Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടതു സര്‍ക്കാരിനെ അമിത് ഷാ വലിച്ചു താഴെയിടേണ്ട, അതു ജനങ്ങൾ ചെയ്യും: ചെന്നിത്തല

sabarimala-ramesh-chennithala-dharnna- ശബരിമലയിലെ വിശ്വാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടത്തിയ ധർണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: പി.നിഖിൽരാജ്

പത്തനംതിട്ട ∙ വിശ്വാസങ്ങളെ ചവിട്ടി മെതിക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസികളോടു യുദ്ധം പ്രഖ്യാപിച്ച സർക്കാരാണിത്. ഇന്നു ശബരിമല എങ്കിൽ നാളെ മറ്റു മതങ്ങളെ അക്രമിക്കും. തീർഥാടനം അട്ടിമറിക്കാൻ സർക്കാർ തന്നെ ശ്രമിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഓർത്തഡോക്സ്–യാക്കോബായ പ്രശ്നത്തിൽ സുപ്രീംകോടതി വിധി വന്നെങ്കിലും സർക്കാർ നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമലയിലെ വിശ്വാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.

വർഗീയത പ്രചരിപ്പിക്കുന്നതിന് മുഖ്യമന്ത്രിക്ക് എതിരെ കേസെടുക്കണം. പൊലീസുകാർ മാത്രം ശബരിമല കയറിയാൽ മതിയെന്നാണ് സർക്കാർ നിലപാട്. ഒരു ദിവസം ഒരു ലക്ഷം പേർ മതിയെന്നാണ് പിണറായിയുടെ കൽപന. ശബരിമലയിൽ വരുമാനം കുറഞ്ഞാൽ കേരളത്തിലെ ക്ഷേത്രങ്ങൾ പ്രതിസന്ധിയിലാകും, പൂജാരിമാർ പട്ടിണിയാകും. സംസ്ഥാന സർക്കാരിനെ വലിച്ചു താഴെയിടാൻ അമിത് ഷാ മെനക്കെടേണ്ടെന്നും രണ്ടര വർഷം കഴിയുമ്പോൾ കേരളത്തിലെ ജനങ്ങൾ അതു ചെയ്തു കൊള്ളുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്യും മുൻപേ അമിത് ഷായെ അവിടെ ഇറക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം ആരോപിച്ചു.

ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ പി.ജെ. കുര്യൻ, ഷാനിമോൾ ഉസ്മാൻ, ആന്റോ ആന്റണി എംപി, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്, പഴകുളം മധു, പന്തളം സുധാകരൻ, കെ. ശിവദാസൻ നായർ, പി. മോഹൻരാജ്, അന്നപൂർണാദേവി, വെട്ടൂർ ജ്യോതിപ്രസാദ്, ജോർജ് മാമ്മൻ കൊണ്ടൂർ, എസ്. ബിനു, സാമുവൽ കിഴക്കുപുറം, ജോൺസൺ വിളവിനാൽ, പഴകുളം ശിവദാസൻ, തോപ്പിൽ ഗോപകുമാർ, കാ‌ട്ടൂർ അബ്ദുൽ സലാം, റിങ്കു ചെറിയാൻ എന്നിവർ പ്രസംഗിച്ചു.