Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രസംഗത്തിൽ പറഞ്ഞതൊന്നും രഹസ്യമല്ല; വിവാദങ്ങള്‍ അവഗണിക്കുന്നു: ശ്രീധരൻപിള്ള

PS Sreedharan Pillai പി.എസ്.ശ്രീധരൻ പിള്ള

തിരുവനന്തപുരം∙ യുവമോര്‍ച്ച യോഗത്തില്‍ പറഞ്ഞ കാര്യങ്ങളൊന്നും രഹസ്യമല്ലെന്നും, സമൂഹ മാധ്യമങ്ങളില്‍ അക്കാര്യം ലൈവായി കാണിച്ചതാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള. ശബരിമലയില്‍ ഭരണകൂടം നടത്തുന്ന ക്രൂരതകളില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് മാധ്യമങ്ങളില്‍ തന്റെ പ്രസംഗം കാണിക്കുന്നത്. ദുരുദ്ദേശ്യപരമായ നിലപാടാണിത്. ശബരിമലയിലെ സമരത്തെ പിന്തുണയ്ക്കണമെന്നുള്ളതു ബിജെപിയുടെ രാഷ്ട്രീയ തീരുമാനമാണ്. അക്കാര്യം യുവമോര്‍ച്ച യോഗത്തില്‍ പറയാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റിന് അധികാരമുണ്ട്. ഇപ്പോഴുണ്ടായ വിവാദങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുന്നു. സിപിഎം ഫ്രാക്‌ഷനിലുള്ള ചില ആളുകളാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍ക്ക് പിന്നിലെന്നും, ഫ്രാക്‌ഷന്‍ പിന്‍വലിക്കാന്‍ സിപിഎം തയാറാകണമെന്നും ശ്രീധരന്‍പിള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു.

യുവമോര്‍ച്ച യോഗത്തില്‍ പരസ്യമായി പറഞ്ഞത് എന്തോ രഹസ്യം പുറത്തുവിട്ടതുപോലെയാണു മാധ്യമങ്ങള്‍ കാണിക്കുന്നത്. യോഗത്തില്‍ പരസ്യമായാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ജനസേവനമാണ് ഒരു പാര്‍ട്ടിയുടെ ലക്ഷ്യം. അങ്ങനെ സേവിക്കാന്‍ കിട്ടുന്ന അവസരമാണു രാഷ്ട്രീയ പ്രതിബദ്ധത. അതിനുള്ള സുവര്‍ണ അവസരമായി ശബരിമല വിഷയത്തെ കാണുന്നു എന്നാണു പാര്‍ട്ടി യോഗത്തില്‍ പറഞ്ഞത്. വിശ്വാസികള്‍ക്കു സേവനം നല്‍കുകയാണു ബിജെപി ചെയ്യുന്നത്. വിശ്വാസികളെ പാതിവഴിയില്‍ കുത്തിയ കോണ്‍ഗ്രസിനും ക്രൂരമായി എതിര്‍ക്കുന്ന സിപിഎമ്മിനും ഇടയില്‍ വിശ്വാസികളോടൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണു ബിജെപി. ജനസേവനത്തിനുള്ള സുവര്‍ണാവസരം എന്നാണു യോഗത്തില്‍ പറഞ്ഞത്. അതില്‍ അപാകതയില്ല.

തന്ത്രി നിയമോപദേശം തേടിയതിനെക്കുറിച്ചും അദ്ദേഹം പത്രസമ്മേളനത്തില്‍ വിശദീകരിച്ചു. വക്കീലെന്ന നിലയില്‍ തന്റെ നിയമോപദേശം എല്ലാ പാര്‍ട്ടിക്കാരും സ്വീകരിക്കാറുണ്ടെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. ഒരാള്‍ വിളിച്ചാല്‍ നിയമപരമായ അഭിപ്രായം പറയാന്‍ പാടില്ലേ? സിപിഎമ്മും തന്റെ നിയമോപദേശം സ്വീകരിച്ചിട്ടുണ്ട്. തന്റെ നിയമസേവനം ഉപയോഗിക്കാത്ത പാര്‍ട്ടിക്കാരില്ല. ബിജെപി നേതാവായിരിക്കെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്. ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസില്‍ തനിക്കു വക്കാലത്തുമായി സിപിഎമ്മുകാര്‍ വന്നിട്ടുണ്ട്. കെ.എം. മാണിക്കെതിരായി നിയമസഭയില്‍ പ്രതിഷേധം ഉണ്ടായപ്പോള്‍ സിപിഎമ്മിനു സ്വകാര്യ അന്യായം കൊടുക്കാനും തന്നോടാണു നിയമോപദേശം തേടിയത്. സിപിഎം സെക്രട്ടേറിയറ്റ് അംഗമാണ് അന്നു സമീപിച്ചത്. മണിപ്പൂരില്‍ മുന്‍പുണ്ടായ കേസില്‍ കോടതി നിര്‍ദേശമുണ്ടെന്നും കേസിനു പോകാന്‍ സ്പീക്കറുടെ അനുമതി വേണ്ടെന്നും താനാണ് അവരോടു പറഞ്ഞത്. രാഷ്ട്രീയം നോക്കിയല്ല അന്നു നിയമോപദേശം നല്‍കിയത്.

