Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിൽ നടപ്പായതു ബിജെപിയുടെ രാഷ്ട്രീയ തന്ത്രം: മുഖ്യമന്ത്രി പിണറായി

pinarayi-vijayan-kannur-ldf-rally ശബരിമല വിഷയത്തിൽ എൽഡിഎഫ് കണ്ണൂരിൽ സംഘടിപ്പിച്ച വിശദീകരണ യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: എം.ടി.വിധുരാജ്

കണ്ണൂർ∙ ശബരിമല യുവതീപ്രവേശ വിഷയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിളളയുടെ അജന്‍ഡ മറയില്ലാതെ പുറത്തായെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ ഒരു വിശ്വാസിയുടെയും ഇടപെടല്‍ ഉണ്ടായിട്ടില്ല. നടപ്പിലായതു ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണ്. ബിജെപിക്കൊപ്പം ഇറങ്ങിയ എത്ര അണികളെ തിരികെ കൊണ്ടുവരാന്‍ കോണ്‍ഗ്രസിനാകുമെന്നും കണ്ണൂരിൽ എൽഡിഎഫ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി ചോദിച്ചു.

ശബരിമല നന്നാക്കാനുള്ള പുറപ്പാടല്ല ബിജെപിയും സംഘപരിവാറും നടത്തുന്നത്. പവിത്രമായ ശബരിമല സന്നിധാനം ഉൾപ്പെടെ കളങ്കപ്പെടുത്താൻ പുറപ്പെട്ടവരുമായി ശബരിമല തന്ത്രി ഗൂഢാലോചന നടത്തി. അതീവ ഗുരുതരമായ കാര്യമാണിത്. തന്ത്രിക്കു നിയമോപദേശം വേണമെങ്കില്‍ അറ്റോണി ജനറലിനോടാണു ചോദിക്കേണ്ടത്. സുപ്രീംകോടതി വിധി അനുസരിക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. അങ്ങനെ വേണ്ടെന്നു ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആരും പറയില്ല. സുപ്രീംകോടതിയെ സമീപിച്ചത് ആർഎസ്എസിന്റെ ഭാഗമായിട്ടുള്ള ആളുകളാണ്. ശബരിമലയുടെ ഒരു കാശും സർക്കാർ ഖജനാവിലേക്കു പോകുന്നില്ല. പണം തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്കാണ് എത്തുന്നത്.

മലയാളമാസം 1 മുതൽ 5 ദിവസം ശബരിമലയിൽ നടന്നതു വിശ്വാസികളുടെ സമരമല്ല. ബിജെപി അവരുടെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ആസൂത്രണം ചെയ്തു നടപ്പാക്കിയ സമരമാണെന്നു ശ്രീധരൻപിള്ളയുടെ പ്രസംഗത്തോടെ വ്യക്തമായി. തന്ത്രി സമൂഹത്തിന് ഇന്നു കൂടുതൽ വിശ്വാസം ബിജെപിയെയും അതിന്റെ അധ്യക്ഷനുമാണെന്നു ശ്രീധരൻ പിള്ള പറയുന്നു. വളരെ വിചിത്രമായ വെളിപ്പെടുത്തലാണിത്. ശബരിമലയെപ്പോലുള്ള ആരാധനാലയത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനത്തിരിക്കുന്ന ഒരാൾക്ക്, ഇപ്പോൾ ഉണ്ടായിരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും നേതൃത്വം കൊടുത്ത വിഭാഗത്തിന്റെ തലവനുമായാണ് ഏറ്റവും അധികം ബന്ധം എന്നു പറഞ്ഞാൽ എന്താണ് അതിന്റെ അർഥം?

സർക്കാർ ക്ഷണിച്ച ചർച്ചയ്ക്കു തന്ത്രിയും പന്തളം രാജകുടുംബാംഗവും വരാതിരുന്നത് എന്താണെന്ന് ഇപ്പോഴാണു വ്യക്തമായത്. ബിജെപി അജൻഡ നടപ്പാക്കുമ്പോൾ അതിന് ഒപ്പം നിൽക്കാൻ ബാധ്യതപ്പെട്ടവരാണു തന്ത്രിയും പന്തളം രാജകുടുംബങ്ങളും എന്ന നിലയിലേക്ക് അവർ എത്തിയിരിക്കുന്നു. ഈ നിലയിൽ മുന്നോട്ടു പോകാനാണോ ഭാവമെന്നു തന്ത്രി വ്യക്തമാക്കണം.

ബിജെപിയും സംഘപരിവാറും നടത്തിയ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് അണികളെ വിട്ടുകൊടുത്തിരിക്കുകയാണ്. കേരളത്തില്‍ അവേശേഷിക്കുക ഇടതുപക്ഷവും ബിജെപിയുമാകുമെന്നാണു ശ്രീധരന്‍ പിള്ളയും സംഘപരിവാറും പറയുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടെന്താണ്? കേരളത്തിലെ കോൺഗ്രസ് നേതാക്കള്‍ ബിജെപിക്കൊപ്പം പ്രവര്‍ത്തിക്കുകയാണ്. ഇക്കാര്യത്തില്‍ മുല്ലപ്പള്ളിയും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഒറ്റക്കെട്ടാണെന്നും പിണറായി ആരോപിച്ചു.