Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമക്ഷേത്ര നിർമാണം വൈകുന്നത് ഹിന്ദു സമൂഹത്തിൽ ആശങ്കയുളവാക്കുന്നു: ബിജെപി

ram-madhav റാം മാധവ്

ന്യൂഡൽഹി∙ അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി 1992ലേതുപോലുള്ള പ്രക്ഷോഭത്തിനു മടിക്കില്ലെന്ന ആർഎസ്എസ് പ്രസ്താവന വന്നതിനു പിന്നാലെ നിലപാടു വ്യക്തമാക്കി ബിജെപിയും. ക്ഷേത്ര നിർമാണം വൈകുന്നത് ഹിന്ദു സമൂഹത്തിനിടയിൽ ആശങ്കയുളവാക്കുന്നുണ്ടെന്നു ബിജെപി ജനറൽ സെക്രട്ടറി റാം മാധവ് ശനിയാഴ്ച പറഞ്ഞു. ആർഎസ്എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷിയുടെ പ്രസ്താവനയ്ക്കു പ്രതികരണം തേടിയ വാർത്താ ഏജൻസിയായ എഎൻഐയോടാണു റാം മാധവ് നിലപാട് അറിയിച്ചത്.

‘1992നു മുൻപുള്ള അവസ്ഥ വീണ്ടും സംഭവിക്കുക എന്നത് നിർഭാഗ്യകരമാണ്. ക്ഷേത്ര നിർമാണത്തെ പിന്തുണയ്ക്കുന്നവരിൽ ഇത് ആശങ്കയുളവാക്കുന്നു. ആർഎസ്എസ് ഇക്കാര്യം വ്യക്തമായി പറയുകയും ചെയ്തു’ – റാം മാധവ് വ്യക്തമാക്കി. ക്ഷേത്ര നിർമാണത്തിന് ഓർഡിനൻസ് ഇറക്കണമെന്ന ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് അതേക്കുറിച്ചു മറുപടി നൽകാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഘ്, സന്യാസി സംഘടനകളിൽനിന്ന് ഈ ആവശ്യം ശക്തമായി ഉയരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിലെ താനെയിൽ ത്രിദിന ആർഎസ്എസ് ദേശീയ എക്സിക്യൂട്ടീവിനു പരിസമാപ്തി കുറിച്ചു നടന്ന സമ്മേളനത്തിലാണു ഭയ്യാജി ജോഷി ക്ഷേത്ര നിർമാണത്തിനായി കടുത്ത നടപടിയിലേക്കു കടക്കാനും മടിക്കില്ലെന്ന സൂചന നൽകിയത്. വിഷയം ജനുവരിയിൽ പരിഗണിക്കുമെന്ന സുപ്രീം കോടതിയുടെ തീരുമാനം ഹിന്ദു വികാരത്തെ അവമതിക്കുകയാണെന്നും എല്ലാ വഴികളും അടഞ്ഞാൽ ഓർഡിനൻസ് പുറപ്പെടുവിക്കുകയാണു വഴിയെന്നും ഭയ്യാജി ജോഷി നിർദേശിച്ചിരുന്നു.

അയോധ്യയിലെ തർക്ക ഭൂമി സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാര, രാം ലല്ല തുടങ്ങിയ മൂന്നു കക്ഷികൾക്കു വീതിക്കാനാണ് 2010ൽ അലഹാബാദ് ഹൈക്കോടതി വിധി പറഞ്ഞത്. ഇതിനെതിരെ 14 ഹർജികളാണ് സുപ്രീം കോടതിയിൽ എത്തിയത്.

related stories