തന്ത്രി പലരോടും നിയമോപദേശം േതടിയിട്ടുണ്ടാകും. വക്കീലും കക്ഷിയുമായി നടത്തിയ സംസാരത്തിന്റെ വിശദാശങ്ങള്‍ പുറത്തുപറയാന്‍ കഴിയില്ല. തന്ത്രിയുമായുള്ള സംസാരത്തില്‍ നിയമോപദേശം കടന്നു വരുന്നതു സ്വാഭാവികമാണ്. ബിജെപി പ്രസിഡന്റിനെ തന്ത്രി വിളിക്കുന്നത് അയോഗ്യയല്ല. ഒരു കാര്യത്തില്‍ തീരുമാനം എടുത്തതു കോടതി അലക്ഷ്യമാകുമെന്നു തോന്നിയാല്‍ അതില്‍ അഭിപ്രായം പറയാനുള്ള അധികാരം തനിക്ക് ഉണ്ട്. കോടതിയലക്ഷ്യം നിലനില്‍ക്കുന്നതിനാല്‍ അതിന്റെ വിശദാംശങ്ങളിലേക്കു പോകുന്നില്ല. ബിജെപി പ്രസിഡന്റിനെ വിളിച്ചിട്ടാണോ തന്ത്രി നട അടയ്ക്കുന്ന കാര്യം തീരുമാനിക്കുന്നത് എന്ന ചോദ്യത്തിന് അതൊക്കെ ദേവസ്വം ബോര്‍ഡിനോടു ചോദിക്കാനായിരുന്നു മറുപടി.

മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും ഏതൊക്കെ കാര്യത്തില്‍ ശബരിമലയില്‍ ഇടപെടാം എന്ന് എത്രയോ തവണ താന്‍ പറഞ്ഞതാണ് ഇന്നു ഹൈക്കോടതിയും പറഞ്ഞതെന്നു ശ്രീധരന്‍പിള്ള പറഞ്ഞു. രാക്ഷസ ഭരണകൂടത്തിനും അധികാരികള്‍ക്കുമേറ്റ മുഖത്തടിയാണത്. കോടതി ഉത്തരവിനെ മറയാക്കി വളഞ്ഞ വഴിയിലൂടെ ശബരിമലയില്‍ സിപിഎം അജണ്ട നടപ്പിലാക്കുന്നു എന്നതിന് അവരുടെ പാര്‍ട്ടി രേഖയാണു തെളിവ്. പാര്‍ട്ടി രേഖയില്‍ തെറ്റു തിരുത്തുന്നതിനുള്ള അഞ്ചു കാര്യങ്ങള്‍ പറയുന്നുണ്ട്. സിപിഎമ്മില്‍പ്പെട്ടവര്‍ വ്യക്തിപരമായി മതപരമായ ആചാരങ്ങള്‍ അനുവര്‍ത്തിക്കരുതെന്നും അതിനുവേണ്ടി ക്യാംപെയ്ന്‍ നടത്തണമെന്നും പാര്‍ട്ടി രേഖയില്‍ പറയുന്നുണ്ട്. ശബരിമല വിഷയത്തില്‍ ബിജെപി പറഞ്ഞതു ശരിയാണെന്നു സിപിഎം രേഖ തെളിയിക്കുന്നു. ഇതാണോ സിപിഎം നിലപാട്? ഈ നിലപാടില്‍ പാര്‍ട്ടി മാറ്റം വരുത്തിയോ? വിശ്വാസികളെ എന്തിനാണു സര്‍ക്കാര്‍ പ്രയാസപ്പെടുത്തുന്നതെന്നും ശ്രീധരന്‍പിള്ള ചോദിച്ചു.

പത്തനംതിട്ടയില്‍ വിവിധ പാര്‍ട്ടികളില്‍നിന്ന് 12 പേര്‍ ബിജെപിയില്‍ ചേര്‍ന്നതു സന്തോഷകരമായ കാര്യമാണെന്നു ശ്രീധരന്‍പിള്ള പറഞ്ഞു. കോണ്‍ഗ്രസ് സംസ്ഥാന നേതാവും എസ്എഫ്ഐ മുന്‍ ജില്ലാ നേതാവും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. പാലക്കാട് നഗരസഭയിലെ ബിജെപിയുടെ വിജയത്തോടെ പാര്‍ട്ടിയെ തോല്‍പ്പിക്കാനുള്ള ഗൂഢാലോചന തകര്‍ന്നതായും ശ്രീധരന്‍പിള്ള പറഞ്ഞു.