Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഹൂർത്ത വ്യാപാരത്തിന് ഒരുങ്ങാം, കരുതലോടെ – ഒാഹരി വിദഗ്ധന്റെ നിരീക്ഷണങ്ങൾ

Sensex and Nifty

കൊച്ചി∙ ഒരു സംവത് കൂടി കടന്നു പോകുന്നു, പുതു സംവതിന് തുടക്കമാകുന്നു. പുതു സംവതിലെ മുഹൂർത്ത വ്യാപാരത്തിനായി ഒരുങ്ങുമ്പോൾ അനുകൂലമായ സാഹചര്യങ്ങളിൽ ഉയരങ്ങളിലേക്ക് പറന്ന ഓഹരി വിപണിയല്ല നിലവിൽ ഉള്ളത്. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ നിൽക്കുന്ന രൂപയും ഉയരുന്ന എണ്ണ വിലയും വ്യാപാരക്കമ്മിയും എല്ലാം ഇന്ത്യൻ ഓഹരി വിപണിയെ വട്ടം കറക്കുന്നതാണ് പ്രകടമായ കാഴ്ചകൾ. ചാഞ്ചാടുന്ന വിപണിയെ മനസിലാക്ക‌ാനും അപഗ്രഥിക്കാനും അതിനനുസരിച്ചു പോർട്ഫോളിയോ ഘടനയിൽ മാറ്റം വരുത്താനും കഴിഞ്ഞാൽ മാത്രമേ ഈ ഘട്ടത്തിൽ നിക്ഷേപകന് പിടിച്ചു നിൽക്കാൻ സാധിക്കൂ. ജിയോജിത് ഫിനാൻഷ്യൽ സർവിസസ്, റിസർച്ച് ഹെഡ് വിനോദ് വി. നായരുടെ നിരീക്ഷണങ്ങളിലൂടെ.

∙ പുതിയ സംവത്, കാത്തിരിക്കുന്നത് ഭീഷണികൾ

രാജ്യാന്തര, ആഭ്യന്തര വിപണികളിൽ മാന്ദ്യത്തിന്റെ അലയൊലികളാണ് കണ്ട് തുടങ്ങിയിരിക്കുന്നത്. സൂചനകൾക്കനുസരിച്ചായിരിക്കണം വിപണിയോടുള്ള സമീപനവും രൂപപ്പെട്ടു വരേണ്ടത്. അതേ സമയം തന്നെ രാജ്യാന്തര വിപണിയിലെ വരുമാന വർധനയും രൂപയുടെ ചാഞ്ചാട്ടവും വിപണിയെ വരും വർഷത്തിൽ വല്ലാതെ പരീക്ഷിച്ചേക്കും. പലിശ നിരക്കുകൾ എത്ര കണ്ട് വർധിപ്പിക്കപ്പെടും എന്നതിൽ ഒരു ധാരണയുമില്ല. വിദേശ ഫണ്ടുകൾ വികസ്വര വിപണികളിൽനിന്നു പിന്മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും അവർ വിൽപന തുടരുകയാണ്. ഈ പശ്ചാത്തലത്തിൽ ആഭ്യന്തര നിക്ഷേപങ്ങൾ കുറയാനുള്ള സാധ്യതകളാണ് കാണുന്നത്.

∙ അടുത്ത സംവതിൽ പ്രതീക്ഷിക്കാവുന്ന ഓഹരികൾ

പ്രവർത്തനത്തിൽ ഉറപ്പും സ്ഥിരതയും ഉള്ള ഓഹരികൾക്ക് മാത്രമേ ഇനി വിപണിയിൽ മികച്ച പ്രകടനം നടത്താൻ സാധിക്കൂ എന്നതിൽ തർക്കമില്ല. ഐടിയും എഫ്എംസിജിയും ഉപഭോക്തൃ ഉത്പന്ന നിർമാണ മേഖലയും ഫാർമ മേഖലയും അടുത്ത വർഷത്തിൽ ശോഭിക്കുമെന്ന് പ്രതീക്ഷിക്കാം. കയറ്റുമതിയുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാ ഓഹരികളും മികച്ച പ്രകടനം കാഴ്ചവയ്ക്കും എന്നാണ് പ്രതീക്ഷ. പ്രത്യേകിച്ച് കെമിക്കൽ, ഓട്ടോ അൻസിലറി രംഗങ്ങളിൽ നിന്നുള്ള ഓഹരികൾ. സാമ്പത്തിക സ്ഥിരത ഉറപ്പു നൽകാത്ത രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഓഹരികൾ വരും വർഷം വിപണിയിൽ പിന്തള്ളപ്പെടുമെന്നതിൽ തർക്കമില്ല. പ്രത്യേകിച്ച് ധനകാര്യ സ്ഥാപനങ്ങൾ, എൻബിഎഫ്സികൾ, ഇൻഫ്രാ ഓഹരികൾ തുടങ്ങിയവ. അതുകൊണ്ടു തന്നെ നിക്ഷേപിക്കുന്ന ഓഹരിയുടെ സ്ഥിരതയിലും പ്രവർത്തന മികവിലും നിക്ഷേപകന് കണ്ണുണ്ടായിരിക്കണം.

