Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാമ്പത്തികസംവരണം: സുപ്രീം കോടതി വിധിയെ സർക്കാർ അട്ടിമറിക്കുന്നെന്ന് വെള്ളാപ്പള്ളി

Vellappally Natesan

ആലപ്പുഴ ∙ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ച ശബരിമല യുവതീപ്രവേശം നടപ്പാക്കാൻ ആർജവം കാട്ടുന്ന സർക്കാർ അതേ കോടതിയുടെ ഒൻപതംഗ ബെഞ്ചിന്റെ, സാമ്പത്തിക സംവരണം പാടില്ലെന്ന വിധി കൗശലപൂർവം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രതിസന്ധി തരണം ചെയ്യാൻ മാധ്യമശ്രദ്ധ തിരിച്ചുവിടുന്നതിനു വേണ്ടി ബന്ധപ്പെട്ടവർ തമ്മിൽ ഒരു അന്തർധാര നിലനിൽക്കുന്നു.

ദേവസ്വം ബോർഡുകളിലെ നിയമനങ്ങളിൽ സാമ്പത്തിക സംവരണം ഏർപ്പെടുത്തിയതു പിന്നാക്ക ജനതയോടുള്ള വെല്ലുവിളിയാണ്. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരിൽ 96% മുന്നാക്കക്കാരാണ്. വീണ്ടും 10% സംവരണം നൽകുന്നത് സാമൂഹികനീതിയോടുള്ള വെല്ലുവിളിയും പിന്നാക്ക ജനവിഭാഗങ്ങളോടുള്ള അവഗണനയുമാണ്. സർവകലാശാലാ വിദ്യാർഥി പ്രവേശനത്തിൽ തുടങ്ങി ദേവസ്വം ബോർഡിൽ വരെ സാമ്പത്തിക സംവരണം നടപ്പാക്കി. ഇനി എല്ലാ നിയമനത്തിലും നടപ്പാക്കാനുള്ള ഗൂഢതന്ത്രമാണിത്. ഭരണഘടന നൽകിയ സംവരണം അട്ടിമറിച്ച് പിന്നാക്കക്കാരുടെ അവകാശം കവരുന്നതിനെ ജനാധിപത്യ രീതിയിലും നിയമപരമായും നേരിടും.

ഇപ്പോൾ ഹിന്ദു ഐക്യത്തിനായി ഇതിനെ തള്ളിപ്പറയുന്നവരുടെ ലക്ഷ്യമെന്താണെന്ന് എല്ലാവർക്കും അറിയാം. സാമ്പത്തിക സംവരണ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരം തുടങ്ങുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

related stories