Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമക്ഷേത്രം നിര്‍മിക്കും; ആര്‍ക്കും തടയാനാകില്ല: ഉമാഭാരതി

uma-bharti ഉമാ ഭാരതി

ന്യൂഡൽഹി∙ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നും ആര്‍ക്കും തടയാനാകില്ലെന്നും കേന്ദ്രമന്ത്രി ഉമാഭാരതി. തര്‍ക്കഭൂമി കേസില്‍ സുപ്രീംകോടതി വേഗത്തില്‍ തീരുമനമെടുക്കണമെന്നു കേന്ദ്ര നിയമ സഹമന്ത്രി പി.പി. ചൗധരിയും വ്യക്തമാക്കി. രാമക്ഷേത്ര നിര്‍മാണം ചര്‍ച്ചചെയ്യാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇരുവരുടെയും പ്രസ്താവന.

ക്ഷേത്ര നിർമാണത്തിനു തന്റെ ഭാഗത്തുനിന്നു വേണ്ട എല്ലാ സഹായങ്ങളും നൽകുമെന്ന് ഉമാ ഭാരതി വ്യക്തമാക്കി. ക്ഷേത്രം നിർമിക്കുകയെന്നത് തന്റെ സ്വപ്നമാണ്. രാംജന്മഭൂമി ആന്ദോളൻ പ്രതിഷേധത്തിൽ സജീവമായി പങ്കെടുത്തയാളാണു താൻ – ഉമാ ഭാരതി കൂട്ടിച്ചേർത്തു.

ക്ഷേത്രം നിർമിക്കേണ്ടതാണെന്നു പറഞ്ഞ ചൗധരി, കേസ് സുപ്രീം കോടതിയിലാണെന്നും അതിൽ ഉടൻതന്നെ തീരുമാനം വേണമെന്നും ആവശ്യപ്പെട്ടു. സർക്കാരിന്റെ അഭിപ്രായം ഇപ്പോൾ പറയാനാകില്ല. പക്ഷേ, തന്റെ അഭിപ്രായത്തിൽ ജൂഡീഷ്യൽ തീരുമാനം വൈകുന്ന സാഹചര്യത്തിൽ ഒരു നിയമം നിർമിക്കണമെന്നും ചൗധരി വ്യക്തമാക്കി.

അയോധ്യ രാമക്ഷേത്രനിർമാണത്തിനായി ഇനി കാത്തിരിക്കാനാകില്ലെന്നും ആവശ്യമെങ്കിൽ 1992 മോഡൽ പ്രക്ഷോഭം ആവർത്തിക്കുമെന്നും ആർഎസ്എസ് വ്യക്തമാക്കിയിരുന്നു. കേസ് നീണ്ടുപോകുന്നതിൽ സുപ്രിംകോടതിയെ പരോക്ഷമായി വിമർശിച്ച ആർഎസ്എസ് രംഗത്തെത്തിയിരുന്നു. കേന്ദ്രം ഉടൻ ഓർഡിനൻസ് ഇറക്കിയേക്കുമെന്ന സൂചനയും നൽകിയതിനു പിന്നാലെയാണ് ഉമാഭാരതി അടക്കമുള്ള കേന്ദ്രമന്ത്രിമാരുടെ പ്രസ്താവന.

അതേസമയം, ക്ഷേത്ര നിർമാണത്തിനു ബാബ്റി മസ്ജിദ് തകർക്കപ്പെട്ട ഡിസംബർ ആറ് എന്ന തീയതി തിരഞ്ഞെടുക്കണമെന്ന് വിഎച്ച്പി നേതാവ് സാധ്വി പ്രാചി ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ ഹിന്ദുക്കളെല്ലാം അന്നത്തെ ദിവസം അയോധ്യയിലെത്തണമെന്നുമായിരുന്നു അവരുടെ ആവശ്യം.

related stories