∙ പൊതു തെരഞ്ഞെടുപ്പു ഫലവും വിപണിയും

ഇന്നു വരെ നടന്ന ഒരു പൊതു തെരഞ്ഞെടുപ്പുകളും രാജ്യത്തിൻറെ തനതായ മൂല്യങ്ങളിൽ ദീർഘ കാലാടിസ്ഥാനത്തിൽ ഉള്ള മാറ്റങ്ങൾ ഒരിക്കലും വരുത്തിയിട്ടില്ല എന്നതാണ് വസ്തുത. എന്നാൽ ഭരണസ്ഥിരതയിൽ ഉണ്ടായേക്കാവുന്ന ഏറ്റക്കുറച്ചിലുകളെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾ ചെറിയൊരു കാലയളവിലേക്ക് വിപണിയെ ബാധിച്ചേക്കാം . ഇത്തവണ പൊതു തെരെഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളും അവയുടെ വിധി നിർണയവും ഓഹരി വിപണിയെ കൂടുതലായി ബാധിച്ചേക്കാം എന്നാണ് വിലയിരുത്തൽ. ഇത് വിപണിയിൽ കൂടുതൽ ദീർഘകാല അവസരങ്ങൾ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ.

∙ കഴിഞ്ഞ സംവതിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചവർ

കെമിക്കൽ, ഐടി , ഓട്ടോ ആൻസിലറി എന്നീ സെക്ടറുകളിലെ ഓഹരികളാണ് ജിയോജിത് പോർട്ടഫോളിയോകൾക്കു കരുത്തു പകർന്നത്. എന്നാൽ ആഗോള വിപണിയിലെ ''റിസ്ക് ഓഫ്'' ട്രെൻഡും, ആഭ്യന്തര സാമ്പത്തിക പ്രതിസന്ധികളും ഫിനാൻസ്, ഓട്ടോ, ഇൻഫ്രാ സെക്ടറുകളെ പ്രതീക്ഷിച്ച നിലവാരത്തിലെത്തിച്ചില്ല. ഇത് തിരിച്ചടിയായി എന്നു തന്നെയാണ് വിലയിരുത്തൽ.

∙ നിക്ഷേപകർക്കുള്ള പാഠം

കഴിഞ്ഞ സംവത് തുടങ്ങുമ്പോൾ ഇന്ത്യൻ ഓഹരിവിപണിയിലെ സാഹചര്യങ്ങളും ചിന്തകളും വളരെ പോസിറ്റിവ് ആയിരുന്നു. അതിനനുക്രമമായി പോർട്ഫോളിയോകൾ രൂപം കൊണ്ടു. എന്നാൽ കാര്യങ്ങൾ മാറിമറിഞ്ഞപ്പോൾ പുതിയ സാഹചര്യങ്ങളെ ശരിയായിത്തന്നെ അപഗ്രഥിക്കാനും, അപകടങ്ങൾ മുൻകൂട്ടിക്കണ്ട് പോർട്ടഫോളിയോകളുടെ ഘടനയിൽ മാറ്റങ്ങൾ കൊണ്ടുവരാനും സാധിച്ചിട്ടുണ്ട്. ഇൻഫ്രാ‌, ഫിനാൻസ് സെക്ടറുകളിൽ നിന്നു ശരിയായ സമയത്തു ലാഭമെടുത്തു മാറി. അതിനാൽ ശരിയായ പഠനം നടത്തി കാര്യങ്ങൾ അപഗ്രഥിച്ചു പോർട്ഫോളിയോകളുടെ ഘടനയിൽ മാറ്റം വരുത്തി മുന്നോട്ട് പോകുക എന്നതാണ് ഈ ''സംവത് ''ലെ ഏറ്റവും വലിയ പാഠം.

