Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും വിലക്ക്; നിലയ്ക്കലിൽനിന്നു കടത്തിവിട്ട മാധ്യമപ്രവർത്തകരെ പമ്പയിൽ തടഞ്ഞു

sabarimala-media-ban പമ്പയിലേയ്ക്കു പോകാൻ നിലയ്ക്കൽ ഗോപുരം പടിക്കൽ കാത്ത് കിടക്കുന്ന മാധ്യമ വാഹനങ്ങൾ. അഞ്ചു മണിക്കു ശേഷം മാധ്യമ പ്രവർത്തകരെ പമ്പയിലേയ്ക്കു കടത്തി വിടുമെന്നായിരുന്നു പൊലീസ് മുൻപ് പറഞ്ഞിരുന്നത്. എന്നാൽ നാളത്തേയ്ക്കു വാഹനങ്ങൾ കടത്തിവിട്ടാൽ മതിയെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു ചിത്രം. എബി കുര്യൻ

പത്തനംതിട്ട∙ നിലയ്ക്കലിൽനിന്നു കടത്തിവിട്ട മാധ്യമപ്രവർത്തകരെ പമ്പയിൽ തടഞ്ഞു. ത്രിവേണി പാലത്തിന് അപ്പുറത്തേക്ക് വാഹനങ്ങൾ കടത്തിവിടാനാകില്ലെന്നു പൊലീസ് അറിയിച്ചു. മാധ്യമപ്രവർത്തകർക്കു പാലത്തിന് അപ്പുറം വരെ നടന്നുപോകാൻ പൊലീസ് അനുവാദം നൽകി. പമ്പയിൽനിന്നു സന്നിധാനത്തേക്കു മാധ്യമപ്രവർത്തകരെ ഇന്നു കയറ്റിവിടില്ലെന്നാണ് പൊലീസ് നിലപാട്.

രാത്രി എട്ടരയോടെയാണ് മാധ്യമ പ്രവർത്തകരെ നിലയ്ക്കലിൽനിന്നു പമ്പയിലേക്കു കടത്തിവിട്ടത്. കർശന പരിശോധനകൾക്കു ശേഷമാണ് പൊലീസ് പ്രവേശനം അനുവദിച്ചത്. 

നേരത്തെ, മാധ്യമ വിലക്കില്ലെന്ന്  ദേവസ്വം മന്ത്രിയും ഡിജിപിയും വ്യക്തമാക്കിയിട്ടും ശബരിമലയുടെ പരിസര പ്രദേശങ്ങളിൽ മാധ്യമപ്രവർത്തകരെ പൊലീസ് കടത്തിവിട്ടിരുന്നില്ല. നിലയ്ക്കലിൽനിന്നു പമ്പയിലേക്ക് കടത്തിവിടില്ലെന്നാണ് അറിയിച്ചിരുന്നത്. ഐജി അശോക് യാദവാണ് ഇതു സംബന്ധിച്ച നിർദേശം നൽകിയത്.

പമ്പയിൽ ഒന്നും ചിത്രീകരിക്കാനില്ലെന്ന് ഐജി അശോക് യാദവ് പറഞ്ഞു. ശബരിമലയിൽ മാധ്യമങ്ങൾക്കു വിലക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്ന് ഗുരുവായൂരിൽവച്ചും ആവർത്തിച്ചു. ചിത്തിരആട്ടത്തിരുനാളിനായി തിങ്കളാഴ്ചയാണു ശബരിമല നട തുറക്കുന്നത്. സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനാണ് തുടക്കത്തിൽ മാധ്യമങ്ങളെ കടത്തിവിടാതിരുന്നതെന്നാണു വിശദീകരണം.