Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബന്ധുനിയമനം: ജലീലിന്റെ നിലപാട് ശരിയെന്ന് ഇപി, വിശ്വാസയോഗ്യമല്ലെന്ന് ബിജെപി

E.P. Jayarajan

കണ്ണൂർ∙ മന്ത്രി കെ.ടി. ജലീലിനെതിരെയുള്ള ബന്ധുനിയമന ആരോപണം അടിസ്ഥാനരഹിതമാണെന്നു മന്ത്രി ഇ.പി. ജയരാജൻ. ബന്ധുവായതിനാൽ ഏതെങ്കിലും ഉദ്യോഗസ്ഥന് ഡെപ്യൂട്ടേഷൻ വഴി ജോലിക്കു പോയിക്കൂടാ എന്നുണ്ടോ? വിഷയത്തെ തെറ്റായി വ്യാഖാനിച്ചു തെറ്റിദ്ധാരണ പരത്തുകയാണ്. ഇക്കാര്യത്തിൽ ജലീലിന്റെ നിലപാട് തികച്ചും ശരിയാണെന്നും ജയരാജൻ കതിരൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എന്നാൽ, സംസ്ഥാന ന്യൂനപക്ഷ വികസന–ധനകാര്യ കോര്‍പറേഷനില്‍ ബന്ധുവിനെ നിയമിച്ചതു സംബന്ധിച്ച് മന്ത്രി ജലീല്‍ നല്‍കിയ വിശദീകരണം വിശ്വാസകരമല്ലെന്ന് ബിജെപി. യോഗ്യരെ കിട്ടാത്തതിനാലാണു ബന്ധുവിനു നിയമനം നല്‍കിയത് എന്ന വാദം കേരളത്തിലെ ലക്ഷക്കണക്കിനു വിദ്യാസമ്പന്നരായ തൊഴില്‍രഹിതരെ കളിയാക്കലാണെന്നും ബിജെപി വക്താവ് എം.എസ്. കുമാര്‍ ആരോപിച്ചു.

പത്രങ്ങളില്‍ പരസ്യം നല്‍കിയാണ് അപേക്ഷ ക്ഷണിച്ചതെന്ന് ആദ്യം പറഞ്ഞ മന്ത്രി ഇപ്പോള്‍ പറയുന്നത് വാര്‍ത്ത കൊടുത്തു എന്നാണ്. അഭിമുഖത്തിന് എത്തിയ ഏഴു പേര്‍ക്കും യോഗ്യതയില്ലായിരുന്നു എന്നും മന്ത്രി പറയുന്നു. അപേക്ഷകരില്‍നിന്ന് യോഗ്യരെ മാത്രം അഭിമുഖത്തിനു വിളിക്കുന്നതാണു സാധാരണ നടക്കുന്നത്. യോഗ്യതയില്ലാത്തവരെ അഭിമുഖത്തിന് എന്തിനു വിളിച്ചു എന്നതിനും മന്ത്രി മറുപടി പറയണം.

ഏന്തു ന്യായം പറഞ്ഞാലും ബന്ധുവിനെ നിയമിച്ചതു വഴിവിട്ടാണെന്നു മന്ത്രി സമ്മതിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജലീലിനെ മന്ത്രിസഭയില്‍നിന്നു പുറത്താക്കണം. ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജന്റെ കാര്യത്തില്‍ കാട്ടിയ മാതൃക മുഖ്യമന്ത്രി സ്വീകരിക്കണം–എം.എസ്. കുമാര്‍ ആവശ്യപ്പെട്ടു.

related stories