∙ പുതിയ സംവതിലെ ആസ്തി വിഭജനം

ആസ്തി വിഭജനത്തെക്കുറിച്ചു വിപണിക്കുള്ള ഒരു പരമ്പരാഗത ചിന്തയനുസരിച്ചു ഒരു ശരാശരി നിക്ഷേപകന്റെ 60% കൂടുതൽ നിക്ഷേപം ഓഹരി വിപണിയിൽ പാടില്ല ( മ്യൂച്വൽ ഫണ്ട് അടക്കം). ബാക്കി വരുന്ന തുക കടപ്പത്രങ്ങൾ, സ്വർണം, എന്നിവയിൽ നിക്ഷേപകന്റെ പ്രായം, ഭാവിയിൽ ഉണ്ടാകാവുന്ന ആവശ്യങ്ങൾ മറ്റു അഭിരുചികൾ എന്നിവ മുൻനിർത്തി നടത്തേണ്ടതാണ്.

∙ കാത്തിരിക്കുന്നത് രൂപയ്ക്ക് മൂല്യശോഷണത്തിന്റെ വർഷം

എണ്ണ വില ഒക്ടോബറിൽ ബാരലിന് 86 ഡോളർ എന്ന നിലയിലെത്തിയ ശേഷം ബാരലിന് 76 ഡോളർ എന്ന നിലയിലേക്ക് താഴ്ന്നതിന്റെ കാരണം സൗദി അറേബ്യയും യുഎസും റഷ്യയും ഉത്പാദനം കൂട്ടിയതാണ്. ചൈന - യുഎസ് വ്യാപാര യുദ്ധവും കുറയുന്ന ആഗോള സാമ്പത്തിക വളർച്ചാ നിരക്കും എണ്ണ വില കുറയുന്നതിന് കാരണമായേക്കാം. ഈ ചെറിയൊരു കാലയളവിലേക്ക് എണ്ണ വില ബാരലിന് 80 ഡോളർ 75 ഡോളർ നിരക്കിൽ തന്നെ നിന്നേക്കാം. എന്നാൽ പതിയെ അത് ബാരലിന് 70 ഡോളർ എന്ന നിലയിലേക്ക് ഇറങ്ങി വരുമെന്നാണ് പ്രതീക്ഷ. എണ്ണ വില വർദ്ധന, പൊതു വരുമാനം സംബന്ധിച്ച പ്രശ്നങ്ങൾ, കുറഞ്ഞ പണ ലഭ്യത എന്നിവ മൂലം കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ 12% ത്തോളം ശോഷണം സംഭവിച്ചിട്ടുണ്ട്. ഡോളറിനോടുള്ള വിധേയത്വം ഒഴിവാക്കുകയും എണ്ണയിൽ സ്വയം പര്യാപ്തമാകുന്നതിനുള്ള മറ്റു മാർഗങ്ങൾ തേടുകയും ചെയ്തില്ല എങ്കിൽ ദീർഘകാലാടിസ്ഥാനത്തിൽ രൂപയുടെ മൂല്യശോഷണം വളരെ വലുതായിരിക്കും.

∙ ദീപാവലി സർപ്രൈസസ്

യൂഎസും ചൈനയും തമ്മിൽ ഉടലെടുത്ത വ്യാപാരയുദ്ധം ഒഴിവാക്കുന്നതിന് എടുത്ത തീരുമാനം ആഗോള സാമ്പത്തിക മേഖലയിൽ ഉണ്ടായേക്കാമായിരുന്ന ''സ്ലോ ഡൗൺ'' ഇല്ലാതാക്കും. ഫെഡ്, ഇസിബി തുടങ്ങിയ സെൻട്രൽ ബാങ്ക് റിസർവുകൾ അവരുടെ റിസർവുകളിൽ വരുത്തുന്ന കുറവുകൾ ആഗോള സാമ്പത്തിക രംഗത്തിനു പുത്തനുണർവ് നല്കാൻ പര്യാപ്തമാണ്. എൻപിഎ കുറയ്ക്കാനും പണലഭ്യത കൂട്ടാനും ഉള്ള പുതു നടപടികൾ ആഭ്യന്തര വിപണിയിൽ കൂടുതൽ ആത്മവിശ്വാസം പകരും എന്നതിൽ തർക്കമില്ല. കൂടുതൽ ശ്രദ്ധിക്കേണ്ട, പുതിയ മാറ്റങ്ങളുടെയും അവസരങ്ങളുടെയും കാലഘട്ടമായിരിക്കും ഈ സംവത് എന്നതിൽ തർക്കമില്ല.