. 

ശബരിമല വിഷയത്തിൽ ബിജെപി രാഷ്ട്രീയ നേട്ടം കൊയ്യുമെന്ന് കരുതുന്നുണ്ടോ?

ഒരു കാരണവശാലും ഉണ്ടാകാൻ പോകുന്നില്ല. ബിജെപി അവരുടെ ശക്തി കൂടുതൽ ദുർബലമാക്കുന്ന നിലപാടുമായാണ് മുന്നോട്ടു പോകുന്നത്. അമിത് ഷായെ പോലെ ഒരാൾ കേരളത്തിൽ വന്ന് ആവശ്യമില്ലാത്ത പ്രസംഗങ്ങൾ നടത്തുക വഴി അവർ സ്വയം ദുർബലമാകുകയാണ്. ഏതായാലും കേരളത്തിലെ സർക്കാരിനെ മാറ്റാൻ അമിത് ഷാ വരേണ്ട ആവശ്യമില്ല. ജനങ്ങൾ ജനാധിപത്യപരമായ മാർഗങ്ങൾ ഉപയോഗിച്ച് ഈ സർക്കാരിനെ മാറ്റിക്കോളും. 

വ്യക്തിപരമായി താങ്കൾ ഈ വിധിയോട് യോജിക്കുന്നുണ്ടോ?

ഞങ്ങളുടെ നിലപാട് നേരത്തെ കൊടുത്ത സത്യവാങ്മൂലത്തിൽ പറഞ്ഞതു തന്നെയാണ്. ഞാനായിരുന്നു അതു ഫയൽ ചെയ്ത കാലത്തെ കെപിസിസി പ്രസിഡന്റ്. എന്റെ അഭിപ്രായം കൂടി മാനിച്ചാണ് അന്ന് അങ്ങനെയൊരു നിലപാട് കോൺഗ്രസ് എടുത്തത്. അതിൽ ഇപ്പോഴും ഞങ്ങൾ ഉറച്ചു നിൽക്കുന്നു.

രമേശ് ചെന്നിത്തല അടുത്തു തന്നെ ബിജെപിയിലേക്ക് പോകും, കോൺഗ്രസ് ബിജെപിയിൽ ലയിക്കും എന്നൊക്കെ പലരും ആരോപണം ഉന്നയിക്കാറുണ്ട്. എന്നെങ്കിലും താങ്കൾ ബിജെപിയിലേക്ക് പോകുമോ?

ഞാൻ എന്റെ ജീവിതകാലത്ത് പോകില്ല. മരിച്ചു കഴിഞ്ഞാൽ പിന്നെ പറയേണ്ട കാര്യമില്ലല്ലോ. അതിലൊന്നും വലിയ കാര്യമില്ല. ഞാൻ 87–ൽ കോട്ടയത്ത് പാർലമെന്റിൽ  മത്സരിക്കുന്ന കാലം മുതൽ തന്നെ ഇതു കേൾക്കുന്നതാണ്. അത് സിപിഎമ്മിന്റെ ഒരു തന്ത്രമാണ്. കോൺഗ്രസിനെ നശിപ്പിക്കുക ബിജെപിയെ വളർത്തുക എന്നതാണ് അവരുടെ ലക്ഷ്യം. കേരളത്തിലെ സിപിഎം കോൺഗ്രസിനെ ഇല്ലാതാക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളത്. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യലാണ് ഇപ്പോൾ അവരുടെ ജോലി. ഹിന്ദുക്കളെല്ലാം ബിജെപിയാണോ? ചന്ദനക്കുറി ഇട്ടവരെല്ലാം ബിജെപിയാണോ? ക്ഷേത്രത്തിൽ പോകുന്നവരെല്ലാം ബിജെപിയാണോ? അങ്ങനെ പറഞ്ഞുണ്ടാക്കി ബിജെപിക്ക് വളം വെച്ചു കൊടുക്കുകയാണ് സിപിഎം ഇപ്പോൾ ചെയ്യുന്നത്. ഇത് ജനങ്ങൾക്ക് അറിയാം. ഹിന്ദുക്കളെല്ലാം ബിജെപി ആണെങ്കിൽ കേരളത്തിൽ ഏറ്റവും കൂടുതൽ സീറ്റ് ബിജെപി നേടില്ലേ? സിപിഎം എത്ര പരിശ്രമിച്ചാലും ബിജെപിയിലേക്ക് ആളുകൾ പോകുകയുമില്ല. എംഎം ലോറൻസിന്റെ കൊച്ചുമകൻ ബിജെപി വേദിയിൽ പോയി എന്നു വെച്ച് സിപിഎംകാർ മുഴുവൻ ബിജെപിക്കാർ ആകും എന്നാണോ? അല്ല. ന്യൂനപക്ഷ വോട്ടിൽ കണ്ണു നട്ടാണ് സിപിഎം ഇതൊക്കെ ചെയ്യുന്നത്. പക്ഷേ ന്യൂനപക്ഷവും ഭൂരിപക്ഷവും അവർക്ക് വോട്ടു ചെയ്യാൻ പോണില്ല. സിപിഎമ്മിനെ എതിർക്കുന്നവരെയൊക്കെ അവർ സംഘിയാക്കുകയാണ്. അങ്ങനെ അവരെ എതിർക്കുന്നവരെയൊക്കെ സംഘിയാക്കി സത്യത്തിൽ ബിജെപിയെ വളർത്തുന്നത് അവർ തന്നെയല്ലേ? ഇതൊക്കെ പഴകിപ്പൊളിഞ്ഞ അവരുടെ നിലപാടുകളാണ്.

related stories